ജോലിസമയം കഴിഞ്ഞതിന് ശേഷവും മേലുദ്യോഗസ്ഥൻ വിളിച്ച് ജോലിക്കാര്യം പറഞ്ഞ് ശല്യപ്പെടുത്താറുണ്ടോ? എങ്കിൽ നിങ്ങൾ പോർച്ചുഗലിനെ കുറിച്ച് കേൾക്കണം. പോർച്ചുഗൽ പാസാക്കിയ പുതിയ തൊഴിൽ നിയമം അനുസരിച്ച് ജോലി സമയം കഴിഞ്ഞതിന് ശേഷം മേലുദ്യോഗസ്ഥർ തൊഴിലാളികളെ വീണ്ടും വിളിച്ച് ബുദ്ധിമുട്ടിച്ചാൽ നിയമപരമായി ശിക്ഷാർഹമാണ്.
ഐ.ടി. രംഗത്തെ തൊഴിലാളികളെ രാജ്യത്തേക്ക് ആകർഷിക്കാനും തൊഴിലാളികൾക്ക് ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമാണ് ഈ നീക്കം. കോവിഡ് വ്യാപനകാലത്ത് വർക്ക് ഫ്രം ഹോം ജോലികൾ പ്രചാരത്തിൽ വന്നതോടെ വീടുകൾ പലതും താൽകാലിക ഓഫീസുകളായി മാറിയ സാഹചര്യത്തിലാണ് ഈ നിയമം കൊണ്ടുവന്നത് എന്നതും ശ്രദ്ധേയം.
തൊഴിലാളികൾക്ക് അനുകൂലമായ ഈ നിയമങ്ങൾ വെള്ളിയാഴ്ചയാണ് പോർച്ചുഗീസ് പാർലമെന്റ് പാസാക്കിയത്. നിയമം ലംഘിച്ചാൽ തൊഴിലുടമകൾ പിഴ ശിക്ഷയും ഒപ്പം ജീവനക്കാർക്ക് ഗ്യാസ്, ഇന്റർനെറ്റ്, വൈദ്യുതി ബിൽ എന്നിവയ്ക്കായുള്ള അധികം ചിലവും നൽകേണ്ടിവരും.
പുതിയ വർക്ക് ഫ്രം ഹോം സംസ്കാരത്തോട് ഒത്തുപോവാൻ തൊഴിലാളികളെ സഹായിക്കുന്നതിന് പോർച്ചുഗലിലെ സോഷ്യലിസ്റ്റ് പാർട്ടി സർക്കാർ നിരവധി നിയമങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ അവയെല്ലാം പാർലമെന്റ് പാസാക്കിയിട്ടില്ല.
പുതിയ നിയമം ജീവനക്കാർക്ക് ജോലി ചെയ്യുന്ന ഉപകരണങ്ങൾ ഓഫ് ചെയ്ത് വെക്കാനുള്ള അവകാശം നൽകുന്നു.
വീട്ടിൽനിന്നുള്ള ജീവനക്കാരുടെ ഉൽപാദന ക്ഷമത തൊഴിൽ ദാതാക്കൾ നിരീക്ഷിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുന്നതിനും രണ്ട് മാസത്തിൽ ഒരിക്കൽ എങ്കിലും മറ്റ് ജീവനക്കാരുമായി മുഖാമുഖമുള്ള കൂടിക്കാഴ്ച നടത്തുന്നത് ഉറപ്പുവരുത്തുന്നതിനുമുള്ള നിയമങ്ങളും പാർലമെന്റ് പാസാക്കി.
കുട്ടികൾക്ക് എട്ട് വയസ് ആകുന്നത് വരെ ജീവനക്കാർക്ക് തൊഴിലുടമകളുടെ അനുമതി ഇല്ലാതെ തന്നെ വർക്ക് ഫ്രം ഹോം ജോലി ചെയ്യാനും സർക്കാർ നിയമപരമായ പരിരക്ഷ നൽകുന്നു.
Content Highlights: Portugal just made it illegal for your boss to text you after work