കഴിഞ്ഞ വർഷം അവസാനത്തോടെയാണ് വാട്സാപ്പ് ഇന്ത്യയിൽ യുപിഐ സേവനം ആരംഭിച്ചത്. ഉപഭോക്താക്കൾക്ക് വാട്സാപ്പിനുള്ളിൽ തന്നെ പണമയക്കാനും സ്വീകരിക്കാനും സാധിക്കുന്ന സൗകര്യമാണിത്. എന്നാൽ മറ്റ് യുപിഐ സേവനങ്ങളിൽ നിന്ന് കനത്ത മത്സരം നേരിടുകയാണ് വാട്സാപ്പ്. സ്ഥിരം ഉപഭോക്താക്കളെ കിട്ടാനുള്ള ശ്രമങ്ങളും വാട്സാപ്പ് ഇതുവരെയും കാര്യമായി നടത്തിയിരുന്നില്ല. എന്നാൽ ഇപ്പോഴിതാ വാട്സാപ്പ് ഉപഭോക്താക്കൾക്കായി ഒരു കാഷ്ബാക്ക് പ്രോഗ്രാം അവതരിപ്പിച്ചിരിക്കുകയാണ്. വാട്സാപ്പ് വഴി പണമിടപാട് നടത്തുന്നവർക്ക് 51 രൂപയുടെ കാഷ്ബാക്ക് ലഭിക്കും.
നിലവിൽ ഗുഗിൾ പേയും, ഫോൺ പേയുമെല്ലാം ഇത്തരം കാഷ്ബാക്കുകൾ വാഗ്ദാനം ചെയ്‌യുന്നുണ്ട്. ഇതേ പാത പിന്തുടരാനുള്ള ശ്രമത്തിലാണ് വാട്സാപ്പ്. വാട്സാപ്പിൻറെ ബീറ്റാ പതിപ്പിൽ ഇതുമായി ബന്ധപ്പെട്ട ഒരു ബാനർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഔദ്യോഗികമായി കാഷ്ബാക്ക് പ്രോഗ്രാം പ്രഖ്യാപിച്ചിട്ടില്ല.
വാട്സാപ്പിൽ എങ്ങനെ 51 രൂപ കിട്ടും?
വാട്സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പിൽ ചാറ്റ് വിൻഡോയ്‍ക്ക് മുകളിലായി ഒരു ബാനർ കാണിക്കുന്നുണ്ട്. Give cash, get Rs 51 back എന്ന സന്ദേശമാണതിൽ. വാട്സാപ്പ് വഴി പണമയക്കുന്ന എല്ലാവർക്കും 51 രൂപ കിട്ടും. ഒരു വാട്സാപ്പ് അക്കൗണ്ടിന് അഞ്ച് തവണമാത്രമേ 51 രൂപ കിട്ടുകയുള്ളൂ അതായത് ഒരാൾക്ക് 255 രൂപ കാഷ്ബാക്കായി ലഭിക്കും.
ഒരു രൂപ അച്ചാൽ പോലും കാഷ്ബാക്ക് കിട്ടാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ പറയുന്നു. പണമിടപാട് പൂർത്തിയായാൽ കാഷ്ബാക്ക് നേരെ അക്കൗണ്ടിൽ വരും.
എത്രനാൾ ഈ കാഷ്ബാക്ക് പ്രോഗ്രാം നടത്തുമെന്ന് വ്യക്തമല്ല.
വാട്സാപ്പ് യുപിഐ എങ്ങനെ ഉപയോഗിക്കാം
- വാട്സാപ്പ് ആപ്പ് തുറന്ന് വലത് ഭാഗത്ത് മുകളിലുള്ള ത്രീ ഡോട്ട് മെനു തുറക്കുക. അതിൽ പേമെന്റ് തിരഞ്ഞെടുക്കുക.
- Add payment method ഓപ്ഷൻ തിരഞ്ഞെടുക്കുക.
- വെരിഫിക്കേഷന് ശേഷം ബാങ്ക് തിരഞ്ഞെടുക്കുക
- Payment സെക്ഷനിൽ താഴെ വലത് ഭാഗത്തായുള്ള New Payment തിരഞ്ഞെടുത്ത് കോൺടാക്റ്റ് ലിസ്റ്റിലുള്ളവർക്ക് പണമയക്കാം.
- ഓരോ ചാറ്റ് വിൻഡോ തുറക്കുമ്പോഴും താഴെ അറ്റാച്ച് മെന്റ് ബട്ടന് സമീപത്തായി പേമെന്റ് ഓപ്ഷനും കാണാം.
Content Highlights: 51 Rs Cash Back, Whatsapp payments, Gpay, Phone Pe offers