ഒരു മെറ്റാവേഴ്സ് കമ്പനിയായി പരിണമിയ്ക്കാനുള്ള അണിയറ നീക്കങ്ങളിലാണ് മെറ്റാ എന്നറിയപ്പെടുന്ന പഴയ ഫെയ്സ്ബുക്ക്. ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യകളിലൂന്നിയ പ്രവർത്തനങ്ങൾ തകൃതിയായി മെറ്റായുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഒരു ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്സെറ്റ് നിർമിക്കുന്നതിനുള്ള പ്രൊജക്ട് കാംബ്രിയ (Project Cambria ) എന്നറിയപ്പെടുന്ന പദ്ധതിയാണ് അതിലൊന്ന് അടുത്തവർഷം മെറ്റ ഈ ഹെഡ്സെറ്റ് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതിനിടെ പുതിയ വാർത്തകൾ കൂടി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. മുൻനിര സാങ്കേതികവിദ്യാ കമ്പനിയായ ആപ്പിളും ഓഗ്മെന്റഡ് റിയാലിറ്റി / വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റിനായുള്ള അണിയറ നീക്കങ്ങളിലാണത്രെ. ബ്ലൂംബെർഗിലെ മാർക്ക് ഗുർമൻ ആണ് പവർ ഓൺ എന്ന തന്റെ ന്യൂസ് ലെറ്ററിൽ ഈ വിവരം പങ്കുവെക്കുന്നത്.
ആപ്പിളിന്റെ ഈ ഹെഡ്സെറ്റിന് 2000 ഡോളർ (1,48,952 രൂപ ) വില വരുമെന്ന് ഗുർമൻ പറയുന്നു. 2022-ൽ ഇത് അവതരിപ്പിക്കപ്പെട്ടേക്കുമെന്നും മെറ്റായുടെ ഹെഡ്സെറ്റ് ഔദ്യോഗികമായി അവതരിപ്പിക്കപ്പെടുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ ആപ്പിളിന്റെ വിആർ/ എആർ ഹെഡ്സെറ്റ് രംഗപ്രവേശം ചെയ്യുമെന്നും ഗുർമൻ പറഞ്ഞു.
മെറ്റാ എന്ന പേര് പ്രഖ്യാപിച്ചുകൊണ്ട് സക്കർബർഗ് നടത്തിയ പ്രഖ്യാപനങ്ങൾക്കിടയിലാണ് പ്രൊജക്ട് കാംബ്രിയയെ കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. ഈ ഉൽപന്നം വിലയേറിയതാവുമെന്നും ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളുന്നതാവുമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. എന്തായാലും ഇന്ന് നിലവിലുള്ള ഒക്യുലസ് റിഫ്റ്റ് 2, റിഫ് 3 ഹെഡ്സെറ്റുകളുടെ പിൻഗാമിയായിരിക്കില്ല.
ഇന്ന് നിലവിലുള്ള ഏറ്റവും പുതിയ സാങ്കേതികവദ്യകൾ ഉൾക്കൊള്ളുന്ന പുതിയ തരം കംപ്യൂട്ടിങ് പരീക്ഷിച്ച് തുടങ്ങാൻ ആഗ്രഹമുള്ളവർക്ക് വേണ്ടിയാണ് പ്രൊജക്ട് കാംബ്രിയ രൂപകൽപന ചെയ്തിരിക്കുന്നത്.
ആപ്പിൾ ഹെഡ്സെറ്റ്
അതേസമയം മെച്ചപ്പെട്ട ചിപ്പുകളും, ഡിസ്പ്ലേകളും, സെൻസറുകളും, അവതാർ അടിസ്ഥാനമാക്കിയുള്ള ഫീച്ചറുകളുമെല്ലാം ഉൾക്കൊള്ളുന്നതാവും ആപ്പിളിന്റെ എആർ ഹെഡ്സെറ്റ് എന്നാണ് ഗുർമൻ പറയുന്നത്. സാധാരണ വിർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകളിൽ നിന്ന് വ്യത്യസ്തമായി ഒരാളെ പൂർണമായും ഒരു ഡിജിറ്റൽ ലോകത്തേക്ക് പ്രവേശിപ്പിക്കാൻ ഇതിന് സാധിക്കും.
