മനാമ > ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക കയറ്റുമതി രാജ്യമായ ഖത്തറില് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് അമീര് രൂപം നല്കി. മന്ത്രിസഭാ പുനസംഘടനക്കൊപ്പം ചൊവ്വാഴ്ചയാണ് മന്ത്രാലയം രൂപീകരിച്ച് ഉത്തരവിറക്കിയത്. ഡോ. ഫലെഹ് ബിന് നാസര് അല് താനിയെ വകുപ്പിന്റെ മന്ത്രിയാക്കിയും നിയമിച്ചു.
നിലവിലുള്ള മന്ത്രിമാരുടെ ചുമതല മാറ്റിയും പുതുതായി മന്ത്രിമാരെ ഉള്പ്പെടുത്തിയുമായായിരുന്നു മന്ത്രിസഭാ പുനസംഘടന. പുതുതാതയി രണ്ടു വനിതകള്ക്കും ക്യാബിനറ്റ് പദവി ലഭിച്ചു. വിദ്യാഭ്യാസം, സാമൂഹിക വികസനം എന്നിവയുടെ ചുമതല ഇവര് വഹിക്കും. ഇതോടെ ആരോഗ്യ മന്ത്രി ഡോ. ഹനാന് മുഹമ്മദ് അല് കുവാരിയിടക്കം കാബിനറ്റ് പദവിയില് മൂന്നു വനിതകളായി.
അലി ബിന് അഹമ്മദ് അല് കുവാരിയാണ് ധനമന്ത്രി. മുന് കാബിനറ്റില് വാണിജ്യ വ്യാവസായ വകുപ്പിന്റെ മന്ത്രിയായിരുന്ന കുവാരി കഴിഞ്ഞ മെയ് മുതല് ധന വകുപ്പിന്റെ അധിക ചുമതല വഹിക്കുകായിരുന്നു. 2018 ല് മന്ത്രിസഭയില് ചേരുന്നതിന് മുമ്പ്, ഗള്ഫ് അറബ് മേഖലയിലെ ഏറ്റവും വലിയ വായ്പ നല്കുന്ന സ്ഥാപനമായ ഖത്തര് നാഷണല് ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു കുവാരി. വാണിജ്യ വ്യവസായ മന്ത്രിയായി ഷെയ്ഖ് മുഹമ്മദ് ബിന് ഹമദ് അല്താനിയെ നിയമിച്ചു. 13 പുതിയ മന്ത്രിമാര് ചൊവ്വാഴ് രാവിലെ സത്യപ്രതിജഞ് ചെയ്ത് ചുമതലയേറ്റു.