ഗൂഗിളും റിലയൻസ് ജിയോയും ചേർന്ന് വിപണിയിലിറക്കുന്ന ജിയോഫോൺ നെക്സ്റ്റ് സ്മാർട്ഫോണിന്റെ വിൽപന ആരംഭിച്ചു. കുറഞ്ഞവിലയിൽ സ്മാർട്ഫോൺ ഉപഭോക്താവിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടുത്തിയെത്തുന്ന സ്മാർട്ഫോൺ ആണിത്. 5.45 ഇഞ്ച് എച്ച്ഡി റസലൂഷനിലുള്ള (720X 1440) സ്ക്രീൻ, കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണം, ആന്റി ഫിംഗർപ്രിന്റ് കോട്ടിങ് എന്നിവയുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ ക്യുഎം-215 പ്രൊസസറിൽ രണ്ട് ജിബി റാമുണ്ട്. 32 ജിബി സ്റ്റോറേജുണ്ട്. 512 ജിബി വരെയുള്ള മെമ്മറി കാർഡുകൾ ഉപയോഗിക്കാം. 13 എംപി റിയർ ക്യാമറ, എട്ട് എംപി ഫ്രണ്ട് ക്യാമറ, 3500 എംഎഎച്ച് ബാറ്ററി, ഡ്യുവൽ നാനോ സിം സൗകര്യം. വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി മൈക്രോ യുഎസ്ബി തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും ആക്സിലറോ മീറ്റർ, ലൈറ്റ് സെൻസർ, പ്രൊക്സിമിറ്റി സെൻസർ തുടങ്ങിയ സെൻസറുകളും ഇതിനുണ്ട്.
6499 രൂപയാണ് ജിയോഫോൺ നെക്സ്റ്റിന് വില . ഇന്ന് വിപണിയിൽ ലഭ്യമായ വിലകുറഞ്ഞ സ്മാർട്ഫോണുകളിലൊന്നാണിത്. 6499 രൂപ ഒന്നിച്ച് നൽകി ഫോൺ വാങ്ങാൻ സാധിക്കാത്തവർക്ക് വേണ്ടി ജിയോ പ്രത്യേകം ഇഎംഐ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്.
ജിയോഫോൺ നെക്സ്റ്റ് എങ്ങനെ വാങ്ങാം?
ജിയോമാർട്ട് റീട്ടയിൽ ഷോപ്പിൽ ചെന്നോ ജിയോയുടെ വെബ്സൈറ്റിലൂടെയോ ഫോൺ വാങ്ങാനുള്ള താൽപര്യം അറിയിക്കാം.
7018270182 എന്ന നമ്പറിൽ Hi എന്ന് വാട്സാപ്പ് സന്ദേശമയച്ചാൽ മതി.
ബുക്കിങ് സ്ഥിരീകരണം ലഭിച്ചാൽ അവർക്ക് ജിയോ സ്റ്റോറിൽ നിന്ന് ഫോൺ കൈപ്പറ്റാം.
ജിയോഫോൺ നെക്സ്റ്റ് പ്ലാനുകളും സ്കീമുകളും
തുടക്കത്തിൽ 1999 രൂപ നൽകി ഫോൺ വാങ്ങാനാവും. പിന്നീട് 18 മാസത്തേയോ 24 മാസത്തേയോ തവണകളായി ബാക്കി തുക നൽകാം. ജിയോഫോൺ നെക്സ്റ്റ് ഉപഭോക്താക്കൾക്കായി ചില ഫിക്സഡ് പ്ലാനുകളുണ്ട്. 1999 രൂപ നൽകിയതിന് ശേഷമുള്ള ബാക്കി തവണകൾ ഈ പ്ലാനുകൾക്കൊപ്പം തന്നെ നൽകാം. 501 രൂപ പ്രൊസസിങ് ഫീസും നൽകണം. ഫിനാൻസിങ് പ്ലാനുകൾ ആനുകൂല്യങ്ങളുടെ അടിസ്ഥാനത്തിൽ നാല് പ്ലാനുകളായി വിഭജിച്ചിട്ടുണ്ട്.
ഓൾവേയ്സ്- ഓൺ പ്ലാൻ
1999 രൂപ നൽകിയതിന് ശേഷം ഉപഭോക്താക്കൾക്ക് 300 രൂപയുടേയോ, 350 രൂപയുടേയോ പ്ലാനുകൾ തിരഞ്ഞെടുക്കാം. 300 രൂപയുടെ പ്ലാൻ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ആ തുക 24 മാസം നൽകണം. 350 രൂപയാണ് നൽകുന്നത് എങ്കിൽ 18 മാസം നൽകണം. ഈ പ്ലാനുകൾ തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 5 ജിബി ഡാറ്റയും 100 മിനിറ്റ് കോളിങും ലഭിക്കും.
