വാഷിങ്ടൺ: അമേരിക്കയുടെ നിയമപാലന ഏജൻസിയായ എഫ്ബിഐയ്‍ക്ക് നേരെ ഗുരുതരമായ സൈബറാക്രമണം. എഫ്ബിഐയുടെ ഇമെയിൽ സെർവറുകൾ കയ്‌യടക്കിയ ഹാക്കർ ആയിരക്കണക്കിനാളുകൾക്ക് ഇമെയിലുകൾ അയക്കുകയായിരുന്നു. നിങ്ങൾ ഒരു സൈബറാക്രമണത്തിന് ഇരയായിരിക്കുന്നു എന്ന് അറിയിച്ചുകൊണ്ടുള്ളതായിരുന്നു ആ ഇമെയിലുകൾ. ഒരു ഔദ്യോഗിക പ്രസ്താവനയിലാണ് എഫ്ബിഐ ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു ലക്ഷത്തോളം ഇമെയിൽ ഐഡികളിലേക്ക് വ്യാജ ഇമെയിൽ സന്ദേശം അയക്കപ്പെട്ടിട്ടുണ്ടെന്ന് ദി സ്പാംഹോസ് പ്രൊജക്‍ട് എന്ന എൻ.ജി.ഒ പറയുന്നു. എഫ്ബിഐയുടെ നിയമപരമായ ഇമെയിൽ സംവിധാനങ്ങളാണ് ഹാക്കർമാർ ദുരുപയോഗം ചെയ്തത്. അമേരിക്കൻ രജിസ്ട്രി ഫോർ ഇന്റർനെറ്റ് നമ്പേഴ്സിൽ നിന്നെടുത്ത ഇമെയിൽ ഐഡികളിലേക്കാണ് സന്ദേശങ്ങൾ പോയത്.
എന്നാൽ ഇമെയിലുകളിൽ അപകടകരമായ ലിങ്കുകളൊന്നും ചേർത്ത് അയക്കാനുള്ള ഉദ്ദേശം ഹാക്കർമാർക്ക് ഉണ്ടായിരുന്നില്ല എന്നും ആളുകളെ ഭയപ്പെടുത്താൻ വേണ്ടിയുള്ള ശ്രമമായിരിക്കാം ഇതെന്നും സ്പാംഹോസ് സീനിയർ ത്രെട്ട് അനലിസ്റ്റ് അലെക്സ് ഗ്രോസ്ജീൻ പറഞ്ഞു.
സൈബറാക്രമണത്തിന് പിന്നിൽ പോംപോംപുരിൻ എന്ന പേരിലുള്ളയാളാണെന്ന് ക്രെബ്സ് ഓൺ സെക്യൂരിറ്റി റിപ്പോർട്ട് ചെയ്‌യുന്നു. ഇമെയിലുകൾ അയച്ചതിന് ശേഷം ഹാക്കർ ക്രെബ്സ് ഓൺ സെക്യൂരിറ്റിയെ ബന്ധപ്പെട്ടിരുന്നു. എഫ്ബിഐയുടെ ഇമെയിൽ സംവിധാനത്തിലെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഇത് ചെയ്തത് എന്ന് അയാൾ പറഞ്ഞതായും ക്രെബ്സ് ഓൺ സെക്യൂരിറ്റി റിപ്പോർട്ട് ചെയ്‌യുന്നു.
സോഫ്റ്റ് വെയറിലെ പ്രശ്നം മൂലം ഹാക്കർക്ക് താൽകാലികമായി ലോ എൻഫോഴ്സ്മെന്റ് എന്റർപ്രൈസ് പോർട്ടലിൽ (ലീപ്പ്) പ്രവേശിക്കാൻ സാധിച്ചുവെന്ന് എഫ്ബിഐ പ്രസ്താവനയിൽ പറഞ്ഞു. പ്രാദേശിക നിയമ പരിപാലന ഏജൻസികളുമായും സംസ്ഥാനങ്ങളുമായും ബന്ധപ്പെടുന്നതിന് വേണ്ടി ഉപയോഗിക്കുന്ന സംവിധാനമാണിത്.
ലീപ്പിന് വേണ്ടിയുള്ള സെർവറിലാണ് ഹാക്കർ നുഴഞ്ഞുകയറിയത്. എഫ്ബിഐയുടെ കോർപ്പറേറ്റ് ഇമെയിൽ സേവനത്തിന്റെ ഭാഗമല്ല അത്. എഫ്ബിഐ നെറ്റ് വർക്കിലെ വിവരങ്ങൾ കൈക്കലാക്കാൻ ആർക്കും സാധിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് അറിഞ്ഞ ഉടനെ പ്രശ്നം പരിഹരിക്കുകയും വ്യജ സന്ദേശങ്ങൾ ലഭിച്ചവരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നും എഫ്ബിഐ പറഞ്ഞു.