വടക്കാഞ്ചേരി: കഥകളി സ്കൂൾ ഓഫ് സൊസൈറ്റിയുടെ ദേശീയ കഥകളി ഉത്സവത്തിൽ താരമായി തായ്വാൻ നർത്തകി. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹകരണത്തിൽ ആറ് ദിവസമായി ചെറുതുരുത്തിയിൽ നടന്ന ഉത്സവത്തിലായിരുന്നു തായ് വാൻ സ്വദേശിനിയായ ഷെങ് ചെൻ ല്യുവിന്റെ (ജെന്നിഫർ) നൃത്താവതരണം.
തായ്വാൻകലാകാരി അവതരിപ്പിച്ച മോഹിനിയാട്ടം വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. ചൈനീസ് സംഗീതത്തിന്റെ പശ്ചാത്തലത്തിലാണ് മോഹിനിയാട്ടം അവതരിപ്പിച്ചത്.
15 വർഷങ്ങൾക്കു മുമ്പ് തായ്വാനിൽ നിന്ന് ഇന്ത്യയെക്കുറിച്ച് കേട്ടറിഞ്ഞ് മുബൈയിൽ എത്തിയതാണ് ജെന്നിഫർ. സരോജെഘാന്റെയും ഗണേശാചര്യയുടെയും കീഴിൽ ബോളിവുഡ് ഡാൻസ് പരിശീലിച്ചു. ഇന്ത്യൻ ശാസ്ത്രീയ കലകളെക്കുറിച്ച് കൂടുതൽ അറിയാനുള്ള താല്പര്യം ജെന്നിഫറിനെ കേരളത്തിലെത്തിച്ചു. കലാമണ്ഡലം ഹുസ്നാഭാനുവിനു കീഴിൽ മോഹിനിയാട്ടം അഭ്യസിച്ചു. തുടർന്നു കേരളകലാമണ്ഡലത്തിൽ വിദേശ വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പരിശീലനത്തിനു ചേർന്നു.
കലാമണ്ഡലം ഹൈമവതി, കലാമണ്ഡലം സുജാത, കലാമണ്ഡലം സംഗീത, കലാമണ്ഡലം ശാലിനി, അഞ്ജലി തുടങ്ങിയവരുടെ കീഴിൽ അഭ്യസനം പൂർത്തിയാക്കി കലാമണ്ഡലത്തിൽ അരങ്ങേറ്റം നടത്തി. കലാമണ്ഡലത്തിലെ അഭ്യസന കാലയളവിൽ ഭാരതീയകലകളെ അടുത്തറിയുന്നതിന് അവസരം കൈവന്നു. നങ്ങ്യാർകൂത്തിൽ ആകൃഷ്ടയായി. കലാമണ്ഡലം രശ്മിയുടെ കീഴിൽ കഥകളി സ്കൂളിൽ പഠിച്ച് അരങ്ങേറ്റം നടത്തി. തുടർന്ന് ചിത്രകലയിൽ കലാമണ്ഡലം ബിന്ദുലേഖയുടെ കീഴിൽ കേരളീയ മ്യൂറൽ പെയിന്റിംഗിൽ പരിശീലനം നേടി. ജെന്നിഫറിന്റെ തനതു ശൈലിയിൽ തയ്വാൻ-കേരള ചിത്രകലാ സംസ്കാരങ്ങളെ സംയോജിപ്പിച്ചു സൃഷ്ടിച്ച പെയിന്റിംഗുകളുടെ പ്രദർശനവും കഥകളി ഉത്സവത്തിന്റെ ആദ്യ ദിവസം നടത്തി. കലാകാരിയായ ഇവർ കളമെഴുത്തും അഭ്യസിച്ചുവരുന്നു.