ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധിയ്ക്ക് വേണ്ടിയുള്ള ഗവേഷണ രംഗത്ത് തങ്ങൾക്കുണ്ടായ വിജയത്തിൽ ഗവേഷകർ തന്നെ പരിഭ്രാന്തിയിലാണെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ചുള്ള പ്രധാന പുസ്തകങ്ങളിലൊന്ന് രചിച്ച ശാസ്ത്രജ്ഞൻ പ്രൊഫസർ സ്റ്റുവർട്ട് റസൽ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ആറ്റംബോംബിനോടാണ് അദ്ദേഹം താരതമ്യം ചെയ്യുന്നത്.
മനുഷ്യരേക്കാൾ ബുദ്ധിയുള്ള യന്ത്രങ്ങൾ ഈ നൂറ്റാണ്ടിൽ തന്നെ നിർമിക്കപ്പെടുമെന്ന് ബെർക് ലിയിലെ കാലിഫോർണിയ സർവകലാശാലയിലുള്ള സെന്റർ ഫോർ ഹ്യുമൻ കൊംബാറ്റബിൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്ഥാപകനായ സ്റ്റുവർട്ട് റസൽ ദി ഗാർഡിയനോട് പറഞ്ഞു. നിർമിതബുദ്ധി സാങ്കേതികവിദ്യാ വികസനത്തിന് കടിഞ്ഞാണിടാൻ അന്തർദേശീയ ഉടമ്പടികൾ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
1995-ൽ പുറത്തിറങ്ങിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്: എ മോഡേൺ അപ്രോച്ച് എന്ന പുസ്തകത്തിന്റെ എഴുത്തുകാരിൽ ഒരാളാണ് റസൽ.
സൂപ്പർ ഇന്റലിജന്റായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസിപ്പിക്കപ്പെട്ടതിനാൽ അത് മനുഷ്യരുടെ നിയന്ത്രണത്തിൽ തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ അടിയന്തിര നടപടികൾ ആവശ്യമാണ്. ഒരു പ്രത്യേക രീതിശാസ്ത്രവും പൊതുവായ സമീപനവും ഉപയോഗിച്ചാണ് നിർമിതബുദ്ധി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആ രീതിയിലുള്ള ഒരു സംവിധാനം സങ്കീർണമായ യഥാർത്ഥ ലോകത്ത് ഉപയോഗിക്കാൻ നമ്മൾ ഇനിയും ശ്രദ്ധാലുക്കളായിട്ടില്ല.
ഉദാഹരണത്തിന് കാൻസർ അതിവേഗം ഇല്ലായ്മ ചെയ്യാൻ നിർമിതബുദ്ധിയോട് ആവശ്യപ്പെടുന്നത് ഏറെ അപകടകരമായി മാറിയേക്കും. അങ്ങനെ നിർദേശിച്ചാൽ ഈ ലോകത്തെ ജനതയ്ക്കാകമാനം ട്യൂമറുണ്ടാക്കാനുള്ള വഴി അത് കണ്ട് പിടിച്ച് മനുഷ്യരെ ഗിനി പന്നികളെ പോലെ കണ്ട് സമാന്തര പരീക്ഷണങ്ങൾ നടത്തിയെന്ന് വരും.
കാരണം, നമ്മൾ അതിന് നൽകിയിരിക്കുന്ന നിർദേശമനുസരിച്ചുള്ള ജോലിയാണ് അത് ചെയ്യുന്നത്. മനുഷ്യരെ ഗിനി പന്നികളായി ഉപയോഗിക്കരുതെന്നും പരീക്ഷണം നടത്തുന്നതിനായി ലോകത്തെ ആകമാനം ജിഡിപിയും ഉപയോഗിക്കരുത് എന്നും അതിന് വ്യക്തമാക്കി പറഞ്ഞുകൊടുക്കാനും നീ അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നെല്ലാം പറഞ്ഞുകൊടുക്കാനും നമ്മൾ മറന്നു.
സിനിമകളിൽ കാണുന്ന നിർമിതബുദ്ധിയും ഇന്ന് നിലവിലുള്ളതും തമ്മിൽ വലിയ അന്തരമുണ്ട്. എന്നാൽ മനുഷ്യരേക്കാൾ കൂടുതൽ ബുദ്ധിശക്തിയുള്ള യന്ത്രങ്ങളുള്ള ഒരു ഭാവി സുനിശ്ചിതമാണ് താനും. അത് പത്ത് വർഷം കൊണ്ടോ നൂറ് വർഷം കൊണ്ടോ യാഥാർത്ഥ്യമാവാം. എന്നാൽ ഈ നൂറ്റാണ്ടിൽ തന്നെ അത് സംഭവിക്കുമെന്ന് ഗവേഷകർക്കുറപ്പാണ്.
എല്ലാത്തിനേയും ഭീഷണിയിലാക്കിയിട്ട് ഒരു യന്ത്രം മനുഷ്യരേക്കാൾ ബുദ്ധിയുള്ളതായി മാറേണ്ടതില്ല എന്നതാണ് ഒരു ആശങ്ക. അത് ഇപ്പോഴാണ് വ്യക്തമായി വരുന്നത് എന്ന് സമൂഹമാധ്യമ വെബ്സൈറ്റുകളിലെ അൽഗൊരിതം ആളുകൾ എന്ത് കാണണമെന്നും വായിക്കണമെന്നുമെല്ലാം തീരുമാനിക്കുന്നതും നമ്മൾ എന്ത് അറിയണമെന്നതിൽ വലിയ നിയന്ത്രണം കയ്യടക്കുന്നതും ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
അൽഗോരിതങ്ങൾ ഉപയോക്താവിനെ വശംവദരാക്കുകയും ബ്രെയിൻവാഷ് ചെയ്യുകയും ചെയ്യുന്നു. അതുവഴി അവരുടെ പെരുമാറ്റം കൂടുതൽ പ്രവചിക്കാനാകുകയും ക്ലിക്ക് അടിസ്ഥാനമാക്കിയുള്ള വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് സ്വന്തം വിജയത്തിൽ ഗവേഷകർ തന്നെ പരിഭ്രാന്തിയിലാകുന്നുവെന്ന് അദ്ദേഹം പറയുന്നത്.
Content Highlights: Real world impact of Artificial Intelligence, Threats of AI, Super Intelligent Ai