ലിങ്ക്ഡ് ഇൻ, ട്വിറ്റർ, ഫേസ്ബുക്ക് അടക്കമുള്ള കമ്പനികളിൽ നിന്ന് വരുന്ന ഇമെയിലുകൾ ശ്രദ്ധിച്ചാൽ ഒരു കാര്യം കാണാം. അതിന്റെ ഒക്കെ ഏറ്റവും അടിയിൽ വിലാസമായി കൊടുത്തിരിക്കുന്നത് അയർലൻഡിലെ വിലാസമായിരിക്കും. അമേരിക്കൻ കമ്പനികൾ ഇങ്ങ് ഇന്ത്യയിലെ ഉപയോക്താക്കൾക്ക് അയക്കുന്ന മെയിലിൽ അയർലൻഡിന് എന്ത് കാര്യം എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? ബില്ലിംഗ് സംബന്ധമായ മെയിലുകൾ അടക്കം ഇങ്ങനെ അയർലൻഡ് വിലാസം കാണിച്ച് ലഭിക്കുന്നതിന്റെ കാരണം ഒന്ന് ഊഹിച്ച് നോക്കൂ. എളുപ്പമാണ് കാരണം: നികുതി ലാഭിക്കാൻ തന്നെ!
അയർലൻഡിലെ കുറഞ്ഞ നികുതി അടക്കമുള്ള സാമ്പത്തിക നയങ്ങൾ പുതിയ കമ്പനികളെ അവിടെയ്‍ക്ക് ക്ഷണിക്കുന്നതിനും അവരെ അവിടെ നിലനിർത്താനും ലക്ഷ്യം വച്ചാണ് ഉദ്ഭവിച്ചത്. അമേരിക്കയിൽ കോർപ്പറേറ്റ് ടാക്സ് 21% ആണെങ്കിൽ അയർലൻഡിൽ അത് 12.5% മാത്രം. കമ്പനികളുടെ ബൗദ്ധിക സ്വത്തവകാശ സംബന്ധമായുള്ള വരുമാനത്തിനാകട്ടെ വെറും 6.25% നികുതി. നികുതി ഇളവുകളിലൂടെ കോർപ്പറേറ്റുകളെ ആകർഷിക്കുന്ന ഈ തന്ത്രം അയർലൻഡ് തുടങ്ങിയത് ഇന്നുമിന്നലേയും ഒന്നുമല്ല, 1956 കാലത്താണ്. അവിടെ തുടങ്ങി ഇന്ന് വരെയുള്ള കാലയളവിൽ അവർ അതിൽ വിജയിക്കുകയും ചെയ്തു. ഇന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ടെക്ക് ഭീമന്മാരുടെ യൂറോപ്യൻ മുഖ്യകാര്യാലയം എല്ലാം അയർലാൻഡിൽ ആണ് എന്നുള്ളത് ഈ വിജയത്തിന്റെ തെളിവായി നമുക്ക് മുന്നിലുണ്ട്.
അമേരിക്കയിൽ കോർപ്പറേറ്റ് ടാക്സ് 21% ആണെങ്കിൽ അയർലൻഡിൽ അത് 12.5% മാത്രം. കമ്പനികളുടെ ബൗദ്ധിക സ്വത്തവകാശ സംബന്ധമായുള്ള വരുമാനത്തിനാകട്ടെ വെറും 6.25% നികുതി.
പക്ഷെ ഈ കോർപ്പറേറ്റ് സ്നേഹത്തിന് മറ്റു രാജ്യങ്ങളിൽ നിന്ന് വലിയ സ്വീകാര്യതയൊന്നും ലഭിച്ചില്ല. അയർലൻഡിന്റെ ഈ നികുതി നയം യൂറോപ്പിൽ നിന്നുള്ള രാജ്യങ്ങളെ മാത്രമല്ല പിന്നീടുള്ള വർഷങ്ങളിൽ ചൊടിപ്പിച്ചത്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഈ നയത്തിനെതിരെ പോരാടാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇതിനൊരു അറുതി വരുത്തണം എന്ന മറ്റു രാജ്യങ്ങളുടെ ആഗ്രഹം ഉടൻ സഫലീകരിക്കാൻ പോവുകയാണ്. നൂറ്റി നാൽപ്പത് രാജ്യങ്ങൾ അംഗങ്ങളായ പാരീസ് ആസ്ഥാനമായുള്ള Organization for Economic Cooperation and Development (OECD) എന്ന സംഘടന മുന്നോട്ട് വച്ച നികുതി നയങ്ങൾ ടെക്ക് കമ്പനികളുടെ പറുദീസയായ അയർലൻഡ് സ്വീകരിക്കാൻ പോവുകയാണ്.
പുതിയ നികുതി നയം
ഈ പുതിയ നികുതി നയം വരുന്നതോടുകൂടി ബഹുരാഷ്ട്ര കമ്പനികൾ തങ്ങളുടെ മുഖ്യ ആസ്ഥാനം ഉള്ള രാജ്യത്തെ കൂടാതെ അവർക്ക് പ്രവർത്തനമുള്ള രാജ്യത്തും നികുതി കൊടുക്കണം എന്ന ഈ നയം അത് അംഗീകരിച്ച രാജ്യങ്ങളിൽ പ്രാബല്യത്തിൽ വരും. പല പല സർക്കാരുകൾ ഐർലാന്റിൽ വന്നിട്ടും മാറ്റാൻ തയ്‌യാറാകാത്ത നികുതി റേറ്റുകളാണ് വർഷങ്ങൾക്കിപ്പുറം മാറ്റാൻ അവർ നിർബന്ധിതരാകുന്നത്.
