ആഗോളതലത്തിൽ ഇന്റർനെറ്റ് സേവനം ആരംഭിക്കാനുള്ള തകൃതിയായ ശ്രമത്തിലാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സ്ഥാപനമായ സാറ്റ് കോം. വിമാനങ്ങളിലും ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പുവരുത്താൻ സ്റ്റാർലിങ്കിന് പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അധികം വൈകാതെ തന്നെ അത് യാഥാർത്ഥ്യമായേക്കും. ഇതിന്റെ ഭാഗമായി വിമാനകമ്പനികളുമായി ചർച്ചയിലാണ്.
വിമാനങ്ങളിൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ട്. ഇലോൺ മസ്ക് ഇക്കാര്യം സ്ഥിരീകരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്‌യുന്നു.
ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് ഇന്റർനെറ്റ് എത്തിക്കുന്ന പദ്ധതി ആരംഭിക്കാനാണ് സ്റ്റാർലിങ്ക് ഒരുങ്ങുന്നത്. ഇതിനായി 12000 ലേറെ ലോ എർത്ത് ഓർബിറ്റ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് സ്റ്റാർലിങ്കിന്റെ പദ്ധതി. നിരവധി ഉപഗ്രഹങ്ങൾ ഇതിനോടകം വിക്ഷേപിച്ചു കഴിഞ്ഞു. മൊബൈൽ ടവറുകളില്ലാത്ത ഫൈബർ കണക്ഷനെത്തിയിട്ടില്ലാത്ത ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പോലും ഇന്റർനെറ്റ് കണക്റ്റിവിറ്റി എത്താൻ ഇത് സഹായിക്കും.
എതിരാളികളായി വൺ വെബ്ബും, ആമസോൺ പ്രൊജക്‍ട് ജുപീറ്ററും
ഉപഗ്രഹങ്ങളിൽ നിന്ന് ആശയവിനിമയ സേവനം നൽകുന്ന ഏക സാറ്റ്കോം കമ്പനിയല്ല സ്റ്റാർലിങ്ക് വൺ വെബ്ബ്, ആമസോൺ പ്രൊജക്‍ട് ജുനിപർ തുടങ്ങിയവയും ഈ രംഗത്തുണ്ട്. എയർടെലിന്റെ മാതൃസ്ഥാപനമായ ഭാരതി ഗ്രൂപ്പും വൺവെബിൽ പങ്കാളികളാണ്.