യുഎഇ> ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ഡോ. സലീമ ഹമീദ് എഴുതിയ ‘പോര്‍ച്ചുഗല്‍ ഫഡോ സംഗീതത്തിന്റെ നാട്’ എന്ന പുസ്തകം ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. മോയിന്‍ കുട്ടി വൈദ്യര് മാപ്പിള കലാ അക്കാദമിയുടെ ജോയിന്റ് സെക്രട്ടറിയും പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും ഗവേഷകനുമായ ഫൈസല്‍ എളേറ്റില്‍, ലോക കേരള സഭാംഗം ആര് പി മുരളിയ്ക്ക് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
മലയാളിയുടെ മനസില്‍ പോര്‍ച്ചുഗീസിന്റെ ഓര്‍മകള്‍ കോറിയിടുന്നത് നാടിനുവേണ്ടി അധിനിവേശ വിരുദ്ധയുദ്ധം നയിച്ച സാമൂതിരി രാജാക്കന്മാരേയും അവരുടെ നാവികപ്പടയെ നയിച്ച കുഞ്ഞാലി മരക്കാരെയുമാണ്. വിവിധ പ്രദേശങ്ങളില്‍ നാടിനുവേണ്ടി പട നയിച്ച അനേകം രക്തസാക്ഷികളെ ഇന്ന് ഓര്‍ക്കാതെ പോകുന്നുണ്ട്. ചരിത്രത്തിലെ പ്രാദേശികമായി രൂപം കൊണ്ട് ദേശീയതയിലേക്ക് പടര്‍ന്ന് കയറിയ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെ, അവയിലെ സാമ്രാജ്യത്യ വിരുദ്ധ ഉള്ളടക്കങ്ങളെ ഓര്‍ത്തെടുക്കുക എന്നത് കൂടി നമ്മുടെ ചരിത്രപരമായ ഉത്തരവാദിത്തമാണെന്നും, പോര്‍ച്ചുഗലിന്റെ മനോഹാരിതയും ജനജീവിതവും സാംസ്കാരിക ഗരിമയും നനുത്ത ഫഡോ സംഗീതത്തിന്റെ അകമ്പടിയോടെ പറഞ്ഞു പോകുന്ന കൃതിയാണിതെന്നും ഫൈസല്‍ എളേറ്റില്‍ അഭിപ്രായപ്പെട്ടു.
നമ്മുടെ ലോകത്ത് സഹിഷ്ണുതയുടെയും സാംസ്കാരിക സഹവര്‍ത്തിത്വത്തിന്റെയും സര്‍വോപരി മാനവികതയുടെയും വക്താക്കളാവാന്‍ വായന വലിയ പങ്കാണ് വഹിക്കുന്നത്. വായനാ സമൂഹത്തിന് തങ്ങളുടെ സര്ഗ്ഗസ്യഷ്ടി സമര്‍പ്പിച്ച എഴുത്തുകാര്‍ക്ക് ആശംസകള്‍. നിറഞ്ഞ സന്തോഷത്തോടെ ഈ പുസ്തകം ഏറ്റുവാങ്ങുന്നതായി ആര് പി മുരളി പറഞ്ഞു.
മാസ് പ്രസിഡന്റ് താലിബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മാസ് സെക്രട്ടറി മനു സ്വാഗതവും, മാസ് ഷാര്‍ജയുടെ മുന്‍ സാരഥിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ഇബ്രാഹിം അംബിക്കാന പുസ്തക പരിചയവും നടത്തി. സാഹിത്യകാരി ഇന്ദുമേനോന് പ്രകാശന പരിപാടിയ്ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
നവംമ്പര്‍ 13 വരെ ഷാര്‍ജ എക്സ്പോ സെന്ററിലാണ് പുസ്തകോത്സവം. ഹാള്‍ നമ്പര്‍ 7 – ല്‍ ZD3 ലാണ് ചിന്ത പവലിയന്.