റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഒന്നാമത് റെഡ്സ്റ്റാർ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ സ്പീഡ് പ്രിന്റ് ലാന്റേൺ എഫ് സി ജേതാക്കളായി. കോവിഡ് മഹാമാരി കാരണം ഒന്നര വർഷത്തോളമായി മുടങ്ങിക്കിടന്ന മത്സരങ്ങൾ പുനരാരംഭിച്ചത് റിയാദിലെ ഫുട്ബോൾ പ്രേമികളെ ആവേശത്തിലാഴ്ത്തി. റിയാദിലെ ഇസ്കാൻ സ്റ്റേഡിയത്തിലാണ് ക്വാർട്ടർ, സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ നടന്നത്.
റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിൽ (RIFA) രജിസ്റ്റർ ചെയ്ത പ്രമുഖരായ 16 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. വാസുവേട്ടൻ മെമ്മോറിയൽ വിന്നേഴ്സ് പ്രൈസ് മണിക്കും, കുഫി ബ്രോസ്റ്റഡ് റണ്ണേഴ്സ് പ്രൈസ് മണിക്കും, സഫാമക്ക വിന്നേഴ്സ്, റണ്ണേഴ്സ് കപ്പിനും വേണ്ടിയുള്ള ആവേശകരമായ ഫൈനൽ മത്സരത്തിൽ സ്പീഡ് പ്രിന്റ് ലാന്റേൺ എഫ് സി അറേബ്യൻ ചലഞ്ചേഴ്സ് എഫ് സിയെ ഒരുഗോളിന് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. ഫൈനലിലെ മികച്ച കളിക്കാരനായി ലാലു (ലാന്റേൺ എഫ് സി), ടൂർണ്ണമെന്റിലെ മികച്ച കളിക്കാരൻ മുബാറക്ക് (ലാന്റേൺ എഫ് സി), മികച്ച ഗോളി നിസാർ (അറേബ്യൻ ചലഞ്ചേഴ്സ് എഫ് സി), മികച്ച ഡിഫന്റർ വഹാബുദ്ദീൻ (അറേബ്യൻ ചലഞ്ചേഴ്സ് എഫ് സി), ടോപ് സ്കോറർ ജോബി (അൽ സാദി ട്രേഡിംഗ് ബ്ലാസ്റ്റേഴ്സ് എഫ് സി വാഴക്കാട്) എന്നിവരെ തിരഞ്ഞെടുത്തു.
സമാപന ചടങ്ങിൽ കേളി കലാസാംസ്കാരിക വേദിയുടെ പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് അധ്യക്ഷനായി. കേളി വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കുട്ടായി, കേളി ആക്ടിംഗ് സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ, ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർ പ്രസാദ് വഞ്ചിപ്പുര, സതീഷ് കുമാർ, ഷക്കീൽ, ജോസഫ് ഷാജി, ഗോപിനാഥൻ വേങ്ങര, ഷമീർ കുന്നുമ്മൽ, രാജേഷ് ചാലിയാർ എന്നിവർ സംസാരിച്ചു. കേളി ആക്ടിംഗ് സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ ജേതാക്കൾക്കുള്ള മെഡലുകളും, പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് റണ്ണേർസിനുള്ള മെഡലുകളും സമ്മാനിച്ചു. വിജയികൾക്കുള്ള വാസുവേട്ടൻ മെമ്മോറിയൽ വിന്നേഴ്സ് പ്രൈസ് മണി സ്പോൺസർ പ്രസാദ് വഞ്ചിപ്പുരയും, കുഫി ബ്രോസ്റ്റഡ് സ്പോൺസർ ചെയ്ത റണ്ണേഴ്സ് പ്രൈസ് മണി കേളി വൈസ് പ്രസിഡന്റ് പ്രഭാകരൻ കണ്ടോന്താറും സമ്മാനിച്ചു. സഫാമക്ക പോളിക്ലിനിക് സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫി കേളി രക്ഷാധികാരി കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി സതീഷ് കുമാറും, റണ്ണേഴ്സ് ട്രോഫി കേളി വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കൂട്ടായിയും സമ്മാനിച്ചു. സഫാമക്ക പോളി ക്ലിനിക്കാണ് ആവശ്യമായ മെഡിക്കൽ ആംബുലൻസ് സൗകര്യങ്ങൾ ഒരുക്കിയത്.