മലപ്പുറം > എഴുത്തുകാരനും ഗ്രന്ഥശാലാ പ്രവർത്തകനുമായ പ്രൊഫ. പാലക്കീഴ് നാരായണൻ (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചെമ്മാണിയോടുള്ള വീട്ടിൽ വിശ്രമത്തിലിരിക്കെ വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് അന്ത്യം. സംസ്കാരം വൈകീട്ട് നാലിന് മോലാറ്റൂർ ചെമ്മാണിയോടുള്ള വീട്ടുവളപ്പിൽ.
1973 മുതൽ ഗ്രന്ഥശാലാ സംഘം സംസ്ഥാന കൗൺസിൽ അംഗം, 10 വർഷം ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്സി കുട്ടീവ് അംഗം, ഗ്രന്ഥാലോകം പത്രാധിപർ, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. വി ടി ഒരു ഇതിഹാസം ,കാൾ മാർക്സ്, മുത്തശ്ശിക്ക് അരനൂറ്റാണ്ട് , ചെറുകാട് ഓർമയും കാഴ്ചയും, ആനന്ദമഠം, ചെറുകാട് പ്രതിഭയും സമൂഹവും, മഹാഭാരത കഥകൾ തുടങ്ങിയവ പ്രധാന കൃതികളാണ്.
കേരള സംസ്ഥാന ലൈബ്രററി കൗൺസിലിൻ്റെ പിഎൻ പണിക്കർ പുരസ്ക്കാരം, ഐ വി ദാസ് പുരസ്ക്കാരം എന്നിവയും ലഭിച്ചു.
സംഭാവനക്കുള്ള പുരസ്കാരവും ലഭിച്ചു. 1940 – ൽ മലപ്പുറം ജില്ലയിലെ ചെമ്മാണിയോട് പാലക്കീഴ് നാരായണൻ നമ്പൂതിരിയുടെയും നങ്ങേലി അന്തർജനത്തിന്റെയും മകനായി ജനിച്ചു. ചെമ്മാണിയോടും മേലാറ്റൂരും മണ്ണാർക്കാടും പട്ടാമ്പി ഗവ. സംസ്കൃത കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. വിദ്വാൻ പരീക്ഷ പാസായി, എം എ ബിരുദവും നേടി. പെരിന്തൽമണ്ണ ഗവ. കോളേജിൽ അധ്യാപകനായിരിക്കെ 1995-ൽ വിരമിച്ചു. ഭാര്യ: പി എം സാവിത്രി.