മെറ്റായുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ സോഷ്യൽ മീഡിയ ആപ്പ് ആയ ഇൻസ്റ്റാഗ്രാം കണ്ടന്റ്ക്രിയേറ്റർമാർക്ക് പണം സമ്പാദിക്കാൻ കഴിയുന്ന ഒരു സബ്സ്ക്രിപ്ഷൻ ഫീച്ചർ പരീക്ഷിക്കുന്നു. ഐ ഒ എസ് ( iOS ) ആപ്പ് സ്റ്റോറിലെ ഇൻസ്റ്റഗ്രാം ആപ്പ് ലിസ്റ്റിങ് വഴിയാണ് കമ്പനി ഈ പുതിയ ഫീച്ചർ ലോഞ്ച് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നതായി മനസ്സിലാകുന്നത്.
ഐ.ഒ.എസ് ആപ്പ് സ്റ്റോറിലെ ഇൻസ്റ്റാഗ്രാം ആപ്പ് ലിസ്റ്റിങ്ങിൽ ഇൻ-ആപ്പ് പർച്ചേസുകൾ (In-App Purchases) എന്ന വിഭാഗത്തിലായിട്ടാണ് ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷനുകൾ (Instagram Subscriptions) എന്ന പുതിയ വിഭാഗം ലിസ്റ്റ് ചെയ്തിട്ടുള്ളത്. അമേരിക്ക പോലെയുള്ള വിദേശ രാജ്യങ്ങളിലെ ആപ്പ് സ്റ്റോറുകളിലാണ് ഇതാദ്യമായി പ്രത്യക്ഷപ്പെട്ടതെങ്കിലും ഇന്ത്യയിലും ഇപ്പോൾ ഈ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നു എന്ന് കാണാൻ സാധിക്കുന്നു. അമേരിക്കയിൽ ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷനുകളുടെ ഫീസ് 0.99 ഡോളർ മുതൽ 4.99 ഡോളർ വരെയും ഇന്ത്യയിൽ അത് പ്രതിമാസം ഏകദേശം 89 രൂപയുമാണ്. ടെക് ക്രഞ്ച് (TechCrunch) എന്ന ഓൺലൈൻ മാധ്യമമാണ് ഇതാദ്യമായി പുറത്തുവിട്ടത്.
ട്വിറ്റർ പുതിയതായി അവതരിപ്പിച്ച ട്വിറ്റർ ബ്ലൂ (Twitter Blue) പോലെയായിരിക്കും ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷനുകൾ. ഉപയോക്താക്കൾക്ക് ഇഷ്ട കണ്ടന്റ്ക്രിയേറ്റർമാരുടെ എക്സ്ക്ലൂസീവ് വീഡിയോകളും ഫോട്ടോകളും ഇതോടൊപ്പം ലഭ്യമാകും. സബ്സ്ക്രിപ്ഷൻ എടുത്തിരിക്കുന്ന ഉപയോക്താക്കൾക്ക് യൂസർ നെയിമിനൊപ്പം (User Name) ഒരു പ്രത്യേക ബാഡ്ജ് ലഭിക്കും. അത് ക്രിയേറ്റർമാർക്ക് സന്ദേശങ്ങൾ (Direct Messaging) അയക്കുമ്പോഴോ പോസ്റ്റുകളിൽ അഭിപ്രായങ്ങൾ (Comment) രേഖപെടുത്തുമ്പോഴോ ദൃശ്യമാകും. കൂടാതെ തത്സമയ വീഡിയോകളിൽ പങ്കെടുക്കാനും യൂട്യൂബ് ചാറ്റിലേത് പോലെ കണ്ടന്റ് നിർമിക്കുന്നതും അവതരിപ്പിക്കുന്നതുമായ ആളുകൾക്ക് ഓൺലൈനായി സമ്മാനങ്ങൾ നൽകാനുള്ള അവസരവും ലഭിക്കും.
ടെക്ക് ക്രഞ്ചിന്റെ റിപ്പോർട്ട് അനുസരിച്ച് ക്രിയേറ്റർക്ക് അവരുടെ ഏകദേശ വരുമാനം, സജീവ അംഗങ്ങൾ, കാലഹരണപ്പെട്ട അംഗത്വം എന്നിവ സബ്സ്ക്രിപ്ഷൻ ഏർപ്പെടുത്തുന്നതിലൂടെ കൃത്യമായി നിരീക്ഷിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. കണ്ടന്റ് ക്രിയേറ്റർമാർക്ക് സബ്സ്ക്രിപ്ഷൻ ഫീസ് ഇഷ്ടാനുസൃതമാക്കാനും സാധിക്കും. ആരാധകർക്ക് എപ്പോൾ വേണമെങ്കിലും സബ്സ്ക്രിപ്ഷൻ റദ്ദാക്കാനുള്ള ഓപ്ഷനും ഇതോടൊപ്പം ലഭ്യമാക്കും.
ഇൻസ്റ്റഗ്രാം കണ്ടന്റ്ക്രിയേറ്റർമാരെ സാമ്പത്തികമായി പിന്തുണക്കുക എന്ന ലക്ഷ്യത്തോടെയാണ് സബ്സ്ക്രിപ്ഷനുകൾ ഏർപ്പെടുത്താനുള്ള ചർച്ചകളും നീക്കങ്ങളും സജീവമാക്കിയത് എന്ന് ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി (Adam Mosseri) ഈ വർഷം ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം, ടിക് ടോക് (TikTok), സ്നാപ്പ് ചാറ്റ് (Snapchat), പിന്റെറെസ്റ് (Pinterest), യൂട്യൂബ് (YouTube), ട്വിറ്റെർ (Twitter) പോലുള്ള സോഷ്യൽ മീഡിയ കമ്പനികൾ അവരുടെ സ്വന്തം ക്രിയേറ്റർ സബ്സ്ക്രിപ്ഷൻ പ്ലാറ്റ്ഫോമുകൾക്ക് ഇതിനോടകം തന്നെ തുടക്കം കുറിച്ചിരുന്നു.
Content Highlights : Instagram creator Subscription Feature is Planning to introduce in new IOS update to Help Creators Generate Monthly Revenue