സോഷ്യൽ മീഡിയയുടെ ഭാവി മെറ്റാവേഴ്സിലാണത്രെ. ഫെയ്സ്ബുക്ക് എന്ന കമ്പനിയുടെ പേര് മെറ്റ എന്നാ മാറ്റിക്കൊണ്ട് സംസാരിക്കവെ കമ്പനി മേധാവി മാർക്ക് സക്കർബർഗ് ആവർത്തിച്ചു പറയുന്നത് ഇതാണ്. സോഷ്യൽ മീഡിയയുടെ പരിണാമം ഇനി മെറ്റാവേഴ്സിലേക്കാണെന്ന്. ആ ഭാവി മുന്നിൽ കണ്ടുകൊണ്ടാണ് മെറ്റാ എന്ന പേര് കമ്പനിയ്ക്ക് നൽകിയിരിക്കുന്നത്. കമ്പനിയുടെ ഭാവി മെറ്റാവേഴ്സ് അനുബന്ധിത സാങ്കേതികവിദ്യകളിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാവുമെന്ന് ഇത് വ്യക്തമാക്കുന്നു.
എന്താണ് മെറ്റാവേഴ്സ് ?
1992 ൽ നീൽ സ്റ്റീഫെൻസൺ എഴുതിയ സ്നോ ക്രാഷ് എന്ന സയൻസ് ഫിക്ഷൻ നോവലിലാണ് മെറ്റാവേഴ്സ് എന്ന പേര് ആദ്യമായി ഉപയോഗിക്കുന്നത്. യഥാർത്ഥലോകത്തിന്റെ ത്രിഡി പതിപ്പായ ഒരു വെർച്വൽ ലോകത്ത് സ്വന്തമായ അവതാറുകളായി (Avatar) മനുഷ്യർ ഇടപഴകുന്ന ഇടമായാണ് ഇതിൽ മെറ്റാവേഴ്സിനെ അവതരിപ്പിച്ചത്. വെർച്വൽ റിയാലിറ്റിയെ അടിസ്ഥാനമാക്കിയുള്ള ഒരു ഇന്റർനെറ്റ് എന്നും സ്റ്റീഫൻസൺ മെറ്റാവേഴ്സിനെ വിശദീകരിക്കുന്നുണ്ട്.
ഇന്ന് നമ്മൾ ഓൺലൈൻ ഇടപെടലും ത്രിഡി, വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സങ്കേതങ്ങളും ഒന്നിക്കുന്ന സമ്മിശ്ര ലോകമാണ് മെറ്റാവഴ്സ്. ആളുകൾക്ക് പരസ്പരം കാണാനും സംസാരിക്കാനുമെല്ലാം സാധിക്കുന്ന ഷെയേർഡ് വെർച്വൽ സ്പേസ് ആയിരിക്കുമത്. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകൾക്ക് ഈ വെർച്വൽ ലോകത്ത് പ്രവേശിക്കാനാവും ഓരോരുത്തർക്കും വെർച്വൽ രൂപമുണ്ടാവും (അവതാർ). പരസ്പരം കാണാനും സംസാരിക്കാനും സാധിക്കും.
പണ്ട് കാർട്ടൂണുകൾ കാണുമ്പോൾ ആ ലോകത്ത് നമുക്കും പോവാൻ സാധിച്ചെങ്കിൽ എന്ന് ചിലപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടില്ലേ ? പബ്ജി, കോൾ ഓഫ് ഡ്യൂട്ടി പോലുള്ള ഗെയിമുകൾ കളിക്കുമ്പോഴും ഒരു റേസിങ് ഗെയിമോ ഫൈറ്റിങ് സ്പോർട്സ് ഗെയിം കളിക്കുമ്പോഴും അതിലെ കഥാപാത്രങ്ങളായി നിങ്ങൾക്ക് മാറാൻ സാധിച്ചാലോ? ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൂട്ടുകാർക്ക് ഒന്നിച്ചിരുന്ന് ചീട്ടുകളിക്കാനും സൗഹൃദ സംഭാഷണത്തിലേർപ്പെടാനുമെല്ലാം സാധിച്ചാലോ? യഥാർത്ഥ ലോകത്തെന്ന പോലെ ഇത്തരം സാധ്യതകൾ യാഥാർത്ഥ്യമാക്കുന്ന സാങ്കേതമാണ് മെറ്റാവേഴ്സ്.
