കാലിഫോർണിയ സൗരയൂഥത്തിന്റെ അവശിഷ്ടങ്ങൾ എന്നു വിളിക്കുന്ന ഛിന്നഗ്രഹക്കൂട്ടങ്ങളെ കുറിച്ച് പഠിക്കാൻ നാസയുടെ ലൂസി പേടകം വിക്ഷേപിച്ചു. വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ സ്ഥിതി ചെയ്‌യുന്ന ഛിന്നഗ്രഹ കൂട്ടങ്ങളെ ലക്ഷ്യമിട്ടാണ് ലൂസി പുറപ്പെട്ടത്.
ശനിയാഴ്ച ഇന്ത്യൻ സമയം 3.03 ന് ഫ്ളോറിഡയിലെ കേപ് കനവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് അറ്റലസ്-വി റോക്കറ്റിലായിരുന്നു വിക്ഷേപണം. പേടകം 12 വർഷത്തിലേറെ കാലം പര്യവേക്ഷണത്തിലേർപ്പെടും. ഇക്കാലയളവിൽ ഏഴ് ട്രൊജനുകളിലാണ് പേടകം സന്ദർശനം നടത്തുക.
സൗരയൂഥത്തിലെ ഗ്രഹരൂപീകരണ കാലത്തുണ്ടായ അവശിഷ്ടങ്ങളാണ് ഈ പാറക്കൂട്ടങ്ങൾ എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ട്രൊജനുകൾ എന്നാണ് ഇവയെ വിളിക്കുന്നത്. സൗരയൂഥ രൂപീകരണവുമായി ബന്ധപ്പെട്ട സൂചനകൾ നൽകാൻ ഇവയ്‍ക്ക് സാധിക്കുമെന്നാണു ശാസ്ത്രലോകം കരുതുന്നത്.
മനുഷ്യവംശത്തിന്റെ പരിണാമം സംബന്ധിച്ച വഴിത്തിരിവാകുന്ന തെളിവുകൾ നൽകിയ മനുഷ്യ ഫോസിലായ ലൂസിയുടെ പേരാണ് ഈ ഉദ്യമത്തിന് നൽകിയിരിക്കുന്നത്. സൂര്യന്റെ ഇരു ഭാഗങ്ങളിലുമായി വ്യാഴത്തിന്റെ ഭ്രമണ പഥത്തിൽ സ്ഥിതി ചെയ്‌യുന്ന ട്രൊജനുകളെ പഠിക്കാൻ 65 ലക്ഷം കിലോ മീറ്ററിലേറെ ലൂസിക്ക് സഞ്ചരിക്കേണ്ടിവരും.
ട്രൊജനുകളുടെ ഉപരിതലം, അതിന്റെ ഘടന, സവിശേഷതകൾ, ആകൃതി, ഉപരിതലത്തിലെ വസ്തുക്കൾ തുടങ്ങിയവയെ കുറിച്ച് ലൂസി വിവരങ്ങൾ ശേഖരിക്കും.