ഭാരത് ഫൈബർ, ഡിജിറ്റൽ സബ്സ്ക്രൈബർ ലൈൻ ഉപഭോക്താക്കൾക്കായി നാല് മാസത്തെ സൗജന്യ ബ്രോഡ്ബാൻഡ് സേവനം വാഗ്ദാനം ചെയ്ത് ബിഎസ്എൻഎൽ. ലാന്റ് ലൈൻ, ബ്രോഡ്ബാൻഡ് ഓവർ വൈഫൈ ഉപഭോക്താക്കൾക്കും ഈ ഓഫർ ലഭിക്കും.
36 മാസത്തെ തുക ഒന്നിച്ച് അടയ്‍ക്കുന്നവർക്കാണ് നാല് മാസത്തെ സൗജന്യ സേവനം അധികമായി ലഭിക്കുക. ഇതുവഴി 40 മാസത്തെ സേവനം ഉപഭോക്താക്കൾക്ക് ലഭിക്കും.
കൂടാതെ, 24 മാസത്തെ വരിസംഖ്യ ഒന്നിച്ചടയ്‍ക്കുന്നവർക്ക് മൂന്ന് മാസത്തെ സൗജന്യ സേവനവും 12 മാസത്തെ ഒന്നിച്ചടയ്‍ക്കുന്നവർക്ക് ഒരുമാസത്തെ സൗജന്യ സേവനവും അധികമായി ലഭിക്കും.
ഈ ഓഫർ നേരത്തെ മഹാരാഷ്ട്രയിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ രാജ്യവ്യാപകമായി ഇത് ലഭ്യമാവുമെന്നാണ് പുതിയ റിപ്പോർട്ട്.
എങ്ങനെ ഈ ഓഫർ ഉപയോഗിക്കാം?
സൗജന്യ പ്രതിമാസ സേവനം ആഗ്രഹിക്കുന്നവർ 1800003451500 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചോ അടുത്തുള്ള കസ്റ്റമർ കെയർ സെന്ററിനെ സമീപിച്ചോ പണം മുൻകൂട്ടി അടച്ചാൽ മതി.
നിലവിൽ ആൻഡമാൻ നിക്കോബാർ സർക്കിൾ ഒഴികെ രാജ്യവ്യപകമായി ഒരേ വരിസംഖ്യാ നിരക്കാണ് ബിഎസ്എൻഎൽ ഈടാക്കുന്നത്. 449 രൂപ മുതൽ 1499 രൂപവരെയുള്ള ഭാരത് ഫൈബർ പ്ലാനുകളാണുള്ളത്. അതേസമയം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ പ്രീമിയം പ്ലാൻ ബിഎസ്എൻഎൽ പിൻവലിച്ചു.