തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന് പരിസരത്തെ മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിക്കൊണ്ടുള്ള വിവാദ ഉത്തരവിറക്കിയ വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. അണക്കെട്ടിന് പരിസരത്തെ മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് നൽകിയ അനുമതി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്.
ഇന്നലത്തെ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരമാണ് വിവാദമായ മരംമുറി ഉത്തരവ് സർക്കാർ റദ്ദാക്കിയത്. ഉത്തരവ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ വനംവകുപ്പ് പ്രിൻസിപ്പിൾ സെക്രട്ടറി രാജേഷ് കുമാർ സിൻഹയെയാണ് മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയത്. ഇതനുസരിച്ചാണ് വനംവകുപ്പ് ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള പുതിയ ഉത്തരവ് പുറത്തിറക്കിയത്.
മന്ത്രിതലത്തിൽ ആവശ്യമായ ചർച്ചകൾ നടത്താതെയും മറ്റ് നടപടിക്രമങ്ങൾ പാലിക്കാതെയും ഉത്തരവിറക്കിയതുകൊണ്ടാണ് ബെന്നിച്ചൻ തോമസിനെ സസ്പെന്റ് ചെയ്യുന്നതെന്ന് ഉത്തരവിൽ പറയുന്നു. 1968 ലെ ഓൾ ഇന്ത്യാ സർവീസ് പെരുമാറ്റച്ചട്ടം അനുസരിച്ചുള്ള പെരുമാറ്റച്ചട്ട ലംഘനമാണ് ബെന്നിച്ചൻ തോമസിന്റെ നടപടിയെന്നും ഉത്തരവിൽ പറയുന്നത്. പിസിസിഎഫ് റാങ്കിലുള്ള വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാളാണ് ബെന്നിച്ചൻ തോമസ്.
മുല്ലപ്പെരിയാർ ബേബി ഡാമിലെ 15 മരങ്ങൾ മുറിക്കാനാണ് വൈൽഡ്ലൈഫ് വാർഡൻ തമിഴ്നാടിന് അനുമതി നൽകിയത്. ഇതുവിവാദമായതോടെ ഉത്തരവ് റദ്ദാക്കുന്ന കാര്യത്തിൽ സർക്കാർ നിയമോപദേശം തേടിയിരുന്നു. ഉത്തരവ് റദ്ദാക്കുന്നതിൽ നിയമപരമായി തടസമില്ലെന്നാണ് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നൽകിയ നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം. ഉത്തരവ് മരവിപ്പിച്ചാൽ പോര, റദ്ദാക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു.
Content Highlights:Government suspented wildlife wardern and cancelled mullaperiyar tree felling order