ഗെയിമിങ്, വിനോദം, സൗഹൃദ ശൃംഖല, സോഷ്യൽ നെറ്റ് വർക്ക് എന്നിവ മാത്രമല്ല ഇന്റർനെറ്റിനെ ഒന്നടങ്കം ഉൾക്കൊള്ളുന്നതായിരിക്കും മെറ്റാവേഴ്സ്. ഇന്റർനെറ്റിൽ എന്തെല്ലാം സാധ്യമാണോ അതെല്ലാം ഓഗ്മെന്റഡ് റിയാലിറ്റി വെർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യകളുടെ പിൻബലത്തിൽ ഓരോ വ്യക്തിക്കും മെറ്റാവേഴ്സിലൂടെ അനുഭവിക്കാൻ സാധിക്കും.
സോഷ്യൽ മീഡിയയുടെയും ഇന്റർനെറ്റിന്റേയും ഭാവി മെറ്റാവേഴ്സ് ആണെന്നാണ് മാർക്ക് സക്കർബർഗിന്റെ പ്രവചനം. വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യകളിൽ കമ്പനി വലിയ നിക്ഷേപമാണ് നടത്തിവരുന്നത്. ഒക്കുലസ് എന്ന വെർച്വൽ റിയാലിറ്റി ഉപകരണ നിർമാണ കമ്പനി ഇതോടെ മെറ്റായുടെ പ്രധാന സ്ഥാപനങ്ങളിലൊന്നായി മാറും.
ഫെയ്സ്ബുക്ക് മാത്രമല്ല
മെറ്റാവേഴ്സ് എന്ന ആശയം യഥാർത്ഥത്തിൽ ഫെയ്സ്ബുക്കിന്റെ സൃഷ്ടിയല്ല എന്നും ഈ രംഗത്തേക്ക് കടന്നുവരുന്ന ഏക സ്ഥാപനം ഫെയ്സ്ബുക്ക് അല്ല എന്നും നമ്മൾ മനസിലാക്കേണ്ടതാണ്. എപ്പിക് ഗെയിംസ്, റോബ്ലോക്സ് കോർപറേഷൻ, എൻവിഡിയ പോലുള്ള ഗെയിമിങ് കമ്പനികൾ ഇതിനകം തന്നെ സ്വന്തം മെറ്റാവേഴ്സ് പദ്ധതികൾക്ക് പിറകെയാണ്.
ബാറ്റിൽ റോയേൽ ഗെയിമായ ഫോർട്ട്നൈറ്റ്, റോബ്ലോക്സ്, മൈൻ ക്രാഫ്റ്റ്, അനിമൽ ക്രോസിങ്: ന്യൂ ഹൊറൈസൺ പോലുള്ളവയിൽ ഇതിനകം തന്നെ മെറ്റാവേഴ്സ് ആശയങ്ങൾ സന്നിവേശിപ്പിച്ചിരിക്കുന്നത് കാണാം. വിവിധ വീഡിയോ കോൺഫറൻസിങ് ടൂളുകളും വെർച്വൽ ഇവന്റുകളുമെല്ലാം ഈ ആശയത്തിന്റെ ചുവടുപിടിച്ചിട്ടുള്ളതാണ്.
എൻവിഡിയ, ബ്ലെൻഡർ, അഡോബി എന്നിവർ ചേർന്ന് എൻവിഡിയ ഒമ്നിവേഴ്സ് പ്ലാറ്റ്ഫോം സ്ഥാപിക്കാനുള്ള പദ്ധതിയിലാണ്.
വൻകിട സ്ഥാപനങ്ങളെ കൂടാതെ ചെറിയ സ്റ്റാർട്ട് അപ്പുകളും ഇതിനകം മെറ്റാവേഴ്സിൽ ഊന്നിയ പദ്ധതികളിലാണ്.
ന്യൂഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വൺ റെയർ (Onerare) , ലോക (Loka), കോപ്.സ്റ്റുഡിയോ (Cope Studio), ഇന്റെറാലിറ്റി തുടങ്ങിയ ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളും മെറ്റാവേഴ്സിന്റെ വിവിധ ഉപയോഗ സാധ്യതകൾക്ക് പിറകെ പ്രവർത്തിക്കുന്നവരാണ്.