നികുതി പതിനഞ്ച് ശതമാനം ആക്കുന്ന ഈ ആഗോള കരാറിൽ അയർലൻഡിനൊപ്പം, എസ്തോണിയ, ഹംഗറി എന്നീ രാജ്യങ്ങൾ ഒപ്പിടുന്നതോടുകൂടി നാല് പതിറ്റാണ്ടുകളിലധികമായി രാജ്യങ്ങൾ തമ്മിൽ നടത്തുന്ന ഈ നികുതി-കുറയ്‍ക്കൽ മത്സരത്തിനൊരു അവസാനമാകും. ഈ കരാറിലൂടെ വരുന്ന നികുതി ഏകീകരണത്തോടുകൂടി അയർലാൻഡിനുള്ള പ്രത്യേക സ്ഥാനം ഇല്ലാതാകാൻ പോകുന്നു. ലോകത്തെ 90 ശതമാനം സമ്പദ്ഘടനയെയും ബാധിക്കുന്ന ഈ കരാറിൽ ഒപ്പിടാനുള്ള നൂറ്റിനാൽപത് രാജ്യങ്ങളിൽ നിന്ന് പാകിസ്താൻ, കെനിയ, നൈജീരിയ, ശ്രീലങ്ക എന്നീ നാല് രാജ്യങ്ങൾ മാത്രമാണിപ്പോൾ വിട്ടു നിന്നത്.
നികുതി പതിനഞ്ച് ശതമാനം ആക്കുന്ന ഈ ആഗോള കരാറിൽ അയർലൻഡിനൊപ്പം, എസ്തോണിയ, ഹംഗറി എന്നീ രാജ്യങ്ങൾ ഒപ്പിടുന്നതോടുകൂടി നാല് പതിറ്റാണ്ടുകളിലധികമായി രാജ്യങ്ങൾ തമ്മിൽ നടത്തുന്ന ഈ നികുതി-കുറയ്‍ക്കൽ മത്സരത്തിനൊരു അവസാനമാകും.
നികുതി വെട്ടിപ്പ് തടയാനും ലോകമൊട്ടുക്കും ആഗോള വാണിജ്യ വ്യവസ്ഥിതിയിൽ സുതാര്യമായ നികുതി സംവിധാനങ്ങൾ കൊണ്ട് വരുന്ന ഏകീകൃത നയം നിലവിൽ വരുന്നതും വാണിജ്യ ലോകത്തെ ഒരു വലിയ ചവിട്ടു പടിയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത് കൂടാതെ ഏകീകൃത നികുതി റേറ്റുകൾ രാജ്യങ്ങളെ കൂടുതൽ അടുപ്പിക്കുകയും നികുതി സംവിധാനങ്ങളുടെ ഡിജിറ്റൽ വൽക്കരണത്തിനു ആക്കം കൂട്ടുമെന്നും പ്രതീക്ഷിക്കുന്നു. പ്രത്യക്ഷത്തിൽ ആ രാജ്യത്തെ നികുതി കൂട്ടിയിട്ടും അയർലൻഡിന്റെ നികുതി വരുമാനത്തിൽ രണ്ട് ബില്യൺ ഡോളർ എല്ലാ വർഷവും കുറവ് വരാൻ ഈ ആഗോള ഉടമ്പടി കാരണമാകും എന്നത് ശ്രദ്ധേയമാണ്. ബഹുരാഷ്ട്ര കമ്പനികൾ ഇനി അവരുടെ ആസ്ഥാനമുള്ള രാജ്യത്തും നികുതി കൊടുക്കണം എന്ന വസ്തുതയാണ് ഇതിനു പിന്നിൽ.
ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളുടെ പ്രധാന വരുമാന സ്രോതസ്സായ പരസ്യ വരുമാനവുമായി ബന്ധപ്പെട്ട നികുതി ഈ ഒരു മാറ്റത്തോടെ കൂടുമെന്നതിൽ സംശയമില്ല. ഇനി പരസ്യദാതാക്കൾ കൂടുതൽ നികുതി കൊടുക്കേണ്ടി വരുമെന്നതും തീർച്ച. അപ്പോൾ പരസ്യം നൽകുന്ന ബ്രാൻഡുകളുടെ അധിക ചിലവ് ഉപഭോക്താക്കളുടെ അടുത്തെത്തുമോ? അല്ല പരസ്യങ്ങൾ കൊടുക്കുന്നത് ബ്രാന്റുകൾ കുറയ്‍ക്കുമോ? വമ്പൻ ടെക്ക് കമ്പനികളുടെ വരവ്-ചിലവ് കണക്കുകളെ പുതിയ നികുതി നയം എങ്ങനെ ബാധിക്കുമെന്നത് കാത്തിരുന്നു കാണാം.