വാഷിങ്ടൺ: ഇന്ത്യയിലെ എംപരിവാഹൻ, ഡിജി ലോക്കർ ആപ്ലിക്കേഷനുകളെ പോലെ അമേരിക്കയിൽ തിരിച്ചറിയൽ രേഖകളും ഡ്രൈവിങ് ലൈസൻസുമെല്ലാം ഡിജിറ്റലായി സൂക്ഷിക്കാൻ സാധിക്കുന്ന ഒരു ഡിജിറ്റൽ വാലറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ് ആപ്പിൾ. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്.
ആപ്പിളിന്റെ ഡിജിറ്റൽ ഐഡി പ്രോഗ്രാമിന് വേണ്ട ചെലവുകൾ ഭാഗികമായി സംസ്ഥാന ഭരണകൂടങ്ങളും നികുതിദായകരായ ജനങ്ങളും വഹിക്കേണ്ടിവരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ പദ്ധതിയ്‍ക്ക് വേണ്ടി ജോർജിയ, അരിസോണ, ഒക്ലഹോമ, കെന്റക്കി തുടങ്ങിയ സംസ്ഥാനങ്ങൾ ആപ്പിളുമായി കരാറൊപ്പിട്ടിട്ടുണ്ട്.
സംസ്ഥാനങ്ങൾ ചെലവ് വഹിക്കുന്നുണ്ടെങ്കിലും ഈ ഡിജിറ്റൽ വാലറ്റ് ആപ്പിളിന്റെ സമ്പൂർണ നിയന്ത്രണത്തിലായിരിക്കും. അനുയോജ്യമായ ഉപകരണങ്ങൾ, സേവനം ആരംഭിക്കുന്ന തീയ്‌യതി, സംസ്ഥാനങ്ങളിലെ മാർക്കറ്റിങ് കാമ്പയിനുകൾ കൂടാതെ സംരംഭത്തിന്റെ പ്രകടനത്തെക്കുറിച്ച് സംസ്ഥാനങ്ങൾ എങ്ങനെ റിപ്പോർട്ടുചെയ്‌യുന്നു എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളിൽ ആപ്പിളിന് സ്വന്തമായ വിവേചനാധികാരം ലഭിക്കുന്നുണ്ടെന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്‌യുന്നു.
ഫണ്ടിങ്, പ്രൊജക്‍ട് മാനേജ്മെന്റ്, സ്റ്റാഫ് എന്നിവയ്‍ക്കായി സംസ്ഥാനങ്ങൾ മതിയായ വിഭവങ്ങൾ നീക്കി വെക്കണമെന്ന് കരാർ വ്യവസ്ഥയുണ്ട്. ഡിജിറ്റൽ ഐഡികൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടതിന്റേയും ഫെഡറൽ, സംസ്ഥാന ഭരണകൂട അംഗങ്ങൾക്കിടയിൽ പ്രചരിപ്പിക്കേണ്ടതിന്റെയും ചുമതല സംസ്ഥാനങ്ങൾക്കാണ്.
പരിപാടിയുടെ ഐഡന്റിറ്റി വെരിഫിക്കേഷന്റെ ഉത്തരവാദിത്വവും സംസ്ഥാനങ്ങൾക്കാവും. വെരിഫിക്കേഷൻ സംവിധാനത്തിൽ എന്തെങ്കിലും പിഴവുണ്ടായാലും ആപ്പിളിന് അതിൽ ഉത്തരവാദിത്വമുണ്ടാവില്ല. ഐഫോൺ ഉപഭോക്താക്കളല്ലാത്തവരും അടങ്ങുന്ന ജനങ്ങൾ നൽകുന്ന നികുതിയിൽ നിന്നാവും ഇതിനുള്ള ചെലവുകൾ പോവുക.
ആപ്പിളിന്റെ ഈ ഡിജിറ്റൽ ഐഡി സംവിധാനത്തെ കുറിച്ച് നിരവധി ആശങ്കകൾ ഉയരുന്നുണ്ട്. മുഖ്യമായും ജനങ്ങൾ അവരുടെ പ്രധാന തിരിച്ചറിയൽ രേഖകളെല്ലാം ഐഫോണിലേക്ക് മാറ്റേണ്ടിവരും. എല്ലാ തിരിച്ചറിയൽ രേഖകളും ഒരു ഉപകരണത്തിലേക്ക്. ഇതുവഴി ജനങ്ങൾ നിരീക്ഷിക്കപ്പെടുമെന്ന ഭയവുമുണ്ട്.
ആപ്പിൾ തങ്ങളുടെ ഡിജിറ്റൽ ഐഡി പ്രോഗ്രാമിലൂടെ ചെയ്‌യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ക്ലിയർ എന്ന ഒരു ഡിജിറ്റൽ ഐഡന്റിഫിക്കേഷൻ ആപ്പ് ഇതിനകം ചെയ്‌യുന്നുണ്ട്. വിമാനത്താവളങ്ങൾ, കായിക സ്റ്റേഡിയങ്ങൾ പോലുള്ള സ്ഥലങ്ങളിലേക്ക് അതിവേഗം സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. കോവിഡ് വാക്സിനേഷൻ രേഖ സൂക്ഷിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. ഉപഭോക്താക്കളുടെ വിവരങ്ങൾ വിൽക്കുകയില്ലെന്ന് ക്ലിയർ വ്യക്തമാക്കുന്നുണ്ടെങ്കിലും ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങളും സേവനങ്ങളും ഇഷ്ടാനുസരണം വാഗ്ദാനം ചെയ്‌യുന്നതിന് ആരോഗ്യ വിവരങ്ങളും, ബയോമെട്രിക് വിവരങ്ങളും ഒഴികെയുള്ളവ ഉപയോഗിക്കുമെന്ന് ക്ലിയർ വ്യക്തമാക്കുന്നുണ്ട്. ഈ ഡാറ്റ ആപ്പിൾ എങ്ങനെയാണ് പ്രയോജനപ്പെടുത്താൻ പോവുന്നത് എന്ന് വ്യക്തമല്ല.