യൂട്യൂബ് വീഡിയോകളിൽ നിന്ന് ഡിസ് ലൈക്കുകളുടെ എണ്ണം മറച്ചുവെക്കാനുള്ള നീക്കം വിഡ്ഢിത്തമാണെന്ന് യൂട്യൂബിന്റെ സഹസ്ഥാപകനായ ജാവേദ് കരീം. യൂട്യൂബിൽ ആദ്യമായി അപ് ലോഡ് ചെയ്യപ്പെട്ട മീ അറ്റ് ദി സൂ എന്ന വീഡിയോയുടെ ഡിസ്ക്രിപ്ഷൻ മാറ്റം വരുത്തിക്കൊണ്ടാണ് ജാവേദ് കരീം തന്റെ പ്രതികരണം അറിയിച്ചത്.
സൈറ്റിലൂടനീളം വീഡിയോകളിൽ ഇപ്പോൾ കാണിച്ചുവരുന്ന ഡിസ് ലൈക്കുകളുടെ എണ്ണം പൊതുജനങ്ങളിൽ നിന്ന് മറച്ചുവെക്കുമെന്ന് യൂട്യൂബ് ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. കണ്ടന്റ് ക്രിയേറ്റർമാർക്ക് നേരെ ആസൂത്രിത ഡിസ്ലൈക്ക് ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് ക്രിയേറ്റർമാരെ വിപരീതമായി ബാധിക്കുന്നുണ്ടെന്നും കാണിച്ചാണ് യൂട്യൂബിന്റെ ഈ നീക്കം. ഇതോടെ ഒരു വീഡിയോയ്ക്ക് എത്ര ഡിസ് ലൈക്കുകൾ ലഭിച്ചിട്ടുണ്ടെന്ന് ആ വീഡിയോയുടെ ക്രിയേറ്റർക്ക് മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.
യൂട്യൂബിന്റെ സഹസ്ഥാപകനായ കരീം ആണ് യൂട്യൂബിൽ ആദ്യ വീഡിയോ അപ് ലോഡ് ചെയ്തത്. യൂട്യൂബ് പിന്നീട് ഗൂഗിളിന് വിറ്റപ്പോൾ അന്ന് 6.4 കോടി ഡോളർ മൂല്യം വരുന്ന 137443 ഓഹരികൾ കരീമിന് ലഭിച്ചു.
ഇത് ആദ്യമായല്ല കരീം യൂട്യൂബിലെ മാറ്റങ്ങളെ വിമർശിക്കുന്നത്. 2013 ൽ വീഡിയോകളിൽ കമന്റ് ചെയ്യാൻ ഗൂഗിൾ പ്ലസ് അക്കൗണ്ട് നിർബന്ധിതമാക്കിയതിനെ കരീം വിമർശിച്ചിരുന്നു.
Content Highlights: YouTube’s first video, changes description criticizes youtube new change