വ്യാജ പ്രൊഫൈലുകളും അക്കൗണ്ടുകളും സോഷ്യൽ മീഡിയ സേവനങ്ങൾ എല്ലാ കാലവും നേരിടുന്ന വലിയൊരു പ്രശ്നമാണ്. ഈ പ്രശ്നം നേരിടാൻ അക്കൗണ്ട് ഉടമകൾ യഥാർത്ഥമാണോ എന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ഇൻസ്റ്റാഗ്രാം. ഇതിന്റെ ഭാഗമായി ഇൻസ്റ്റാഗ്രാം ഉപഭോക്താക്കൾ ഒരു സെൽഫി വീഡിയോ എടുത്ത് ഇൻസ്റ്റാഗ്രാമിന് നൽകണം. സോഷ്യൽ മീഡിയാ കൺസൾട്ടന്റ് ആയ മാറ്റ് നവാരയാണ് ഇൻസ്റ്റാഗ്രാമിന്റെ ഈ നീക്കം പുറത്തുവിട്ടത്.
വെരിഫിക്കേഷൻ പ്രക്രിയയുടെ സ്ക്രീൻ ഷോട്ടുകൾ ഇദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. വെരിഫിക്കേഷൻ ആവശ്യപ്പെട്ട് ഇൻസ്റ്റാഗ്രാം ഒരു പോപ്പ് അപ്പ് സന്ദേശം നൽകും. അതിൽ നെക്സ്റ്റ് ക്ലിക്ക് ചെയ്താൽ സെൽഫി ക്യാമറ ഓൺ ആവും. മുഖം എല്ലാ വശങ്ങളിലേക്കും തിരിച്ച് വീഡിയോ പകർത്താൻ ആവശ്യപ്പെടും.
ഈ വീഡിയോ അപ് ലോഡ് ചെയ്താൽ ഇൻസ്റ്റാഗ്രാം അൽഗൊരിതം ആ ഉപഭോക്താവ് യഥാർത്ഥമാണോ എന്ന് കണ്ടെത്തും. ഏറെ നാളുകളായി ഇൻസ്റ്റാഗ്രാം ഇങ്ങനെ ഒരു സൗകര്യം അവതരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഓഗസ്റ്റിൽ ഇത് അവതരിപ്പിച്ചിരുന്നുവെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം പിൻവലിക്കുകയായിരുന്നു.
Instagram is now using video selfies to confirm users identity
Meta promises not to collect biometric data.
&mdash Matt Navarra (@MattNavarra)
ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രദർശിപ്പിക്കില്ലെന്നും 30 ദിവസത്തിനുള്ളിൽ നീക്കം ചെയ്‌യുമെന്നും കമ്പനി വ്യക്തമാക്കി. നിലവിൽ പുതിയ ഉപഭോക്താക്കളോട് മാത്രമേ ഇൻസ്റ്റാഗ്രാം വെരിഫിക്കേഷന് വേണ്ടി ഫേസ് സ്കാൻ ആവശ്യപ്പെടുകയുള്ളൂ. നിലവിലുള്ള ഉപഭോക്താക്കളോട് ഫേസ് സ്കാൻ ഇപ്പോൾ ആവശ്യപ്പെടുന്നില്ലെങ്കിലും ഭാവിയിൽ ആവശ്യപ്പെടാൻ സാധ്യതയുണ്ട്.
ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം ഒഴിവാക്കുകയാണെന്ന് ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇൻസ്റ്റാഗ്രാം ഉപഭോക്താക്കളുടെ ഫേസ് സ്കാൻ ആവശ്യപ്പെടുന്നത്. 30 ദിവസത്തോളം ഇത് സെർവറിൽ സൂക്ഷിക്കുമെന്നും പറയുന്നു. ഈ സംവിധാനം ഏത് രീതിയിൽ സ്വീകരിക്കപ്പെടുമെന്ന് വ്യക്തമല്ല.
Content Highlights: Instagram asks users to take a video selfie for proving their identity