ലാർജ് പ്ലാൻ
24 മാസത്തേക്കുള്ള ഇതിൽ 450 രൂപയുടെ പ്ലാനും 18 മാസത്തേക്കുള്ള 500 രൂപയുടെ പ്ലാനും വാങ്ങാം. ഇതിൽ ദിവസേന 1.5 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ലഭിക്കും.
എക്സ്എൽ പ്ലാൻ
24 മാസത്തേക്കുള്ള 500 രൂപയുടെ പ്ലാനും, 18 മാസത്തേക്കുള്ള 550 രൂപയുടെ പ്ലാനുമാണിതിൽ. പ്രതിദിനം 2 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ഈ പ്ലാനുകൾക്കൊപ്പം ലഭിക്കും.
ഡബിൾ എക്സ് എൽ പ്ലാൻ
24 മാസത്തേക്കുള്ള 550 രൂപയുടെ പ്ലാൻ, 600 രൂപയുടെ 18 മാസത്തെ പ്ലാൻ എന്നിവയാണിതിൽ. പ്രതിദിനം 2.5 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ഇതിൽ ലഭിക്കും.
എങ്ങനെയാണ് ഇഎംഐ നൽകേണ്ടത്. എത്ര രൂപയുടെ വ്യത്യാസമാണ് ജിയോഫോൺ വാങ്ങുമ്പോൾ ഉണ്ടാവുക.
1999 രൂപ നൽകിയാൽ ഒരാൾക്ക് ജിയോഫോൺ നെക്സ്റ്റ് കൈപ്പറ്റാം. ഫോണിന്റെ വിലയായ 6499 രൂപയിൽ നിന്നും ആദ്യം നൽകുന്ന 1999 രൂപ കുറച്ചാൽ ബാക്കി നൽകേണ്ടത് 4500 രൂപയാണ്.
ബാക്കി തുക 18 മാസത്തേയോ 24 മാസത്തേയോ തവണകളായി നൽകാം. വളരെ നീണ്ട കാലത്തെ തവണ വ്യവസ്ഥയാണിത്. 501 രൂപയുടെ പ്രൊസസിങ് ഫീസും പറയുന്നുണ്ട്. അതായത് 1999 രൂപ + 501 രൂപ = 2500 രൂപയ്ക്ക് ഫോൺ കൈപ്പറ്റാനാവും.
ഇഎംഐ പ്ലാനിൽ ഏകദേശം എത്ര രൂപ അധികമായി നൽകേണ്ടി വരും?
ഉദാഹരണത്തിന്18 മാസത്തെ ഇഎംഐ തിരഞ്ഞെടുത്താൽ പ്രതിമാസം 500 രൂപയാണ് നൽകേണ്ടി വരിക. ജിയോഫോൺ നമ്പറിന് വേണ്ട റീച്ചാർജ് തുക കൂടി ഉൾപ്പെടുന്ന നിരക്കാണിത്. അതായത് ഇഎംഐ അടച്ചാൽ ഡാറ്റയും കോളിങും ഒപ്പം ലഭിക്കും. 500 രൂപ ഇഎംഐ നൽകുമ്പോൾ 1.5 ജിബി ഡാറ്റയാണ് ലഭിക്കുക. നിലവിൽ 28 ദിവസത്തെ വാലിഡിറ്റിയിൽ 1.5 ജിബി ലഭിക്കുന്ന ജിയോ പ്ലാൻ 199 രൂപയുടേതാണ്.
- 1999 രൂപയും 501 രൂപ പ്രൊസസിങ് ചാർജും ആദ്യം നൽകണം.
- 18 മാസം 500 രൂപ നൽകിയാൽ ആകെ അടക്കേണ്ടത് 9000 രൂപയാണ്.
- 199 രൂപയാണ് 18 മാസം റീച്ചാർജ് ചെയ്യുന്നത് എങ്കിൽ ആകെ തുക 3582 രൂപയാണ്.
- ഫോണിന്റെ വിലയിൽ 4500 രൂപയാണ് ഇനി കൊടുക്കാനുള്ളത്
- 18 മാസത്തെ ഇഎംഐ പ്ലാനിൽ ആകെ അടയ്ക്കുന്ന 9000 രൂപയിൽ നിന്നും ഫോണിന്റെ ബാക്കി തുകയും (4500) 18 മാസത്തെ 199 രൂപയുടെ റീച്ചാർജ് തുകയായ 3582 രൂപയും കുറച്ചാൽ കിട്ടുക 918 രൂപയാണ്.
