ആമസോണിൽ വിലകൂടിയ ഉൽപന്നങ്ങൾ ഓർഡർ ചെയ്ത് ആളുകൾ കബളിപ്പിക്കപ്പെടുന്ന നിരവധി സംഭവങ്ങൾ നമ്മൾ ഇതിന് മുമ്പ് കേട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ആമസോൺ വിൽപനമേളയ്ക്കിടയിലും ഓർഡർ ചെയ്ത ഐഫോണിന് പകരം വിം ബാർ സോപ്പ് കിട്ടിയ വാർത്തയുണ്ടായിരുന്നു. എന്നാൽ വയനാട് കണിയാമ്പറ്റ സ്വദേശി മിഥുൻ ബാബുവിന് ഉണ്ടായത് മറ്റൊരു അനുഭവമാണ്.
ഒക്ടോബർ 30 നാണ് ആമസോണിൽ നിന്ന് ഒരു മിഥുൻ ഓർഡർ ചെയ്തത്. നവംബർ ഒന്നിന് തന്നെ ഓർഡർ കയ്യിൽ കിട്ടുകയും ചെയ്തു. എന്നാൽ പാസ്പോർട്ട് കവറിനൊപ്പം ഒരു പാസ്പോർട്ട് കൂടി അതിനൊപ്പം ലഭിച്ചു. മറ്റൊരാളുടെ പാസ് പോർട്ട്.
ഇതെങ്ങനെ എന്ന് തോന്നുന്നുണ്ടാവും. ഇതേ ചോദ്യം തന്നെയാണ് മിഥുന്റെ മനസിലുമുണ്ടായത്. പാസ് പോർട്ട് കവർ ഓർഡർ ചെയ്യുമ്പോൾ അതിനൊപ്പം ഇടാനുള്ള പാസ് പോർട്ട് കൂടി ആമസോൺ അയച്ച പോലെയായി.
ഉടൻ തന്നെ ആമോസോൺ അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഈ സംഭവം ഇനി ആവർത്തിക്കില്ല എന്ന മറുപടി മാത്രമാണ് ലഭിച്ചത്. അപ്പോഴും അവർ അയച്ചു തന്ന പാസ്പോർട്ട് എന്ത് ചെയ്യണമെന്ന് മാത്രം അവർ പറഞ്ഞില്ല.
തൃശൂർ കുന്നംകുളം സ്വദേശിയായ ബഷീർ എന്ന പത്ത് വയസുകാരന്റെ ഒറിജിനൽ പാസ്പോർട്ട് ആണ് കവറിലുണ്ടായിരുന്നത്. അസ്മാബി എന്നാണ് അമ്മയുടെ പേര്. മുമ്പ് പാസ് പോർട്ട് കവർ വാങ്ങിയവർ അത് ആമസോണിന് തന്നെ തിരിച്ചുനൽകിയപ്പോൾ പാസ് പോർട്ട് അതിൽ പെട്ട് പോയതായിരിക്കാനാണ് സാധ്യത. പാസ് പോർട്ടിൽ കോൺടാക്റ്റ് നമ്പർ ഇല്ലാത്തതിനാൽ അവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. അടുത്ത ദിവസം തന്നെ പാസ് പോർട്ടിലെ വിലാസത്തിൽ അത് അയച്ചുകൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് മിഥുൻ പറഞ്ഞു.
Content Highlights: Amazon delivered passport cover with a passport