ഉത്തര്പ്രദേശില് സമരം ചെയ്ത കര്ഷകരെ കാറിടിപ്പിച്ചും വെടിവെച്ചും കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ. കര്ഷകരെ വെറും രണ്ടുമിനിറ്റുകൊണ്ട് താന് പാഠം പഠിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര് മിശ്ര ദിവസങ്ങള്ക്ക് മുന്പ് ഭീഷണിമുഴക്കിയിരുന്നു. പിന്നാലെയാണ് അജയ് കുമാറിന്റെ മകന് ലഖിംപുര് ഖേരിയില് കര്ഷകര്ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയും വെടിയുതിര്ത്തും കൂട്ടക്കൊല നടത്തിയത്. ഞായറാഴ്ച ലഖിംപുര് ഖേരി ജില്ലയിലെ തിക്കുണിയയിലാണ് കര്ഷകര്ക്കിടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകന് ആശിഷ് മിശ്രയും ഗുണ്ടകളും വാഹനങ്ങള് ഇടിച്ചുകയറ്റിയത്.
‘സമരം ചെയ്യുന്ന കര്ഷകരെ പാഠംപഠിപ്പിക്കും. വെറും രണ്ടു മിനിറ്റ് കൊണ്ട് അവരെ ഞാന് ശരിപ്പെടുത്തും’- എന്നാണ് അജയ് കുമാര് മിശ്ര ഭീഷണി മുഴക്കിയത്. ഈ പ്രസ്താവനയ്ക്കെതിരെ കര്ഷകര് ശക്തമായ പ്രതിഷേധത്തിലായിരുന്നു. ഞായറാഴ്ച അജയ്കുമാര് മിശ്രയുടെ മണ്ഡലം ഉള്പ്പെടുന്ന ബന്വിര്പുര് ഗ്രാമത്തില് ചില പദ്ധതിയുടെ ഉദ്ഘാടനം ആസൂത്രണം ചെയ്തിരുന്നു. മുഖ്യാതിഥി ഉത്തര്പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയായിരുന്നു. മൗര്യ എത്തുന്ന ഹെലികോപ്റ്റര് ഇറങ്ങുന്ന മഹാരാജ അഗ്രാസേന് മൈതാനത്തിലെ ഹെലിപാഡിനു സമീപം കര്ഷകര് ഒത്തുകൂടി പ്രതിഷേധിച്ചു. സമരം മതിയാക്കി സ്ഥലംവിടാന് ബിജെപിക്കാര് ആക്രോശിച്ചത് വാക്കേറ്റത്തിനിടയാക്കി. ഇതിനിടെയാണ് ആശിഷ് മിശ്രയുടേത് ഉള്പ്പെടെ മൂന്ന് കാര് അമിതവേഗത്തില് കര്ഷകര്ക്കിടയിലേക്ക് ഓടിച്ചുകയറ്റിയത്.
നാല് കര്ഷകര് സംഭവസ്ഥലത്തുവെച്ച് മരിച്ചുവെന്നാണ് റിപ്പോര്ട്ടുകള്. എത്ര കര്ഷകര് മരിച്ചെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിരവധിപ്പേര്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് സംയുക്ത കിസാന് മോര്ച്ച നേതാക്കള് പറഞ്ഞു. സമരത്തില് പങ്കെടുത്ത പത്തൊമ്പതുകാരനായ ഗുരുവിന്ദര് സിങ് തലയ്ക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടത്.
അപകടമുണ്ടാക്കിയ വാഹനങ്ങള് തടയാന് കര്ഷകര് ശ്രമിച്ചപ്പോഴാണ് ആശിഷ് മിശ്രയും ഗുണ്ടകളും വെടിയുതിര്ത്തത്. സംയുക്ത കിസാന് മോര്ച്ച നേതാവ് തജിന്ദര് സിങ് വിര്ക്ക് ഉള്പ്പെടെ നിരവധിപേര്ക്ക് ഗുരുതര പരിക്കേറ്റു. സംഘര്ഷത്തിനിടയില് കാര് മറിഞ്ഞതിനെത്തുടര്ന്ന് മന്ത്രിയുടെ മകന്റെ കാറോടിച്ച ഡ്രൈവറും മരിച്ചു. നിരവധി വാഹനം അഗ്നിക്കിരയായി.
കേന്ദ്രമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാജ്യവ്യാപകമായി കര്ഷകര് പ്രക്ഷോഭം ആരംഭിച്ചു. വാര്ത്തകള് പുറത്തുപോകാതിരിക്കാന് ലഖിംപുര് മേഖലയില് അധികൃതര് ഇന്റര്നെറ്റ് മരവിപ്പിച്ചിട്ടുണ്ട്. സംഭവസ്ഥലത്തേക്ക് കൂടുതല് കര്ഷകര് പ്രവഹിക്കുന്നത് തടയാന് ജില്ലാ അതിര്ത്തികള് അടയ്ക്കാനും നീക്കം തുടങ്ങി. വന് പൊലീസ് സന്നാഹം പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പാലിയ, ഭിറാ, ബിജുവ, ഖജൗരിയ, സംപൂര്ണനഗര് തുടങ്ങിയ ഗ്രാമങ്ങളില്നിന്നും ആയിരക്കണക്കിനു കര്ഷകരാണ് കരിങ്കൊടിയുമേന്തി മഹാരാജ അഗ്രാസേന് മൈതാനത്ത് പ്രതിഷേധിച്ചത്.