വാഷിങ്ടൺ: ചൈനീസ് കമ്പനികളായ വാവേ ടെക്നോളജീസ് (Huawei Technologies), സെഡ്.ടി.ഇ. കോർപ് (ZTE Corp) എന്നിവയ്ക്കെതിരെ നിയമം പാസാക്കി യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. സുരക്ഷാഭീഷണി സംശയിക്കുന്ന ഇരു കമ്പനികൾക്കും യു.എസ്. അധികൃതരിൽനിന്ന് പുതിയ ഉപകരണ ലൈസൻസ് നൽകുന്നത് വിലക്കുന്നതാണ് പുതിയ നിയമം.
ചൈനീസ് ടെലികോം കമ്പനികളെയും സാങ്കേതികവിദ്യാ കമ്പനികളെയും ലക്ഷ്യമിട്ടാണ് ഈ പുതിയ സെക്യുർ എക്വിപ്മെന്റ് ആക്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 28-ന് യു.എസ്. സെനറ്റ് ഐകകണ്ഠേനയാണ് നിയമം പാസാക്കിയത്. ഈ മാസം യു.എസ്. ഹൗസിൽ നാലിനെതിരെ 420 വോട്ടുകളാണ് ഇതിന് ലഭിച്ചത്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും ബൈഡനും തമ്മിൽ ഒരു വിർച്വൽ സമ്മിറ്റ് നടക്കാനിരിക്കെയാണ് പുതിയ നിയമത്തിൽ ഒപ്പിട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയം. തിങ്കളാഴ്ചയാണ് കൂടിക്കാഴ്ച. മനുഷ്യാവകാശം, വ്യാപാരബന്ധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, സൈനിക നീക്കങ്ങൾ എന്നിവ ചർച്ചയാവും.
പുതിയ നിയമം അനുസരിച്ച് രാജ്യസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന ഉപകരണങ്ങൾക്ക് വേണ്ടിയുള്ള അപേക്ഷകൾ ഫെഡറൽ കമ്മ്യൂണിക്കേഷൻ കമ്മീഷൻ പരിശോധിക്കുകയോ അംഗീകാരം നൽകുകയോ ചെയ്യേണ്ടതില്ല.
2018 മുതൽ വാവേയുടെ 3000-ൽ അധികം അപേക്ഷകൾക്ക് കമ്മീഷൻ അംഗീകാരം നൽകിയിരുന്നു. വാവേയിൽനിന്നും സെഡ്ടിഇയിൽ നിന്നുമുള്ള ഭീഷണി ഉയർത്തുന്ന ഉപകരണങ്ങൾ അമേരിക്കയുടെ നെറ്റ്വർക്കിൽ പ്രവേശിക്കുന്നത് പുതിയ നിയമം തടയുമെന്ന് എഫ്സിസി കമ്മീഷണർ ബ്രെൻഡൻ കാർ പറഞ്ഞു.
മാർച്ചിൽ വാവേ, സെഡ്ടിഇ, ഹൈറ്റെറ കമ്മ്യൂണിക്കേഷൻസ് കോർപ്പ്, ഹാങ്ഷോ ഹൈക്വിഷൻ ഡിജിറ്റൽ ടെക്നോളജി, ഹെജിയാങ് ദാഹുവ ടെക്നോളജി എന്നീ അഞ്ച് ചൈനീസ് കമ്പനികളെ രാജ്യത്തിന് ഭീഷണി ഉയർത്തുന്നവയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
Content Highlights: Biden signs legislation to tighten U.S. restrictions on Huawei, ZTE