സാങ്കേതിക വിദ്യാ വ്യവസായ ഭീമനായ ആപ്പിളിന്റെ ആദ്യ സെൽഫ് ഡ്രൈവിങ് കാർ 2025 ൽ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. കാർവിപണിയിലേക്ക് കടക്കാനുള്ള പ്രവർത്തനങ്ങൾ കമ്പനി ആരംഭിച്ചുകഴിഞ്ഞതായാണ് ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നത്.
രണ്ട് തരം സാധ്യതകളാണ് കമ്പനി സെൽഫ് ഡ്രൈവിങ് കാറുകൾക്ക് വേണ്ടി പരിഗണിക്കുന്നത്. ടെസ് ല കാറുകളിലും മറ്റും ഉള്ളത് പോലെ സ്റ്റിയറിങും ആക്സിലറേഷനുമുള്ള തരം. മറ്റൊന്ന് കാറിന് സമ്പൂർണമായി സ്വയം നിയന്ത്രണമുള്ള മോഡലാണ്. ഇതിന്റെ പ്രവർത്തനത്തിൽ മനുഷ്യരുടെ ഇടപെടൽ ഒട്ടും വേണ്ടിവരില്ല.
ഇതിൽ രണ്ടാമത്തേതിനാണ് കമ്പനിയിലെ എഞ്ചിനീയർമാർ കൂടുതൽ പരിഗണനൽകുന്നതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു. അതായത് മനുഷ്യ നിയന്ത്രണമില്ലാതെ പൂർണമായും സ്വയംനിയന്ത്രിതമായി പ്രവർത്തിക്കുന്ന കാർ. കമ്പനിയുമായി ബന്ധപ്പെട്ട ചിലരെ ഉദ്ധരിച്ചാണ് വാർത്ത നൽകിയിരിക്കുന്നത്.
കാറിന്റെ രൂപകൽപനയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും ബ്ലൂബെർഗ് റിപ്പോർട്ടിൽ പറയുന്നു. സ്റ്റിയറിങില്ലാത്ത കാറിനുള്ളിൽ ഡ ആകൃതിയിൽ ആളുകൾക്കിരിക്കാനാവും വിധം ഇരിപ്പിടം ക്രമീകരിക്കുന്നത് കമ്പനി പരിഗണിക്കുന്നുണ്ട്. ഐപാഡിന് സമാനമായ ഒരു ടച്ച് സ്ക്രീൻ ഇതിനുണ്ടാവും. ഇത് വാഹനത്തിന് നടുവിലായിരിക്കും. ആപ്പിളിന്റെ നിലവിലുള്ള ഉപകരണങ്ങളുമായി കാറിനെ ബന്ധിപ്പിക്കാനാവും. കാറിന് സ്റ്റിയറിങ് ഉണ്ടാവില്ലെങ്കിലും അടിയന്തിര ഘട്ടത്തിൽ നിയന്ത്രണമേറ്റെടുക്കാനുള്ള സംവിധാനം ഒരുക്കും. ആപ്പിൾ തന്നെ വികസിപ്പിച്ചെടുത്ത ചിപ്പ് ആയിരിക്കും കാറിൽ ഉപയോഗിക്കുക.
പ്രൊജക്ട് ടൈറ്റൻ എന്നാണ് ആപ്പിളിന്റെ കാർ നിർമാണ പദ്ധതിയ്ക്ക് പേര്. നിലവിൽ ടെസ്ല, ആൽഫബെറ്റിന്റെ വേമോ, ഉബർ പോലുള്ള കമ്പനികൾ ഈ രംഗത്തുണ്ട്. വർഷങ്ങളായി ഇവർ ഓട്ടോ ഡ്രൈവിങ് സാങ്കേതിക വിദ്യയ്ക്ക് വേണ്ടിയുള്ള ശ്രമത്തിലാണ്. എന്നിട്ടും ആ സാങ്കേതിക വിദ്യ പൂർണതയിലെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വാഹനനിർമാണ രംഗത്തേക്ക് ആദ്യമായി കടന്നുവരുന്ന ആപ്പിൾ സമ്പൂർണമായും മനുഷ്യനിയന്ത്രിതമല്ലാത്ത ഓട്ടോ ഡ്രൈവിങ് കാർ നാല് വർഷം കൊണ്ട് പുറത്തിറക്കാനുള്ള പദ്ധതിയുമായി നീങ്ങുന്നത്.
പ്രൊജക്ട് ടൈറ്റന് നേരത്തെ നേതൃത്വം നൽകിയിരുന്ന ഡഗ് ഫീൽഡ് ഫോർഡിലേക്ക് മാറിയതിന് ശേഷം ചുമതലയേറ്റ കെവിൻ ലിഞ്ച് ആണ് പുതിയ പദ്ധതികൾക്ക് നേതൃത്വം നൽകുന്നത്. നാല് വർഷത്തിനുള്ള ആദ്യ കാർ എന്ന സമയപരിധി നിശ്ചയിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഈ സാങ്കേതിക വിദ്യയിൽ കമ്പനി എത്രത്തോളം മുന്നേറിയിട്ടുണ്ട് എന്ന് വ്യക്തമല്ല.
2025 ൽ ഇത് പുറത്തിറക്കുമെന്നാണ് പറയപ്പെടുന്നത് എങ്കിലും. കാറിന് വേണ്ട സാങ്കേതിക വിദ്യ തയ്യാറാക്കുന്ന മുറയ്ക്കേ പദ്ധതി എന്ന് യാഥാർത്ഥ്യമാവൂ എന്ന് പറയാനൊക്കൂ.
ഓട്ടോണമസ് സാങ്കേതികവിദ്യയ്ക്കായി സോഫ്റ്റ് വെയർ എഞ്ചിനീയർമാരേയും ജോലിക്കെടുത്തുവരികയാണ്.
നേരത്തെ ആപ്പിൾ വാച്ചിന്റെ ചുമതലയുണ്ടായിരുന്നയാളാണ് കെവിൻ ലിഞ്ച്. സോഫ്റ്റ് വെയർ മാനേജരായ ഇദ്ദേഹത്തിന് കാർ നിർമാണത്തിൽ മുൻപരിചയമൊന്നുമില്ല. എന്നാൽ നേരത്തെ ടെസ് ലയിൽ ഉണ്ടായിരുന്ന മൈക്കൽ ഷെകുഷ്, സ്റ്റുവേർട്ട് ബോവേഴ്സ് എന്നിവർ സുപ്രധാന ചുമതലക്കാരായുണ്ട്. ബിഎംഡബ്ല്യൂവിന്റെ ഇലക്ട്രിക് കാറുകൾക്ക് വേണ്ടി മേൽനോട്ടം വഹിച്ച ഉൽറിച്ച് ക്രാൻസും ആപ്പിളിന്റെ പ്രൊജക്ട് ടൈറ്റന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.
Content Highlights: Apple Accelerates Work on Car Project planning for fully automatic car