പ്രായമുള്ളവരിൽ സാധ്യത കൂടുതൽ:
പ്രായം കൂടിയ പുരുഷന്മാരിലാണ് സ്തനാർബുദ സാധ്യത കൂടുതൽ കണ്ടുവരുന്നത്. 50 വയസ് കഴിഞ്ഞവരിലാണ് ഇതുവരെ സ്തനാർബുദ ലക്ഷണങ്ങൾ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. ഇടയ്ക്കിടെയുള്ള പരിശോധന നടത്തിക്കൊണ്ട് അപകടകരമായ രീതിയിലേയ്ക്ക് രോഗാവസ്ഥ നീങ്ങുന്നത് തടയാൻ കഴിയും എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
പുരുഷന്മാരിലെ സ്തനാർബുദം: ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം
നേരത്തെ കണ്ടെത്താൻ സഹായിക്കുന്ന ചില ലക്ഷണങ്ങൾ അമേരിക്കൻ ക്യാൻസർ സൊസൈറ്റി പറയുന്നു. അവ ഇതൊക്കെയാണ്:
> ഒരു സ്തനത്തിൽ വേദനയില്ലാത്ത മുഴ കണ്ടുവരുന്നത്
> നിപ്പിൾ ഉള്ളിലേയ്ക്ക് വലിയുകയോ നിപ്പിളിൽ നിന്ന് ഡിസ്ചാർജ് ഉണ്ടാകുകയോ ചെയ്യുന്നത്
> സ്തനങ്ങളിൽ നനവ് പടരുന്ന അവസ്ഥ
> സ്തനത്തിലോ നിപ്പിളിലോ നിറ വ്യത്യാസം അനുഭവപ്പെടുന്ന അവസ്ഥ
ഇവയെല്ലാം പുരുഷന്മാരിലെ സ്തനാർബുദത്തിൻറെ പ്രാരംഭ ലക്ഷണങ്ങളാണ്. ലിംഫിൽ വീക്കം, സ്തനങ്ങളിലും സമീപത്തെ അസ്ഥികളിലും വേദന അനുഭവപ്പെടുക തുടങ്ങിയവയെല്ലാം രോഗം ഗുരുതരമാകുന്ന സാഹചര്യങ്ങളിൽ കണ്ടുവരുന്ന ലക്ഷണങ്ങളാണ്.
3 തരം സ്തനാർബുദങ്ങൾ:
പുരുഷന്മാരിൽ പ്രധാനമായും ബാധിയ്ക്കുന്നത് 3 തരത്തിലുള്ള സ്തനാർബുദങ്ങളാണ്.
ഇൻവേസിവ് ഡക്റ്റൽ കാർസിനോമ: ഡക്റ്റ് ഏരിയയിൽ ആരംഭിച്ച് സ്തനങ്ങളുടെ മറ്റ് ഭാഗങ്ങളിലേയ്ക്ക് വ്യപിയ്ക്കുന്നതാണ് ഇത്.
ഇൻവേസിവ് ലോബുലാർ കാർസിനോമ: ലോബുൽ ഏരിയയിൽ രൂപപ്പെടുന്ന ക്യാൻസർ കോശങ്ങൾ പിന്നീട് സ്തനങ്ങളിലെ മുഴുവൻ കലകളിലേയ്ക്കും വ്യാപിയ്ക്കുന്നതാണ് ഈ ക്യാൻസർ വിഭാഗം.
ഡക്റ്റൽ കാർസിനോമ ഇൻ സിറ്റു (DCIS): ഡക്റ്റ് ഏരിയയിലെ ലൈനിംഗ് ഭാഗത്താണ് ഈ വിഭാഗം സ്തനാർബുദം ബാധിയ്ക്കുന്നത്. എന്നാൽ ഇത് മറ്റ് ഭാഗങ്ങളിലേയ്ക്ക് വ്യാപിയ്ക്കില്ല എന്നത് പ്രത്യേകതയാണ്.
പുരുഷന്മാരിലെ സ്തനാർബുദം തിരിച്ചറിയാനായി മമ്മോഗ്രാം, അൾട്രാ സൗണ്ട്, നിപ്പിൾ ഡിസ്ചാർജ് ടെസ്റ്റ് എന്നിവ ചെയ്യാം. ഇടയ്ക്കിടെ പരിശോധന നടത്തുന്നതും നേരത്തെ തിരിച്ചറിയാൻ സാധിയ്ക്കുന്നതും ചികിത്സയിൽ ഗുണം ചെയ്യും.
ജീൻ ഒരു ഘടകമാണോ?
ജനിതക വ്യതിയാനങ്ങൾ സംഭവിയ്ക്കുന്നതും പുരുഷന്മാരിൽ സ്തനാർബുദമുണ്ടാകാൻ കാരണമാകും. പാരമ്പര്യമായി സ്തനാർബുദ സാധ്യതയുള്ള കുടുംബങ്ങളിലുള്ള പുരുഷന്മാരിൽ രോഗസാധ്യത അല്പം കൂടുതലാകും. അതുപോലെ തന്നെ അസാധാരണമായ BRCA 1 അല്ലെങ്കിൽ BRCA 2 ജീനുകൾ ഉണ്ടെങ്കിലും സ്തനാർബുദ സാധ്യത വളരെ കൂടുതലാണ്. എന്നാൽ ജനിതകമായ കാരണങ്ങൾ മാത്രമല്ല ഒരാളിൽ സ്തനാർബുദം രൂപപ്പെടുത്തുന്നത്.
ചികിത്സ:
ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ മികച്ച ഒരു ഓങ്കോളജിസ്റ്റിനെ സമീപിയ്ക്കുകയാണ് ആദ്യം വേണ്ടത്. നിങ്ങളുടെ ശാരീരികാവസ്ഥയും ലക്ഷണങ്ങളും പരിഗണിച്ച് ശരിയായ ചികിത്സ നിർദേശിയ്ക്കും. സർജറി, കീമോ തെറാപ്പി, റേഡിയേഷൻ തെറാപ്പി, ഹോർമോൺ തെറാപ്പി അല്ലെങ്കിൽ ടാർഗെറ്റഡ് തെറാപ്പി തുടങ്ങിയ സാധ്യതകൾ നിലവിൽ ലഭ്യമാണ്. കൃത്യമായ ചികിത്സയും പരിചരണവും കൊണ്ട് ഈ അവസ്ഥയെ മറികടക്കാൻ കഴിയും.