പേര് മാറ്റം
നേരത്തെ സൂചിപ്പിച്ച പോലെ കമ്പനിയുടെ ഇനിയങ്ങോട്ടുള്ള പ്രവർത്തന മണ്ഡലം എന്തായിരിക്കുമെന്ന് പ്രഖ്യാപിക്കുകയാണ് മെറ്റാ എന്ന പേരിലൂടെ. മെറ്റാവേഴ്സിനും മെറ്റാ എന്ന പേരിനും വേണ്ടിയുള്ള ശ്രമങ്ങൾ സക്കർബർഗ് നേരത്തെ തന്നെ തുടങ്ങിയിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാവുന്നത്.
ശാസ്ത്ര ഗവേഷണ പ്രബന്ധങ്ങളുടെ ബിഗ് ഡാറ്റാ വിശകലനം നടത്തി വന്നിരുന്ന മെറ്റാ എന്ന സ്ഥാപനത്തെ സക്കർബർഗിന്റേയും ഭാര പെർസില ചാനിന്റേയും ഉടമസ്ഥതയിലുള്ള ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് 2017 ൽ ഏറ്റെടുത്തിരുന്നു. ഇത് 2022 ൽ പ്രവർത്തനം അവസാനിപ്പിക്കുകയാണ്.
2010 ൽ സാം ആമി മോളിനക്സ് എന്നിവർ ചേർന്ന് സ്ഥാപിച്ച മെറ്റാ ഇൻകോർപറേറ്റഡിന്റെ ലോഗോയ്ക്ക് സമാനമായ ലോഗോയാണ് പുതിയ മെറ്റായ്ക്കും നൽകിയിരിക്കുന്നത് എന്ന് ശ്രദ്ധേയം.
വിർച്വൽ റിയാലിറ്റി ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യകളിൽ ഊന്നിയ ഭാവി പദ്ധതികൾ നേരത്തെ തന്നെ ഫെയ്സ്ബുക്ക് പ്രഖ്യാപിക്കുകയും ഉപകരണങ്ങൾ വിപണിയിലിറക്കുകയും ചെയ്തിരുന്നു. ഹൊറൈസൺ വേൾഡ്സ് എന്ന പേരിൽ ഒരു വെർച്വൽ റിയാലിറ്റി ഓൺലൈൻ ഗെയിം അതിലൊന്നാണ്.
എന്നാൽ സമ്പൂർണമായി ഒരു മെറ്റാവേഴ്സ് കമ്പനിയായി രൂപമാറ്റം നടത്താനുള്ള ശ്രമം. ഫെയ്സ്ബുക്കിന്റെ പേരിനേറ്റിരിക്കുന്ന കളങ്കം മായ്ക്കാനാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. സമീപകാലത്തുയർന്ന വിവാദങ്ങൾ കമ്പനിയെ അടിമുടി ഉലച്ചിരുന്നു. വാട്സാപ്പും ഇൻസ്റ്റാഗ്രാമും ഫെയ്സ്ബുക്കും അടങ്ങുന്ന സുപ്രധാന സോഷ്യൽ മീഡിയാ സേവനങ്ങളെല്ലാം തന്നെ സുരക്ഷിതത്വത്തിന്റേയും സ്വകാര്യതയുടേയും പേരിൽ വിശ്വാസ്യത നഷ്ടപ്പെടുകയും വിവാദങ്ങളിൽ അകപ്പെടുകയും നിയമ നടപടികൾ നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കമ്പനിയെ ഒന്നടങ്കം മാറ്റി റീബ്രാൻഡ് ചെയ്യാനുള്ള ശ്രമം സക്കർബർഗിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. നേരത്തെ മാതൃകമ്പനി രൂപീകരിച്ചപ്പോൾ ഫെയ്സ്ബുക്ക് എന്ന പേര് മാറ്റാൻ തയ്യാറാകാതിരുന്ന സക്കർബഗ് അതിന് തയ്യാറായത് ഒരു പക്ഷെ നിക്ഷേപകരിൽ നിന്നുള്ള സമ്മർദ്ദം കൊണ്ടുമാവാം.