ന്യൂയോർക്ക്: സാമൂഹികമാധ്യമങ്ങൾ വിലക്കേർപ്പെടുത്തിയ യു.എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വന്തം സാമൂഹികമാധ്യമ സംവിധാനം തുടങ്ങുന്നു. ട്രൂത്ത് സോഷ്യൽ എന്നാണ് പുതിയ ആപ്പിന്റെ പേരെന്ന് ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പാകും ആപ്പിന്റെ ഉടമസ്ഥർ.
അടുത്തമാസം ആപ്പിന്റെ ബീറ്റ പതിപ്പ് പുറത്തിറങ്ങും. അടുത്തവർഷം ആദ്യത്തോടെ പ്രവർത്തനങ്ങൾ രാജ്യമെങ്ങും വ്യാപിപ്പിക്കും. വാർത്തകൾ, വിനോദപരിപാടികൾ, പോഡ്കാസ്റ്റ് എന്നീ സേവനങ്ങളും ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നതായി കമ്പനി വ്യക്തമാക്കി.
വൻകിട ടെക് കമ്പനികൾക്ക് ബദലായാണ് ട്രൂത്ത് സോഷ്യലിന് തുടക്കംകുറിക്കുകയെന്ന് ട്രംപ് പറഞ്ഞു. താലിബാന് വലിയ സ്വാധീനമുള്ള ട്വിറ്ററാണ് ഇപ്പോഴുള്ളത്. എന്നാൽ, ഇതുസംബന്ധിച്ച് യു.എസ്. പ്രസിഡന്റ് മൗനംപാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ജനുവരിയിൽ അമേരിക്കൻ പാർലമെന്റ് മന്ദിരത്തിനുനേരെയുണ്ടായ ആക്രമണത്തിനുകാരണമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് ട്വിറ്റർ അടക്കമുള്ള സാമൂഹികമാധ്യമസംവിധാനങ്ങൾ ട്രംപിന് വിലക്കേർപ്പെടുത്തിയത്.