മനാമ > ബഹ്റൈന്‍ പ്രതിഭ പ്രഥമ നാടക അവാര്‍ഡ് പ്രഖ്യാപനത്തിന് മുന്നോടിയായി പ്രതിഭ നാടകവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യൂണിറ്റ്തല നാടക മത്സര ഫലം പ്രഖ്യാപിച്ചു. ഹിദ്ദ് യൂണിറ്റ് അവതരിപ്പിച്ച ‘സ്വത്വം’ ആണ് മികച്ച നാടകം. സല്‍മാനിയ യൂണിറ്റ് അവതരിപ്പിച്ച ‘ജൂലിയസ് സീസര്‍ ആക്റ്റ് (ഐവി)’ എന്ന നാടകത്തിന്റെ സംവിധായകന് പിഎന്‍ മോഹന്‍രാജ് ആണ് മികച്ച സംവിധായകന്. മികച്ച നടനായി സെന്‍ട്രല്‍ മാര്‍ക്കറ്റ് യൂണിറ്റിന്റെ ‘മല്ലനും മാതേവനും’ എന്ന നാടകത്തിലെ മാതേവനെ അവതരിപ്പിച്ച വി പി പ്രകാശനും മികച്ച നടിയായി വെസ്റ്റ് റിഫ യൂണിറ്റ് അവതരിപ്പിച്ച ‘അനുരാഗത്തിന്റെ ദിനങ്ങള്‍’ എന്ന നാടകത്തിലെ നാരായണിയായി വേഷമിട്ട സ്വപ്ന രാജീവും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച നാടകങ്ങള്‍ക്കുള്ള രണ്ടും മൂന്നും സ്ഥാനം യഥാക്രമം സെന്‍ട്രല്‍ മാര്‍ക്കറ്റ് യൂണിറ്റിന്റെ ‘മല്ലനും മാതേവനും’, ഉം അല്‍ ഹസ്സം യൂണിറ്റിന്റെ ‘ചില നേരങ്ങളില്‍ ചിലര്‍’ എന്നീ നാടകങ്ങള്‍ കരസ്ഥമാക്കി. ‘ചില നേരങ്ങളില്‍ ചിലരി’ലെ ദുര്‍ഗ്ഗ കാശിനാഥനാണ് മികച്ച രണ്ടാമത്തെ നടി. മൂന്നാം സ്ഥാനം ‘സ്വത്വ’ത്തിലെ നേഹ ദിലീഫും സ്വന്തമാക്കി.
മികച്ച രണ്ടാമത്തെ നടന് ‘മല്ലനും മാതേവനും’ നാടകത്തിലെ മല്ലനായി അരങ്ങെത്തെിയ നജീബാണ്. മൂന്നാം സ്ഥാനം മനാമ സൂഖ് യൂണിറ്റ് അവതരിപ്പിച്ച ‘പരേതന് പറയാനുള്ളത്’ എന്ന നാടകത്തിലെ പരേതനെ അവതരിപ്പിച്ച സജീവന് ചെറുകുന്നിനാണ്.
മികച്ച സംവിധായകനുള്ള രണ്ടാം സ്ഥാനം വെസ്റ്റ് റിഫയുടെ ‘അനുരാഗത്തിന്റെ ദിനങ്ങള്‍’ സംവിധാനം ചെയ്ത ജയന് മേലത്തിനാണ്. ‘സ്വത്വം’ സംവിധാനം ചെയ്ത പ്രജിത്ത് നമ്പ്യാരും വിനോദ് വി ദേവനും മൂന്നാം സ്ഥാനം നേടി.
ബഹറിനില്‍ നിന്നും രചിക്കപ്പെട്ട മികച്ച നാടകങ്ങള്‍ക്കുള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് ‘സ്വത്വം’ രചയിതാക്കളായ ഫിറോസ് തിരുവത്ര, പ്രജിത്ത് നമ്പ്യാര്‍ എന്നിവരും ടുബ്ലി അവതരിപ്പിച്ച ‘അവള്‍ക്കൊപ്പം’ നാടകത്തിന്റെ രചയിതാവായ ഹരീഷും അര്‍ഹരായി.
കേരളത്തിലെ പ്രശസ്ത നാടകപ്രവര്‍ത്തകരായ ഉദിനൂര്‍ ബാലഗോപാലന്, പ്രകാശന് കരിവെള്ളൂര്‍, അനില്‍ നടക്കാവ്, വിനോദ് ആലന്തട്ട എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്.
ബഹ്റൈന്‍ പ്രതിഭ നല്കുന്ന നാടക അവാര്ഡിനോടനുബന്ധിച്ചായിരുന്നു നാടക മത്സരം. പ്രതിഭയുടെ പത്തൊമ്പത് യൂണിറ്റുകള്‍ നാടകങ്ങള്‍ അവതരിപ്പിച്ചു.
പ്രഥമ പ്രതിഭ നാടക അവാര്‍ഡ് നവംബര്‍ ഒന്നിന് തിങ്കളാഴ്ച പ്രഖ്യാപിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
നാടക മത്സരം വിജയിപ്പിക്കാന്‍ രംഗത്തിറങ്ങിയ മുഴുവന്‍ പ്രവര്‍ത്തകരെയും പ്രതിഭ ഭാരവാഹികള്‍ അഭിവാദ്യം ചെയ്തു.