ഇന്ത്യയിലടക്കം വലിയ സ്വീകാര്യത നേടിയ വെബ് സീരീസ് ആണ് സ്ക്വിഡ് ഗെയിം. ഈ വെബ്സീരീസിനെ ആധാരമാക്കി ഒരു മൊബൈൽ ഗെയിം ഒരുക്കിയിരിക്കുകയാണ് ഇന്ത്യൻ ഗെയിമിങ് കമ്പനിയായ സൂപ്പർ ഗെയിമിങ്. സില്ലി വേൾഡ് എന്ന ഗെയിമിലാണ് സ്ക്വിഡ് റോയേൽ എന്ന പേരിൽ ഒരു ഗെയിമിങ് മോഡ് അവതരിപ്പിച്ചത്. ഇതിനകം ഏഴ് ലക്ഷം പ്രീ രജിസ്ട്രേഷൻ ഇതിനായി ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മുൻകൂർ രജിസ്റ്റർ ചെയ്ത കളിക്കാർക്ക് റെഡ് ലൈറ്റ്, ഗ്രീൻ ലൈറ്റ് ലെവൽ നേരത്തെ ലഭിക്കും. ഈ ഗെയിമിങ് മോഡ് അൺലോക്ക് ചെയ്യണമെങ്കിൽ കളിക്കാർ ചിലകാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. സില്ലി വേൾഡിലെ പത്ത് ഗെയിമെങ്കിലും കളിച്ചിരിക്കണം, അഞ്ച് സുഹൃത്തുക്കളെ ചേർക്കണം, 1200 ഐക്യു സ്വന്തമാക്കണം, ഇൻസ്റ്റാഗ്രാമിൽ ഗെയിം ഷെയർ ചെയ്യണം.
സ്ക്വിഡ് റോയേൽ ലോബിയിൽ 12 കളിക്കാർക്കാണ് റെഡ് ലൈറ്റ്, ഗ്രീൻ ലൈറ്റ് ഗെയിം കൡക്കാൻ സാധിക്കുക. വെബ്സീരീസിലേത് പോലെ മുന്നിലുള്ള പാവയുടെ പിടിയിൽ അകപ്പെടാതെ ഫിനിഷ് ലൈൻ മറികടക്കണം. ഇതിൽ വിജയിക്കുന്നവർക്ക് വെബ് സീരീസിലെ പ്രധാന കഥാപാത്രങ്ങളായ ഫ്രണ്ട് മാൻ, ഓൾഡ് മാൻ, നാം എന്നീ കഥാപാത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾകൊണ്ടുള്ള സ്കിന്നുകൾ ലഭിക്കും.
ഒന്നിലധികം പേർക്ക് ഒരേ സമയം കളിക്കാൻ സാധിക്കുന്ന ഇന്ത്യൻ നിർമിത ഗെയിം ആണ് സില്ലി വേൾഡ്. ഒരു കോടിയിലേറെ പേർ ഇത് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ജയിൽ ബ്രേക്ക്, ഹൈഡ് ആന്റ് സീക്ക്, മർഡർ മിസ്റ്ററി തുടങ്ങിയ ഗെയിമിങ് മോഡുകളും ഇതിലുണ്ട്.
ആൻഡ്രോയിഡിലും, ഐഓഎസിലും ഇപ്പോൾ സ്ക്വിഡ് റൊയേൽ മോഡ് ലഭ്യമാണ്.
Content Highlights: Squid Game Mode, Silly World, Super Gaming, Squidgame Android, IOS