ആഗോള തലത്തിൽ ഫെയ്സ്ബുക്ക് സേവന ശൃംഖലയിൽ തടസം നേരിട്ടപ്പോൾ തങ്ങൾക്ക് ഏഴ് കോടിയിലേറെ പുതിയ ഉപഭോക്താക്കളെ കിട്ടിയെന്ന് ടെലഗ്രാം മേധാവി പാവെൽ ദുരോവ്. ആറ് മണിക്കൂറോളം നേരമാണ് വാട്സാപ്പ് ഉൾപ്പടെയുള്ള ഫെയ്സ്ബുക്കിന്റെ സേവനങ്ങൾ പ്രവർത്തനഹിതമായത്.
കോൺഫിഗറേഷൻ മാറ്റുന്നതിലുണ്ടായ പിഴവാണ് തടസം നേരിടുന്നതിന് ഇടയാക്കിയത് എന്നാണ് ഫെയ്സ്ബുക്ക് പറയുന്നത്. 350 കോടിയോളം ഉപഭോക്താക്കളെ ഇത് വലച്ചു.
ഒറ്റ ദിവസം കൊണ്ട് ഏഴ് കോടി അഭയാർത്ഥികളെ സ്വീകരിച്ചുവെന്ന് പാവെൽ ദുരോവ് പറയുന്നു.ആളുകൾ കൂട്ടത്തോടെ സൈൻ അപ്പ് ചെയ്‌യാൻ ശ്രമിച്ചതിനെ തുടർന്ന് അമേരിക്കയിൽ ചിലർക്കൊക്കെ ടെലഗ്രാമിന്റെ പ്രവർത്തന വേഗത കുറഞ്ഞതായി അനുഭവപ്പെട്ടിട്ടുണ്ടെന്നും എന്നാൽ കൂടുതൽ പേർക്കും സാധാരണപോലെ സേവനം ലഭ്യമായിട്ടുണ്ടെന്നും ദുരോവ് പറഞ്ഞു.
അതേസമയം ചുരുക്കം ചില വൻകിട സേവനങ്ങളെ മാത്രം ആശ്രയിക്കുന്നതിന്റെ പരിണിതഫലമാണ് ഫെയ്സ്ബുക്ക് സേവനങ്ങൾക്ക് തടസം നേരിട്ടപ്പോൾ ഉണ്ടായ പ്രതിസന്ധിയെന്ന് യൂറോപ്യൻ യൂണിയൻ ആന്റിട്രസ്റ്റ് മേധാവി മാർഗ്രെത് വെസ്റ്റേജർ പറഞ്ഞു. കൂടുതൽ പേർ ഈ രംഗത്തുണ്ടാവേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
സ്വന്തമായി ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളും സോഷ്യൽ നെറ്റ് വർക്കുകളും ഉണ്ടാവേണ്ടതിന്റെ ആവശ്യകത ഇത് വ്യക്തമാക്കുന്നുവെന്നാണ് ഈ സംഭവത്തിൽ റഷ്യയുടെ പ്രതികരണം.