കൊച്ചി> വീടിന്റെ സുരക്ഷിതത്വം ഇല്ലാത്തവര് കുറ്റങ്ങള്ക്ക് ഇരയാവുന്നതിന് കൂടുതല് സാധ്യതയുണ്ടെന്ന് ഐജി പി വിജയന് ഐപിഎസ്. തിരിച്ചുപോകാന് ഒരു വീടുപോലുമില്ലാത്തവര്, നഷ്ടപ്പെടുവാന് ഒന്നുമില്ല എന്ന ചിന്തയിലൂടെ കുറ്റവാസനകളിലേയ്ക്ക് വഴിതെറ്റിപോകാന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ബില്ഡറായ അസറ്റ് ഹോംസ് സംഘടിപ്പിച്ചുവരുന്ന ബിയോണ്ട് ദ സ്ക്വയര് ഫീറ്റ് പ്രഭാഷണ പരമ്പരയിലെ ഇരുപതാമത് പതിപ്പില് ലോകപാര്പ്പിടദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കുറ്റവാസനകള് തടയുന്നതില് നല്ല വീടുകള്ക്കും നല്ല കുടുംബങ്ങള്ക്കും വലിയ പങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ലോകമെങ്ങും അസമത്വം വര്ധിക്കുകയാണ്. ഭൂമിയില് 700 കോടിയിലേറെ ജനങ്ങളുള്ളതില് 16 കോടിയിലറേപ്പേര്ക്കും വീടില്ല എന്നാണ് കണക്കുകള് പറയുന്നത്. അതേസമയം ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന ലൈഫ് മിഷന് പോലുള്ള പദ്ധതികളിലൂടെ കേരള സര്ക്കാര് ഈ രംഗത്ത് വലിയ മുന്നേറ്റം നടത്തുന്നുണ്ട്. എന്നാല് എല്ലാവര്ക്കും പാര്പ്പിടം എന്നത് സര്ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും പൊതുസമൂഹവും വ്യക്തികളും സ്ഥാപനങ്ങളും അത് തങ്ങളുടെ ഉത്തരവാദിത്തമായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു വലിയ വീടു പണിയുമ്പോള് ഒരു ചെറിയ കുന്നെങ്കിലും ഇല്ലാതാകുമെന്നും പ്രകൃതിയേക്കൂടി കണ്ക്കിലെടുത്തുള്ള ഒരു ബാലന്സിംഗാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ രാജ്യത്ത് 40 കോടി കുട്ടികളുണ്ടെന്നും പാര്പ്പിടമായാലും സാമൂഹ്യ സുരക്ഷയായാലും ക്രമസമാധാനമായാലും ഭാവിയെ നിര്ണയിക്കാന് പോകുന്നത് അവരായിരിക്കുമെന്നും വിജയന് ചൂണ്ടിക്കാണിച്ചു.
ആഗ്രഹങ്ങളനുസരിച്ചല്ല ആവശ്യങ്ങളനുസരിച്ചാണ് പാര്പ്പിടങ്ങള് നിര്മിക്കേണ്ടതെന്ന് ചടങ്ങില് സംസാരിച്ച അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര് സുനില് കുമാര് വി. പറഞ്ഞു. ലോക പരിസ്ഥിതി, ജല, പാര്പ്പിടദിനങ്ങളിലായി വര്ഷത്തില് മൂന്നു തവണയാണ് അസറ്റ് ഹോംസ് ബിയോണ്ട് സ്ക്വയര് ഫീറ്റ് പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്.