ഫെയ്സ്ബുക്കിനെതിരെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി മുൻ ജീവനക്കാരി. രണ്ട് വർഷക്കാലം ഫെയ്സ്ബുക്കിന്റെ സിവിക് ഇൻഫർമേഷൻ ടീമിൽ പ്രവർത്തിച്ചിരുന്ന പ്രൊഡക്‍ട് മാനേജർ ഫ്രാൻസിസ് ഹൗഗനാണ് ഫെയ്സ്ബുക്കിനെതിരെയുള്ള വിവരങ്ങൾ പുറത്തുവിട്ട് രംഗത്തെത്തിയത്. ഇൻസ്റ്റാഗ്രാമുമായി ബന്ധപ്പെട്ട ഗവേഷണ വിവരങ്ങൾ വാൾസ്ട്രീറ്റ് ജേണലിന് വെളിപ്പെടുത്തിയത് ഇവരായിരുന്നു.
സുപ്രധാന വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട സഹായങ്ങൾ നൽകുന്ന ലാഭേതര സംഘടനയായ വിസിൽബ്ലോവർ എയ്‌ഡിന്റെ സഹായത്തിലാണ് ഹൗഗൻ വിവരങ്ങൾ പുറത്തുവിട്ടത്.
കൗമാരക്കാരെ ഇൻസ്റ്റാഗ്രാം വിപരീതമായി ബാധിക്കുന്നുണ്ടെന്ന കണ്ടെത്തിയെന്ന ഇൻസ്റ്റാഗ്രാമിലെ ഗവേഷണ വിവരങ്ങൾ വലിയ വിവാദങ്ങൾക്കിടയാക്കിയതിന് പിന്നാലെ സ്വയം വെളിപ്പെടുത്തി ഹൗഗൻ രംഗത്തെത്തുകയായിരുന്നു. ഞായറാഴ്ച പുറത്തുവന്ന 60 മിനുട്ട്സുമായി നടത്തിയ അഭിമുഖ സംഭാഷണത്തിൽ ഫെയ്സ്ബുക്കിൽ താനറിഞ്ഞ പ്രശ്നങ്ങളെല്ലാം ഹൗഗൻ പങ്കുവെക്കുന്നു.
താൻ മുമ്പ് പല സോഷ്യൽ നെറ്റ് വർക്കുകൾ കണ്ടിട്ടുണ്ട്. എന്നാൽ ഫെയ്സ്ബുക്കിൽ സ്ഥിതി വളരെ ഗുരുതരമാണ്. സുരക്ഷയ്‍ക്ക് മേൽ ലാഭമുണ്ടാക്കുകയാണ് ഫെയ്സ്ബുക്ക് ചെയ്‌യുന്നത്. ഹൗഗൻ പറയുന്നു.
ഫെയ്സ്ബുക്കിലെ വിദ്വേഷ പ്രചരണം, വിഭജനമുണ്ടാക്കും വിധമുള്ള രാഷ്ട്രീയ പ്രസ്താവനകൾ, വ്യാജ വാർത്ത എന്നിവയുടെ ഉറവിടങ്ങൾ സംബന്ധിച്ച് ഫെയ്സ്ബുക്കിന് ധാരണയുണ്ടായിരുന്നുന്നും ഫെയസ്ബുക്ക് ആപ്പുകൾ ലോകമെമ്പാടുമുള്ള സമൂഹങ്ങളെ വിപരീതമായി ബാധിക്കുന്നുണ്ടെന്നും ഫെയ്സ്ബുക്കിന് അറിയാമായിരുന്നതായും ഹൗഗൻ പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു.
ഫെയ്സ്ബുക്കിൻ അൽഗൊരിതത്തിൽ വലിയ പ്രശ്നങ്ങളുണ്ടെന്ന് ഹൗഗൻ ചൂണ്ടിക്കാട്ടി. അഞ്ച് മിനിറ്റ് നേരം ഫെയ്സ്ബുക്ക് സ്ക്രോൾ ചെയ്‌യുന്ന ഒരാളെ കാണിക്കുന്ന ഉള്ളടക്കങ്ങളെല്ലാം അയാളുടെ മുൻകാലത്തെ ഇടപെടലുകളെ (engagement) അടിസ്ഥാനമാക്കിയാണ്. വ്യാജവാർത്തകളും, വിദ്വേഷ പ്രചാരണ സന്ദേശങ്ങളും മറ്റും ഈ രീതിയിൽ നിരന്തരം ആളുകളിലേക്ക് എത്തുന്നു. അത് അവരിൽ അതിവേഗം രോഷം വളർത്തുന്നു. 2020 ലെ യുഎസ് കാപിറ്റോൾ ആക്രമണവും ഹൗഗൻ ചൂണ്ടിക്കാണിക്കുന്നു.
ഫെയ്സ്ബുക്ക് പരസ്യ പ്രസ്താവനകളിലൂടെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പറയുന്ന കാര്യങ്ങളും പ്രവൃത്തിയും തമ്മിൽ യാതൊരുവിധ ബന്ധവുമില്ല എന്നും കാണിച്ച് യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷനിൽ ഹൗഗൻ പരാതി നൽകിയിട്ടുണ്ട്. 2020 ലെ തിരഞ്ഞെടുപ്പിന് ശേഷം വ്യാജ വാർത്തകൾ പ്രചരിക്കുന്നതിൽ ഫെയ്സബുക്കിന്റെ പങ്ക്, കൗമാരക്കാരുടെ മാനസികാരോഗ്യത്തിൽ ഫെയ്സ്ബുക്ക് ഉൽപന്നങ്ങളുടെ സ്വാധീനം എന്നിവ സംബന്ധിച്ച രേഖകളും അതിൽപെടുന്നു. സെനറ്റർ റിച്ചാർഡ് ബ്ലുമെന്താൾ, ഡി കോൺ, സെനറ്റർ മാർഷ ബ്ലാക്ക്ബൺ, ആർ-ടെൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ഇവർ ചില അനുബന്ധ രേഖകൾ കൂടി ഇവർക്ക് കൈമാറിയിട്ടുണ്ട്.
കൗമാരക്കാരെ ഫെയ്സ്ബുക്ക് എങ്ങനെ ബാധിക്കുന്നു എന്നതുമായി ബന്ധപ്പെട്ട് യുഎസ് കോൺഗ്രസ് അംഗങ്ങളുടെ ചോദ്യങ്ങൾക്കും ഹൗഗൻ മറുപടി പറയും.