മറ്റൊരു തരത്തിൽ പറഞ്ഞാൽ ഫെയ്സ്ബുക്ക് വിഭാവനം ചെയ്യുന്ന മെറ്റാവേഴ്സിന് പിന്നാലെയാണ് ആപ്പിളും എന്ന് ഈ നീക്കം സൂചന നൽകുന്നു. ഐഫോണുമായും മാക്ക് ബുക്ക് പ്രോയുമായും ബന്ധിപ്പിച്ച് മാത്രമെ ആപ്പിൾ ഹെഡ്സെറ്റ് ഉപയോഗിക്കാൻ കഴിയുകയുള്ളു. ഹെഡ്സെറ്റിന് വേണ്ടി പ്രത്യേകം ചിപ്പും ആപ്പിൾ വികസിപ്പിക്കുന്നുണ്ടെന്നാണ് വിവരം.
സ്മാർട്വാച്ചിലും ആപ്പിൾ – മെറ്റാ മത്സരം
ഹെഡ്സെറ്റുകളെ കൂടാതെ ഫിറ്റ്നസ് സ്മാർട് വാച്ച് രംഗത്തും മെറ്റായും ആപ്പിളും തമ്മിൽ മത്സിരിക്കുമെന്നും ഗുർമന്റെ ന്യൂസ് ലെറ്ററിൽ പറയുന്നുണ്ട്. അടുത്ത വർഷം തന്നെ മെറ്റായുടെ സ്മാർട് വാച്ചും രംഗപ്രവേശം ചെയ്യുമത്രേ.
ആപ്പിൾ ഇതുവരെ പരീക്ഷിക്കാത്ത രൂപകൽനയിലുള്ള സ്മാർട് വാച്ചിനാണ് മെറ്റാ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഫ്രണ്ട് ക്യാമറയോടു കൂടിയെത്തുന്ന വാച്ചിൽ വീഡിയോ കോളിങ് സൗകര്യം പോലും ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. ആപ്പിൾ വാച്ചുകളിൽ ഇതുവരെ ക്യാമറ ഉൾപ്പെടുത്തിയിട്ടില്ല.
ഫെയ്സ്ബുക്കിന്റെ ഐഫോൺ ആപ്പുകളിലൊന്നിൽ നിന്ന് കിട്ടിയ ഒരു വാച്ചിന്റെ ചിത്രമാണ് സ്മാർട് വാച്ചുമായി ബന്ധപ്പെട്ട നീക്കങ്ങൾ മെറ്റാ നടത്തുന്നുണ്ടെന്ന വിവരം പുറത്തുവന്നത്. കർവ്ഡ് എഡ്ജ് ഉള്ള സ്ക്രീനോടുകൂടിയ വാച്ചാണ് ചിത്രത്തിലുള്ളത്.
ആപ്പിളിന്റെ പുതിയ ഹോം ഉപകരണങ്ങൾ
ആപ്പിളിന്റെ ഹോം ഉപകരണ ശ്രേണിയിലേക്ക് പുതിയ ഉപകരണങ്ങൾ കൂടി അവതരിപ്പിക്കപ്പെടുമെന്ന് ഗുർമന്റെ ന്യൂസ് ലെറ്റർ സൂചന നൽകുന്നുണ്ട്. അതിൽ ഒന്ന് ടിവി സെറ്റ് ടോപ്പ് ബോക്സിനേയും സ്പീക്കറിനെയും സംയോജിപ്പിക്കുന്ന ഒരു ഉപകരണമാവുമെന്നും രണ്ടാമത്തേത് ഒരു സ്ക്രീനോടു കൂടിയ സ്മാർട് സ്പീക്കർ ആയിരിക്കുമെന്നും പറയുന്നു.
മെറ്റായ്ക്ക് പോർട്ടൽ എന്ന പേരിൽ ഒരു സ്മാർട് ഡിസ്പ്ലേ ഇതിനോടകം വിപണിയിലുണ്ട്. ആമസോൺ എക്കോ ഷോ സീരീസ് സ്മാർട് ഡിസ്പ്ലേയ്കളും രംഗത്തുണ്ട്.
Content Highlights: apple AR VR headset coming to compete with meta s project cambria