പാലാ
നിതിനമോളുടെ ചോരവീണ മണ്ണിലൂടെ ഒഴുകിപ്പടർന്ന കണ്ണീരുമായി അവർ ക്യാമ്പസ്സിന്റെ പടികയറി. ചങ്കിലേറ്റ ഉണങ്ങാത്ത മുറിവുമായി പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസ് പ്രിയപ്പെട്ടവരെ സ്വീകരിച്ചു. സഹപാഠി കഴുത്തറുത്ത് കൊന്ന നിതിനമോളുടെ കൊലപാതകംസൃഷ്ടിച്ച ശൂന്യതയിലേക്കായിരുന്നു സെന്റ് തോമസ് കോളേജ് തിങ്കളാഴ്ച തുറന്നത്. പ്രധാനകവാടം തുറക്കാതെ പടിഞ്ഞാറെ കവാടത്തിലൂടെ, നിതിനയുടെ ചോരചിതറിയ തണൽമരച്ചുവട്ടിലൂടെ അവളുടെ കൂട്ടുകാർ ക്ലാസുകളിലേക്കെത്തി.
ക്യാമ്പസിൽ ‘യെസ്’ കൾക്കൊപ്പം ‘നോ’കളെയും സ്വീകരിക്കാൻ തയ്യാറാകണമെന്ന യാഥാർഥ്യം മുറുകെപിടിച്ച് അവർ ഒന്നിച്ചിരുന്നു. ‘ഞങ്ങളുടെ സെന്റ് തോമസ് ഇങ്ങനെയല്ലായിരുന്നു’ എന്ന ബാനർ ഉയർത്തി വിയോജിപ്പുകളെ ജനാധിപത്യപരമായി സ്വീകരിക്കാമെന്ന എസ്എഫ്ഐയുടെ പ്രതിജ്ഞയോടെയായിരുന്നു ഈ തുടക്കം.
തിങ്കളാഴ്ച ക്ലാസ് മുറി പഠനം പുനരാരംഭിച്ച യുജി, പിജി വിദ്യാർഥികൾ ഉൾപ്പെടെ ആയിരത്തോളം കുട്ടികൾ കോളേജിലെത്തി.
ഫുഡ് പ്രോസസിങ് ടെക്നോളജിയിൽ നിതിനമോളുൾപ്പെടെ 46 പേരായിരുന്നു ആറാംസെമസ്റ്റർ പരീക്ഷ എഴുതാനുണ്ടായിരുന്നത്. വെള്ളിയാഴ്ച പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോഴായിരുന്നു അതേ ഹാളിൽ പരീക്ഷയെഴുതിയിറങ്ങിയ അഭിഷേക് ബൈജു നിതിനയുടെ ജീവനെടുത്തത്. രണ്ടാംദിവസമായ തിങ്കളാഴ്ച നിതിനയും അഭിഷേകുമൊഴികെ 44 പേർ പരീക്ഷ എഴുതി.