റിയാദ് > അടിയന്തര സാഹചര്യങ്ങളില്‍ പ്രവാസികള്‍ക്ക് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ നാട്ടിലേക്ക് യാത്ര ചെയ്യാനുള്ള ഇളവ് റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് റിയാദ് കേളി കലാ സാംസ്കാരിക വേദി ആവശ്യപ്പെട്ടു.
ഉറ്റവരുടെ മരണം, മറ്റ് അത്യാഹിതങ്ങള്‍ എന്നിവ കാരണം അടിയന്തിരമായി നാട്ടിലേക്ക് പോകേണ്ടവര്‍ക്ക് പിസിആര്‍ പരിശോധനയില്ലാതെ യാത്ര ചെയ്യാന്‍ നേരത്തേ അനുമതിയുണ്ടായിരുന്നു. ഈ ഇളവാണ് കേന്ദ്രസര്‍ക്കാര്‍ പൊടുന്നനെ പിന്‍വലിച്ചത്.
എമര്‍ജന്‍സി വിഭാഗത്തില്‍ വിവരങ്ങള്‍ നല്കി ഇനി റജിസ്റ്റര്‍ ചെയ്യാനാകില്ല. എയര്‍ സുവിധ വെബ് പോര്‍ട്ടലില്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തവര്‍ക്ക് മാത്രമേ ഇനി നാട്ടിലേക്ക് പോകാന്‍ സാധിക്കൂ. കുടുംബത്തില്‍ അത്യാഹിതം നടന്നാല്‍ നാട്ടിലേക്ക് മടങ്ങാന്‍ പ്രവാസികള്‍ക്ക് ഇനി പിസിആര്‍ ടെസ്റ്റ് എടുത്ത് റിസള്‍ട്ട് വരുന്നത് വരെ കാത്തിരിക്കണം. പിസിആര്‍ ടെസ്റ്റ് റിസള്‍ട്ടിന് പല രാജ്യങ്ങളിലും വ്യത്യസ്ത സമയമാണ് എടുക്കുന്നത്.
ഗള്‍ഫില്‍ പല രാജ്യങ്ങളും മാസ്കും സാമൂഹ്യ അകലവും അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സാധാരണ ജീവിത സാഹചര്യങ്ങളിലേക്ക് മടങ്ങിവരുമ്പോഴാണ് പ്രവാസികളെ നേരിട്ട് ബാധിക്കുന്ന ഇത്തരം ഒരു നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരുന്നതെന്നത് തികച്ചും അപലപനീയമാണെന്നും പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന അത്തരം തീരുമാനം പിന്‍വലിച്ച് അടിയന്തര സാഹചര്യങ്ങളില്‍ പിസിആര്‍ ടെസ്റ്റില്ലാതെ നാട്ടിലേക്ക് പോകാനുള്ള സാഹചര്യം നിലനിര്‍ത്തണമെന്നും കേളി സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.