ഫേസ് റെക്കഗ്നിഷൻ സംവിധാനം ഫെയ്സ്ബുക്കിൽ നിന്ന് ഒഴിവാക്കുകയാണെന്ന കമ്പനിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്ത് വിസിൽബ്ലോവർ ഫ്രാൻസിസ് ഹൂഗൻ. അതേസമയം ഈ പ്രഖ്യാപനം ഫെയ്സ്ബുക്ക് യഥാർത്ഥത്തിൽ പാലിക്കുന്നുണ്ടോ എന്ന് സർക്കാർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അവർ പറഞ്ഞു.
അടുത്തിടെ ഫെയ്സ്ബുക്കിനെതിരെ ഗുരുതരമായ ആരോപണങ്ങളുയർത്തി രംഗത്തുവന്നയാളാണ് ഫ്രാൻസിസ് ഹൂഗൻ. ഫെയ്സ്ബുക്ക് പ്ലാറ്റ് ഫോം സമൂഹത്തേയും വ്യക്തികളേയും എങ്ങനെയാണ് ബാധിക്കുന്നത് എന്നതിന് തെളിവുകൾ നൽകുന്ന ഫേസ്ബുക്കിന്റെ ആഭ്യന്തര രേഖകളും ഹൂഗൻ പുറത്തുവിട്ടിരുന്നു. ഈ വിവാദങ്ങൾ കത്തിനിൽക്കെയാണ് ഏറെ കാലമായി സ്വകാര്യതാ വാദികൾ ആശങ്ക ഉന്നയിച്ചിരുന്ന ഫേസ് റെക്കഗ്നിഷൻ സംവിധാനം ഒഴിവാക്കുകയാണെന്നും ഇതുവരെ ശേഖരിച്ച ഫേസ് പ്രിന്റുകളെല്ലാം നീക്കം ചെയ്‌യുമെന്നും കമ്പനി പ്രഖ്യാപിച്ചത്.
ഈ വിഷയത്തിൽ സർക്കാർ മേൽനോട്ടം വേണം . അവ നീക്കം ചെയ്‌യുന്ന നടപടിക്രമങ്ങളിൽ കൂടുതൽ സുതാര്യത ഉണ്ടാവേണ്ടതുണ്ട്. ഫ്രാൻസിസ് ഹൂഗൻ പറഞ്ഞു.
ജർമനിയിലെ നീതിന്യായ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കൊരുങ്ങുകയാണ് ഫ്രാൻസിസ് ഹൂഗൻ. അമേരിക്കയുടെ കർക്കശമായ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള സമീപനത്തേക്കാൾ ടെക്നോളജി കമ്പനികളെ നിയന്ത്രിക്കുന്നതിൽ യൂറോപ്യൻ യൂണിയന്റെയും ബ്രിട്ടന്റേയും തത്വാധിഷ്ഠിത നിയന്ത്രണങ്ങളാണ് കൂടുതൽ ഫലപ്രദമെന്ന് ഹൂഗൻ പറയുന്നു.
Read Also
ഇംഗ്ലീഷിന് പുറമെയുള്ള ഭാഷകളിലുള്ള ഉള്ളടക്കങ്ങളുടെ നിരീക്ഷണം ഫെയ്സ്ബുക്ക് മെച്ചപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ യൂറോപ്പിന് പ്രത്യേക പങ്കുവഹിക്കാനാകും.
ബർമീസ് മുതൽ ഗ്രീക്ക് വരെയുള്ള ഭാഷകളിൽ വിദ്വേഷ പ്രചാരണം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന വിമർശനം ഫെയ്സ്ബുക്ക് നേരിട്ടിരുന്നു. ഇംഗ്ലീഷ് ഭാഷ സംസാരിക്കാത്ത ലോകത്തെ മറ്റെല്ലാവർക്കും വേണ്ടി വാദിക്കാൻ ഭാഷാ വൈവിധ്യമുള്ള യുറോപ്പിന് സാധിക്കുമെന്നും ഹൂഗൻ പറഞ്ഞു.
Content Highlights: Frances Hougen, Face recognition system, facebook, Europe, whistleblower