ബഹിരാകാശ ഗവേഷണരംഗത്തേക്ക് സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം വർധിച്ച കാലമാണിത്. സ്പേസ് എക്സും ബ്ലൂ ഓറിജിനും വിർജിൻ ഗാലക്‍ടികുമെല്ലാം ഇതിൽ മുൻനിരയിലുള്ള സ്ഥാപനങ്ങളാണ്. ബഹിരാകാശവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളാണ് ഇവർ ആസൂത്രണം ചെയ്‌യുന്നത്.
ഇപ്പോഴിതാ വാണിജ്യ തലത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ബഹിരാകാശ നിലയം സ്ഥാപിക്കാനും സ്വകാര്യ കമ്പനികൾ ഒരുങ്ങുകയാണ്. ലോഖീദ് മാർട്ടിൻ, നാനോറാക്സ്, വോയേജർ സ്പേസ് എന്നീ കമ്പനികൾ ചേർന്നാണ് 2027-ഓടെ ആളുകളെ വഹിക്കാൻ സാധിക്കുന്ന വാണിജ്യ ബഹിരാകാശ നിലയം സ്ഥാപിക്കാനൊരുങ്ങുന്നത്.
സ്റ്റാർലാബ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. അമേരിക്കൻ ഭരണകൂടത്തിനും സ്വകാര്യ സ്ഥാപനങ്ങൾക്കും വിനിയോഗിക്കാനാവും വിധമാവും ഇതിന്റെ പ്രവർത്തനം. നിലവിൽ അമേരിക്കയും സഖ്യരാജ്യങ്ങളും ഉപയോഗിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം 2030 ൽ പ്രവർത്തനം അവസാനിപ്പിക്കാനിരിക്കുകയാണ്.
അതിന് മുമ്പ് തന്നെ നാസയുടെ കൊമേർഷ്യൽ ലോ എർത്ത് ഓർബിറ്റ് ഡെസ്റ്റിനേഷൻ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഒരു പകരം സംവിധാനം സ്ഥാപിക്കാൻ സ്വകാര്യ കമ്പനികളെ ചുമതലപ്പെടുത്താനാണ് അമേരിക്കയുടെ ഉദ്ദേശിക്കുന്നത്. അത്തരത്തിൽ ഒന്നാവും സ്റ്റാർലാബ്. യാഥാർത്ഥ്യമായാൽ ഇതാകും ആദ്യ വാണിജ്യ ബഹിരാകാശ നിലയവും.
വിവിധങ്ങളായ ശാസ്ത്ര ഗവേഷണ ദൗത്യങ്ങൾ, ബഹിരാകാശ ഗവേഷകരുടെ പരിശീലനം, വിനോദ സഞ്ചാരം തുടങ്ങി വിവിധ ഉദ്ദേശങ്ങളോട് കൂടിയാണ് സ്റ്റാർലാബ് വിഭാവനം ചെയ്‌യുന്നത്.
അമേരിക്കയുടെ നയതന്ത്ര എതിരാളികളായ ചൈന സ്വന്തം ബഹിരാകാശ നിലയം നിർമിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയം പ്രവർത്തനം അവസാനിപ്പിക്കാനിരിക്കെ ബഹിരാകാശത്ത് അമേരിക്കയുടെ സാന്നിധ്യം ഉറപ്പുവരുത്തുക എന്ന ഉത്തരവാദിത്വവും സ്റ്റാർലാബിനാണ്. ഇന്ത്യയും സ്വന്തം ബഹിരാകാശ നിലയം എന്ന പദ്ധതിയുമായി മുന്നോട്ട് പോവുന്നുണ്ട്.
ബഹിരാകാശത്തെ ഗവേഷണ പഠനങ്ങൾക്കും മറ്റുമായി ഉപകരണങ്ങളും, ഹാർഡ് വെയറും, മറ്റ് സാങ്കേതിക സഹായം ചെയ്തുവരുന്ന നാനോറാക്ക്സ് ആണ് സ്റ്റാർലാബിന്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വോയേജർ സ്പേസ് ഇതിന്റെ വാണിജ്യ വിഭാഗം കൈകാര്യം ചെയ്‌യും. ലോഖീദ് മാർട്ടിന്റെ നേതൃത്വത്തിലായിരിക്കും സ്റ്റാർലാബിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുക. അമേരിക്കയ്‍ക്ക് വേണ്ടി യുദ്ധവിമാനങ്ങളും ആയുധങ്ങളും മറ്റ് വ്യോമയാന പിന്തുണയും നൽകിവരുന്ന കമ്പനിയാണ് ലോഖീദ് മാർട്ടിൻ.
നിലവിലെ രൂപകൽപന അനുസരിച്ച് ഒരു മെറ്റാലിക് ഡോക്കിങ് നോഡും മനുഷ്യർക്ക് വസിക്കാൻ സാധിക്കുന്ന വലിയ മോഡ്യൂളുമാണ് സ്റ്റാർലാബിന് ഉണ്ടാവുക. 340 ക്യുബിക് മീറ്ററായിരിക്കും ഇഇതിന്റെ ഉള്ളളവ്. 60 കിലോ വാട്ട് വരുന്ന നാല് സോളാർപാനലുകളാണിതിന്.
നാല് ബഹിരാകാശ ഗവേഷകർക്കും സന്ദർശകർക്കും ഇതിൽ കഴിയാനാവും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനുള്ളത് പോലെ ചരക്ക് നീക്കം കൈകാര്യം ചെയ്‌യാനും പുറത്തുള്ള പരീക്ഷണങ്ങൾ നടത്താനും ഒരു റോബോട്ടിക് കൈയ്‌യും ഇതിൽ സ്ഥാപിക്കും.
Content Highlights: lockheed martin plans toi build commercial space station starlab