കുട്ടികളുടെ സുരക്ഷയ്‍ക്കും മാനസികാരോഗ്യത്തിനും ഹാനികരമായി ബാധിക്കുന്നുണ്ടെന്നും ആഗോള തലത്തിൽ സാമൂഹിക വിഭജനത്തിനും കലാപങ്ങൾക്കും ഫെയ്സ്ബുക്ക് വഴിവെക്കുന്നു എന്നുമുള്ള ആരോപണം നേരിടുന്നതിനിടെ ഫെയ്സ്ബുക്കിന്റെ മേധാവി മാർക്ക് സക്കർബർഗിനെ മുഖചിത്രമാക്കി ടൈം മാസിക.
സക്കർബർഗിന്റെ മുഖത്ത് ഡിലീറ്റ് ഫെയ്സ്ബുക്ക്? എന്നെഴുതിയ ഒരു ഡയലോഗ് ബോക്സും ചേർത്താണ് മുഖ ചിത്രം നൽകിയിരിക്കുന്നത്.
ഫെയ്സ്ബുക്കിലെ മുൻ ജീവനക്കാരിയ ഫ്രാൻസെസ് ഹൗഗന്റെ വെളിപ്പെടുത്തലുകളാണ് ഫെയ്സ്ബുക്കിനെ പ്രതിക്കൂട്ടിലാക്കിയ പുതിയ വിവാദങ്ങൾക്കിടയാക്കിയത്. ഉപഭോക്താളുടെ സുരക്ഷയ്‍ക്ക് വിലകൽപിക്കാതെ സാമ്പത്തിക ലാഭത്തിനാണ് ഫെയ്സ്ബുക്ക് പ്രാധാന്യം നൽകുന്നത് എന്ന് ഹൗഗൻ പറയുന്നു.
അക്രമത്തിനും കലാപത്തിനും ആഹ്വാനം ചെയ്‌യുന്നവരെ നിയന്ത്രിക്കാൻ കാര്യമായ നടപടികളൊന്നും ഫെയ്സ്ബുക്ക് കൈക്കൊള്ളുന്നില്ല. ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്ന പെൺകുട്ടികളിലും കൗമാരക്കാരിലും സ്വന്തം ശരീരത്തെ കുറിച്ച് ആശങ്ക വളരുന്നുണ്ടെന്നും അവരുടെ മാനസികാരോഗ്യത്തെ വിപരീതമായി ബാധിക്കുന്നുണ്ടെന്നും ഫെയ്സ്ബുക്ക് പ്ലാറ്റ് ഫോം ആഗോള തലത്തിൽ കലാപങ്ങൾക്കും ആക്രമങ്ങൾക്കും ഇടയാക്കും വിധം ജനങ്ങളിൽ ക്രോധം വളർത്തുന്നുണ്ടെന്നും ഫെയ്സ്ബുക്കിന് അറിയാമായിരുന്നുവെന്നും ഹൗഗൻ വെളിപ്പെടുത്തിയിരുന്നു. ജോലി ചെയ്തിരുന്ന സമയത്ത് രഹസ്യമായി കൈക്കലാക്കിയ ഫെയ്സ്ബുക്കിന്റെ തന്നെ ആഭ്യന്തര ഗവേഷണ രേഖകൾ മുൻനിർത്തിയാണ് ഹൗഗന്റെ വെളിപ്പെടുത്തലുകൾ.
ഫെയ്സ്ബുക്കിന്റെ ലാഭത്തേക്കാൾ ജനങ്ങളുടെ താൽപര്യങ്ങൾക്ക് പ്രാധാന്യം നൽകിയ ഫെയ്സ്ബുക്കിന്റെ സിവിൽ ഇന്റഗ്രിറ്റി ടീമിനെ എങ്ങനെയാണ് ഫെയ്സ്ബുക്ക് ഇല്ലാതാക്കിയത് എന്ന് വിശദമാക്കുകയാണ് ടൈം മാഗസിനിൽ ബില്ലി പെരിഗോ എഴുതിയ
ഫെയ്സ്ബുക്ക് നിയമിച്ച മറ്റ് സംഘങ്ങളിൽ നിന്നെല്ലാം എല്ലായിപ്പോഴും വ്യത്യസ്തമായിരുന്നു ഫെയ്സ്ബുക്കിന്റെ സിവിക് ഇന്റഗ്രിറ്റി ടീം. വിദ്വേഷ പ്രസംഗം, വ്യാജ വാർത്ത എന്നിവയെ പ്രതിരോധിക്കുന്നതിനാണ് ഈ ടീമിനെ രൂപപ്പെടുത്തിയത്. ഫെയ്സ്ബുക്കിന്റെ താൽപര്യങ്ങളേക്കാൾ ജനങ്ങളുടെ താൽപര്യത്തെ സേവിക്കുക എന്ന അനൗദ്യോഗിക പ്രതിജ്ഞയോടെയാണ് ഈ സംഘം പ്രവർത്തിച്ചിരുന്നത് എന്ന് പറഞ്ഞാണ് ലേഖനം തുടങ്ങുന്നത്.
2020 ഡിസംബറിൽ ഫെയ്സ്ബുക്ക് ഈ ടീമിനെ പിരിച്ചുവിട്ടു. ഈ നടപടിയാണ് ഫ്രാൻസെസ് ഹൗഗൻന്റെ വെളിപ്പെടുത്തലുകളിലേക്ക് നയിച്ചത്.
ഫെയ്സ്ബുക്കിന്റെ ഭാവി എന്ത് തന്നെയായാലും. ആന്തരികമായി അതിനെതിരെയുള്ള അതൃപ്തി വളരുന്നുണ്ടെന്ന് വ്യക്തമാണ്. ഹൗഗന്റെ വെളിപ്പെടുത്തലുകൾ കർശനമായ നിയന്ത്രണങ്ങളുടേയും സോഷ്യൽ മീഡിയയുടെ സ്വാധീനത്തെക്കുറിച്ചുള്ള പൊതു ചർച്ച ശക്തമാക്കേണ്ടതിന്റെയും ആവശ്യകത വ്യക്തമാക്കുന്നുവെന്നും ബില്ലി പെരിഗോ ലേഖനത്തിൽ ഫറഞ്ഞു.
ഹൗഗന്റെ വെളിപ്പെടുത്തലുകളൊന്നും ശരിയല്ല എന്ന പ്രതികരണമാണ് സക്കർബർഗിൽ നിന്നുമുണ്ടായത്. ലാഭത്തിന് വേണ്ടി ജനങ്ങളിൽ ക്രോധം വളർത്തുന്ന ഉള്ളടക്കങ്ങൾ ഞങ്ങൾ മനപ്പൂർവം തള്ളിവിടുന്നുണ്ടെന്ന ആരോപണം യുക്തിരഹിതമാണ്. എന്നും സക്കർബർഗ് പറയുന്നു.