6499 രൂപയുടെ ഫോൺ 18 മാസത്തെ തവണയിൽ വാങ്ങുമ്പോൾ 918 രൂപയും പ്രൊസസിങ് തുകയായ 501 രൂപയും അധികമായി നൽകണം. വ്യത്യസ്ത ഇഎംഐ പ്ലാനുകളിൽ ഈ നിരക്കിൽ വ്യത്യാസം വരും.
- 18 മാസത്തെ 350 രൂപ വരിസംഖ്യ വരുന്ന പ്ലാൻ എടുത്താൽ ജിയോഫോൺ നെക്സ്റ്റിന് 1999 രൂപ+ 501 രൂപ പ്രൊസസിങ് ഫീസ് + 6300 രൂപ ഇഎംഐ എന്നിവ അടക്കം ആകെ 8800 രൂപ ഒരാൾക്ക് ചെലവാകും.
- 24 മാസത്തെ 300 രൂപ വരിസംഖ്യ വരുന്ന പ്ലാൻ എടുത്താൽ ജിയോഫോൺ നെക്സ്റ്റിന് 1999 രൂപ+ 501 രൂപ പ്രൊസസിങ് ഫീസ് + 7200 രൂപ ഇഎംഐ എന്നിവ അടക്കം ആകെ 9700 രൂപ ഒരാൾക്ക് ചെലവാകും.
- 18 മാസത്തെ 500 രൂപ വരിസംഖ്യ വരുന്ന പ്ലാൻ എടുത്താൽ ജിയോഫോൺ നെക്സ്റ്റിന് 1999 രൂപ+ 501 രൂപ പ്രൊസസിങ് ഫീസ് + 9000 രൂപ ഇഎംഐ എന്നിവ അടക്കം ആകെ 11500 രൂപ ഒരാൾക്ക് ചെലവാകും.
- 24 മാസത്തെ 450 രൂപ വരിസംഖ്യ വരുന്ന പ്ലാൻ എടുത്താൽ ജിയോഫോൺ നെക്സ്റ്റിന് 1999 രൂപ+ 501 രൂപ പ്രൊസസിങ് ഫീസ് + 9000 രൂപ ഇഎംഐ എന്നിവ അടക്കം ആകെ 13500 രൂപ ഒരാൾക്ക് ചെലവാകും.
- 18 മാസത്തെ 550 രൂപ വരിസംഖ്യ വരുന്ന പ്ലാൻ എടുത്താൽ ജിയോഫോൺ നെക്സ്റ്റിന് 1999 രൂപ+ 501 രൂപ പ്രൊസസിങ് ഫീസ് + 9900 രൂപ ഇഎംഐ എന്നിവ അടക്കം ആകെ 12400 രൂപ ഒരാൾക്ക് ചെലവാകും.
- 24 മാസത്തെ 500 രൂപ വരിസംഖ്യ വരുന്ന പ്ലാൻ എടുത്താൽ ജിയോഫോൺ നെക്സ്റ്റിന് 1999 രൂപ+ 501 രൂപ പ്രൊസസിങ് ഫീസ് + 12000 രൂപ ഇഎംഐ എന്നിവ അടക്കം ആകെ 14500 രൂപ ഒരാൾക്ക് ചെലവാകും.
- 18 മാസത്തെ 600 രൂപ വരിസംഖ്യ വരുന്ന പ്ലാൻ എടുത്താൽ ജിയോഫോൺ നെക്സ്റ്റിന് 1999 രൂപ+ 501 രൂപ പ്രൊസസിങ് ഫീസ് + 10800 രൂപ ഇഎംഐ എന്നിവ അടക്കം ആകെ 13300 രൂപ ഒരാൾക്ക് ചെലവാകും.
- 24 മാസത്തെ 550 രൂപ വരിസംഖ്യ വരുന്ന പ്ലാൻ എടുത്താൽ ജിയോഫോൺ നെക്സ്റ്റിന് 1999 രൂപ+ 501 രൂപ പ്രൊസസിങ് ഫീസ് + 13750 രൂപ ഇഎംഐ എന്നിവ അടക്കം ആകെ 16250 രൂപ ഒരാൾക്ക് ചെലവാകും.
Content Highlights: Reliance Jio, Google, afforable smartphone, smartphone under Rs6500