ലണ്ടൻ: വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ യാത്രകൾ ആരംഭിക്കുന്നത് വൈകിപ്പിച്ചതോടെ റിച്ചാർഡ് ബ്രാൻസണിന്റെ ഉടമസ്ഥതയിലുള്ള വിർജിൻ ഗാലക്ട് ഓഹരി വിപണിയിൽ കൂപ്പുകുത്തി. വെള്ളിയാഴ്ച 14 ശതമാനമാണ് ഓഹരിയിടിഞ്ഞത്.
ബഹിരാകാശ വാഹനത്തിന്റെ സുപ്രധാനമായ പരീക്ഷണപ്പറക്കലും വാണിജ്യാടിസ്ഥാനത്തിലുള്ള സേവനങ്ങൾ ആരംഭിക്കുന്നതും നീട്ടിവെക്കാനുള്ള തീരുമാനം കമ്പനി പ്രഖ്യാപിച്ചതോടെയാണ് ഓഹരിവിപണിയിടിയുന്നതിന് വഴിവെച്ചത്. 2022 രണ്ടാം പകുതിയോടെ ആയിരിക്കും സേവനങ്ങൾ ആരംഭിക്കുക എന്നാണ് വിവരം.
ബഹിരാകാശ വാഹനത്തിന്റെ പ്രവർത്തനശേഷി മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് വിർജിൻ ഗാലക്ടിക് പറയുന്നത്. വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കൾ ഈടു നിൽക്കുന്നതുമായി ബന്ധപ്പെട്ട് വന്ന ലാബ് റിപ്പോർട്ടിനെ തുടർന്നാണ് പുതിയ തീരുമാനമെന്നാണ് വിവരം.
ഈ മാസം നടത്താനിരുന്ന യുണിറ്റി 23 എന്ന പരീക്ഷണ പറക്കലും നീട്ടിവെച്ചിട്ടുണ്ട്. ഇറ്റാലിയൻ വ്യോമസേനയിൽ നിന്നും നാഷണൽ റിസർച്ച് കൗൺസിലിൽ നിന്നുമുള്ള ക്രൂ അംഗങ്ങളാണ് ഈ യാത്രയിൽ ഉണ്ടാകുക.
ബഹിരാകാശത്തേക്ക് വിനോദ യാത്ര പോയ ആദ്യ വ്യക്തിയാണ് റിച്ചാർഡ് ബ്രാൻസൺ. തന്റെ കമ്പനിയായ വിർജിൻ ഗാലക്ടിക് നിർമിച്ച സൂപ്പർ സോണിക് ബഹിരാകാശ വിമാനത്തിലായിരുന്നു യാത്ര. കമ്പനി ജീവനക്കാരായ ബെത്ത് മോസസ്, കൊളിൻ ബെന്നറ്റ്, സിരിഷ ബാന്ദ്ല, പൈലറ്റുമാരായ ഡേവ് മാക്കെ, മൈക്കൽ മസൂചി എന്നിവരുമൊത്തായിരുന്നു യാത്ര. തൊട്ടുപിന്നാലെ തന്നെ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും ബഹിരാകാശ യാത്ര ചെയ്തു. ഇലോൺ മസ്കിന്റെ സ്പേസ് എക്സും ബഹിരാകാശ വിനോദസഞ്ചാര മത്സരരംഗത്തുണ്ട്.
അതേസമയം, ബ്രാൻസണിന്റെ ആദ്യയാത്രയിൽ വാഹനം നിശ്ചയിച്ച പാതയിൽനിന്നു ഗതി മാറി സഞ്ചരിച്ചുവെന്ന് കാണിച്ച് യു.എസ്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ അന്വേഷണം നടക്കുന്നുണ്ട്.
ബഹിരാകാശ യാത്രയ്ക്കായി 600-ലേറെ പേർ ടിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് ലക്ഷം ഡോളറിനും രണ്ടര ലക്ഷം ഡോളറിനുമിടയിലാണ് ടിക്കറ്റിന്റെ വില. ഇതിൽ ആദ്യ ബാച്ച് ടിക്കറ്റുകൾ പത്ത് വർഷം മുമ്പ് തന്നെ വിറ്റഴിക്കപ്പെട്ടിരുന്നു.