വാൽനക്ഷത്രമോ ഛിന്നഗ്രഹമോ, ഏതോ ഒരു ആകാശവസ്തു ഭൂമിയിൽ വന്നിടിച്ചതാണ് ആറരക്കോടി കൊല്ലങ്ങൾക്കുമുമ്പ് ദിനോസറുകളുടെ വംശം നശിക്കാനിടയാക്കിയതെന്ന് കരുതുന്നവരുണ്ട്. ഭാവിയിൽ ഇനിയും കൊലയാളി ഛിന്നഗ്രഹങ്ങൾ ഭൂമിയെ തേടിവന്നേക്കും. ഒപ്പം, കൂട്ടിയിടിയിൽ തിരിച്ചുപിടിക്കാനാവാത്ത നാശങ്ങളും. ശത്രുക്കളായ ഇത്തരം ഛിന്നഗ്രഹങ്ങളെ ഭൂമിയിലെത്തുംമുമ്പേ പ്രതിരോധിക്കാനുള്ള തന്ത്രം മെനയുകയാണ് ഡാർട്ട് ദൗത്യത്തിലൂടെ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഛിന്നഗ്രഹത്തെ ഇടിച്ചുതെറിപ്പിക്കുന്ന ഡാർട്ട് പദ്ധതി വിജയിച്ചാൽ ഭൂമിയെ സംരക്ഷിക്കാനുള്ള വലിയ മുന്നേറ്റമായിരിക്കുമത്.
ലക്ഷ്യം: ഡിമോർഫോസ് ഛിന്നഗ്രഹത്തെ ഇടിച്ചുതെറിപ്പിക്കൽ (ഡിഡിമോസ് എന്ന വലിയ ഛിന്നഗ്രഹത്തെ ഭ്രമണം ചെയ്യുന്ന ഡിമോർഫോസ് ഭൂമിയുടെ ശത്രു ഗ്രഹമല്ല. പരിശീലനാർഥം മാത്രമാണ് ഇത് തിരഞ്ഞെടുത്തത്)
ഡിമോർഫോസിന്റെ വലുപ്പം: 160 മീറ്റർ
ഒരുകൊല്ലത്തോളം സഞ്ചരിച്ചാണ് ഡാർട്ട്, ഛിന്നഗ്രഹത്തിന് അരികിലെത്തുക.
ദൗത്യം വിജയിച്ചാൽ: സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ സെക്കൻഡിൽ 6.6 കിലോമീറ്റർ വേഗത്തിൽ ഡാർട്ട് ഛിന്നഗ്രഹവുമായി കൂട്ടിയിടിച്ച് അതിന്റെ ഭ്രമണപഥത്തിൽ മാറ്റംവരുത്തും. ഇടിയുടെ ആഘാതത്തിൽ ഡിമോർഫോസിന്റെ ഭ്രമണപഥം ചുരുങ്ങും. ഡിഡിമോസിനെ 73 സെക്കൻഡ് അധികം വേഗത്തിൽ വലയംചെയ്യും. ഭൂമിയിൽനിന്ന് 1.1 കോടി കിലോമീറ്റർ അകലെയാകും കൂട്ടിയിടി. കൂട്ടിയിടിക്കുപിന്നാലെ പൊടിപടലം വ്യാപിക്കും
നിരീക്ഷിക്കാൻ ഉപഗ്രഹം: ഇടിയുടെ ദൃശ്യങ്ങൾ ഇറ്റാലിയൻ സ്പേസ് ഏജൻസിയുടെ ലിസിയക്യൂബ് ഉപഗ്രഹം പകർത്തി ഭൂമിയിലേക്കയക്കും. ഡാർട്ട് പേടകമാണ് ലിസിയ ബഹിരാകാശത്തെത്തിക്കുക. കൂട്ടിയിടിയുടെ പത്തുദിവസംമുമ്പേ ഉപഗ്രഹം പേടകവുമായി വേർപെട്ട് ചിത്രങ്ങൾ പകർത്താൻ തയ്യാറായി ഡിമോർഫോസിൽനിന്ന് 55 കിലോമീറ്റർ മാറി നിലകൊള്ളും. ഭൂമിയിൽനിന്ന് ടെലിസ്കോപ്പ് ഉപയോഗിച്ചും നിരീക്ഷിക്കും. 2026-ൽ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഹെറ മിഷൻ ഡിമോർഫോസിന് സമീപംചെന്ന് സഞ്ചാരപാതയുടെ വിശദമായ ചിത്രം പകർത്തി സ്ഥിതി വിലയിരുത്തും
സൗരോർജ പാനലുകൾ ഊർജം നൽകുന്ന ഡാർട്ടിന് ഒന്നര മീറ്റർ നീളവും 610 കിലോ ഭാരവുമുണ്ട്.
ഛിന്നഗ്രഹം എപ്പോഴെത്തും: അപകടമുണ്ടാക്കുന്ന തരത്തിൽ ഭൂമിയിൽ അടുത്തകാലത്തൊന്നും ഛിന്നഗ്രഹങ്ങൾ പതിക്കാനിടയില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ഛിന്നഗ്രഹങ്ങളേറെ: ചെറു ഛിന്നഗ്രഹങ്ങളും അതിന്റെ അവശിഷ്ടങ്ങളും നമ്മളറിയാതെ എപ്പോഴും ഭൂമിയിൽ പതിക്കുന്നുണ്ട്. അവയിലേറെയും അന്തരീക്ഷത്തിൽവെച്ചുതന്നെ കത്തിനശിക്കും. ചിലത് ഉൽക്കാശിലകളായി നിലത്തുവീഴും. ഇവയൊന്നും അപകടകാരികളല്ല. ഭൂമിയുടെ സഞ്ചാരപഥത്തിലെ 27,000 ഛിന്നഗ്രഹങ്ങളെയെങ്കിലും നാസ തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവിൽ ഇതൊന്നും ഭീഷണിയില്ല. എന്നാൽ, ഭാവിയിൽ പുതിയവ ജന്മമെടുക്കാനും ഭൂമിക്ക് ഭീഷണിയാവാനുമിടയുണ്ട്. അങ്ങനെയുണ്ടായാൽ ഭവിഷ്യത്ത് വളരെ വലുതായിരിക്കും.
അടുത്തിടെ ചില ഛിന്നഗ്രഹങ്ങൾ ഭൂമി തൊടുകയുണ്ടായി. 2013-ൽ റഷ്യയിലെ ചെലിയാബിൻസ്ക് നഗരത്തിനുമുകളിൽ ഛിന്നഗ്രഹം പതിച്ച് സ്ഫോടനമുണ്ടായിരുന്നു. ഒക്ടോബറിലാണ് ഫ്രിഡ്ജിന്റെ വലുപ്പമുള്ള ഒന്ന് ഭൂമിക്കരികിലൂടെ കടന്നുപോയത്.
Content Highlights: NASA launches DART to prevent asteroid attacking earth