ന്യൂഡൽഹി: ജിയോയും മീഡിയാ ടെക്കും ചേർന്ന് ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയുടെ ഒരു ഇ-സ്പോർട്സ് ഇവന്റ് സംഘടിപ്പിക്കുന്നു. ഗെയിമിങ് മാസ്റ്റേഴ്സ് 2.0 എന്നാണ് ഈ പരിപാടിയുടെ പേര്.
ജനപ്രിയമായ സ്മാർട്ഫോൺ ഗെയിമാണ് ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ. ഇന്ത്യയിലെ പ്രൊഫഷണൽ ഗെയിമർമാരേയും ഗെയിമിങ് ആരാധകരേയും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഗെയിമിങ് മാസ്റ്റേഴ്സിന്റെ ആദ്യ സീസൺ ഫ്രീ ഫയറുമായി ചേർന്നാണ് സംഘടിപ്പിച്ചിരുന്നത്. 14000 ടീമുകൾ അന്ന് രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. നവംബർ 23 ന് ആരംഭിക്കുന്ന രണ്ടാമത്തെ ഗെയിമിങ് മാസ്റ്റേഴ്സിന്റെ സമ്മാനങ്ങൾ ആരംഭിക്കുന്നത് 12 ലക്ഷം രൂപയിലാണ്.
ഗെയിമർമാർക്ക് ദിവസേന പങ്കെടുക്കാൻ സാധിക്കുന്ന പ്ലേ ആന്റ് വിൻ ഡെയ്ലി സീരീസ് ദിവസേന ഉണ്ടാവും. ഇതിൽ റിവാർഡുകൾ ലഭിക്കും. പ്രധാന ചാമ്പ്യൻഷിപ്പിൽ പ്രൊഫഷണൽ ടീമുകൾക്കെതിരെ അണിനിരക്കുകയും ചെയ്യാം.
പബ്ജി മൊബൈൽ നിരോധനത്തിന് ശേഷം ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട ഗെയിമാണ് ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ. യഥാർത്ഥ പബ്ജി മൊബൈലിന് സമാനമായ ഗെയിം ആണെങ്കിലും ഇന്ത്യക്കാർക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ് ഇത്.
കഴിഞ്ഞ ദിവസമാണ് ബാറ്റിൽ ഗ്രൗണ്ടസ് മൊബൈൽ ഇന്ത്യയുടെ നിർമാതാക്കളായ ക്രാഫ്റ്റൺ പബ്ജി: ന്യൂ സ്റ്റേറ്റ് എന്ന പുതിയ ഗെയിം അവതരിപ്പിച്ചത്. പുതിയ മാപ്പും പുതുമയുള്ള ഗ്രാഫിക്സുകളും പബ്ജി: ന്യൂ സ്റ്റേറ്റിനെ വ്യത്യസ്തമാക്കുന്നുണ്ട്. ഇന്ത്യ ഉൾപ്പടെ 200 ൽ ഏറെ രാജ്യങ്ങളിലാണ് ഗെയിം അവതരിപ്പിക്കപ്പെട്ടത്.
Content Highlights: Jio, MediaTek , e-sports event, Battlegrounds Mobile India