റഷ്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തെ തുടർന്ന് ബഹിരാകാശ നിലയത്തിലെ ഗവേഷകർ അടിയന്തിര സുരക്ഷാ പേടത്തിൽ അഭയം തേടി. ബഹിരാകാശ നിലയവുമായി ബന്ധിപ്പിച്ചിരുന്ന സ്പേസ് എക്സ് ക്രൂ ഡ്രാഗൺ, റഷ്യയുടെ സോയൂസ് പേടകം എന്നിവിയിലേക്കാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഗവേഷകർ മാറിയത്.
1982 ൽ റഷ്യ വിക്ഷേപിച്ച കോസ്മോസ് 1408 എന്ന പ്രവർത്തനം നിലച്ച നിരീക്ഷണ ഉപഗ്രഹമാണ് മിസൈൽ ഉപയോഗിച്ച് തകർത്തത്.
മിസൈൽ പരീക്ഷണത്തിലൂടെ ബഹിരാകാശത്ത് സൃഷ്ടിക്കപ്പെട്ട അവശിഷ്ടങ്ങൾ ബഹിരാകാശ നിലയത്തിന് ഭീഷണിയാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഗവേഷകർ മുൻകരുതൽ സ്വീകരിച്ചത്.
റഷ്യയുടെ മിസൈൽ പരീക്ഷണത്തെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട് മെന്റ് അപലപിച്ചു.
പരീക്ഷണത്തിന്റെ ഫലമായി 1500 പുതിയ അവശിഷ്ടങ്ങൾ ഭ്രമണ പഥത്തിൽ സൃഷ്ടിക്കപ്പെട്ടതയാണ് കണക്ക്. ഇത് ബഹിരാകാശ ഗവേഷകർക്ക് കൂടുതൽ ഭീഷണിയാവും.
റഷ്യയുടെ നിരുത്തരവാദപരവും അസ്ഥിരപ്പെടുത്തുന്നതുമായ നടപടിയിൽ അസ്വസ്ഥനാണെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസണും പ്രതികരിച്ചു.
അമേരിക്കൻ ബഹിരാകാശ ഗവേഷകരെ മാത്രമല്ല ബഹിരാകാശ നിലയത്തിലുള്ള റഷ്യൻ ഗവേഷകരെ കൂടി ഭീഷണിയിലാക്കുകയാണ് റഷ്യ ചെയ്തത്. ഇത് അശ്രദ്ധവും അപകടകരവുമായ നീക്കമായെന്നും ചൈനീസ് സ്പേസ് സ്റ്റേഷനും അവരുടെ ബഹിരാകാശ സഞ്ചാരികൾക്കും ഭീഷണിയാണെന്നും ബിൽ നെൽസൺ പറഞ്ഞു.
2007 ൽ ചൈനീസ് ആയുധ പരീക്ഷണങ്ങളുടെ ഫലമായി സൃഷ്ടിക്കപ്പെട്ട അവശിഷ്ടങ്ങൾക്ക് സമാനമാണ് ഇപ്പോഴുണ്ടായത്. ഇത് ഭ്രമണ പഥത്തിൽ ഏറെ നാൾ നിലനിൽക്കുകയും ചെയ്യും.
ബഹിരാകാശ അവശിഷ്ടങ്ങൾ ഏതെങ്കിലും വിധത്തിൽ നിലയത്തിന് അപകടമുണ്ടാക്കിയാൽ ഉടനടി അവിടെ നിന്ന് വേർപെട്ട് തിരിച്ചിറങ്ങുന്നതിനാണ് ഗവേഷകർ അവർ വന്ന പേടകങ്ങളിലേക്ക് മാറിയത്.
നിലവിൽ ഗവേഷകർ പ്രധാന സ്റ്റേഷനിലേക്ക് മടങ്ങിയിട്ടുണ്ട്. എന്നാൽ സ്ഫോടനത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട അവശിഷ്ടങ്ങളെ തുടർന്നും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കും. ഇതിന്റെ ഭാഗമായി ഗവേഷകരുടെ വിശ്രമ സമയങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
2019ൽ ഇന്ത്യ നടത്തിയ ഉപഗ്രഹ വേധ മിസൈൽ പരീക്ഷണത്തിനെതിരെയും അമേരിക്ക രംഗത്തുവന്നിരുന്നു. ഇന്ത്യ തകർത്ത ഉപഗ്രഹം 400 കഷ്ണങ്ങളായി ചിതറിത്തെറിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇന്ത്യ പരീക്ഷണം നടത്തിയത് സമുദ്രനിരപ്പിൽ നിന്ന് 180 മൈൽ(300 കി മി)ഉയരത്തിലാണെന്നും അതിനാൽ ഉപഗ്രഹങ്ങളുടേയോ ബഹിരാകാശവാഹനങ്ങളുടേയോ സഞ്ചാരപഥത്തിലെത്താനുള്ള സാധ്യത വളരെ കുറവാണെന്നും ബഹിരാകാശത്ത് നിന്ന് 45 ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകുമെന്നുമായിരുന്നു അന്ന് ഡിആർഡിഓയുടെ പ്രതികരണം.
Content Highlights: Russian anti Missile test, International Space Center, NASA