ഗൂഗിൾ ഗ്ലാസ് എന്ന കണ്ണട ഓർമ്മയുണ്ടോ? 2011 -ൽ ഗൂഗിൾ ഇറക്കിയ ഈ ഉൽപ്പന്നം ഏത് ഉപയോഗത്തിനാണെന്നു ഗൂഗിളിനോ ഉപഭോക്താക്കൾക്കോ തന്നെ കൃത്യമായി അറിയില്ലായിരുന്നു. അത് തന്നെ ആയിരുന്നു ഗൂഗിൾ ഗ്ലാസിന്റെ ഒരു വലിയ ഒരു ന്യൂനതയും. 2012-ലെ TIME മാസികയുടെ അക്കൊല്ലത്തെ മികച്ച കണ്ടുപിടിത്തങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചതിനപ്പുറം വലുതായ ചലനങ്ങളൊന്നും ഉണ്ടാക്കാൻ ഈ സ്മാർട് കണ്ണടയ്‍ക്ക് സാധിച്ചില്ല. അതിനു ശേഷം സ്നാപ് ഇറക്കിയ സ്പെക്‍ടക്കിൾസ് എന്നൊരു സ്മാർട്ട് കണ്ണടയും വിപണിയിൽ എത്തി. ഈ കണ്ണടകളെ ഓർമ്മിപ്പിക്കുന്ന ഒരു പുതിയ ഉല്പന്നവുമായി ഫെയ്സ്ബുക്ക് ഇക്കഴിഞ്ഞ മാസം രംഗത്ത് വന്നു. റേ ബാൻ സ്റ്റോറീസ് എന്ന് പേരിട്ടിരിക്കുന്ന ഈ കണ്ണട പേര് സൂചിപ്പിക്കുന്നത് പോലെ റേ ബാനുമായുള്ള സഹകരണത്തോട് കൂടിയാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്.
കണ്ടാൽ സാധാരണ റേ ബാൻ കണ്ണട എന്ന് തോന്നിപ്പിക്കുന്ന ഈ സ്മാർട്ട് കണ്ണട ഉപയോഗിച്ച് വീഡിയോകളും ചിത്രങ്ങളും റിക്കോർഡ് ചെയ്‌യാനും, ഷെയർ ചെയ്‌യാനും, എന്തിനു അതിലെ സ്പീക്കറിലൂടെ പാട്ടു കേൾക്കാനും, കോൾ എടുക്കാനും ഒക്കെ സാധിക്കും. ഈ കണ്ണടയും ഇട്ടു നടക്കുന്നവർക്ക് മറ്റുള്ളവരുടെ സമ്മതം കൂടാതെ ചിത്രങ്ങളും വീഡിയോകളും എടുക്കാൻ സൗകര്യമുണ്ടാകും എന്നത് ഇതിന്റെ മറുവശം.
ഭാവിയിലെ ഇന്റർനെറ്റ് എന്നറിയപ്പെടുന്ന മെറ്റാ വേഴ്സ് (metaverse) എന്നൊരു സാങ്കൽപ്പിക ലോകമുണ്ട്. അവിടെയ്‍ക്കുള്ള ഫെയ്സ്ബുക്കിന്റെ വൻ കുതിപ്പായാണ് ഈ കണ്ണടയെ വിദഗ്ധർ വിശേഷിപ്പിക്കുന്നത്. റിയൽ, വെർച്വൽ, ഓഗ്മെന്റഡ് ലോകങ്ങളുടെ സംഗമമാണ് ഫെയ്സ്ബുക്കിന്റെ പ്രഖ്യാപിത ലക്ഷ്യം.
രഹസ്യ നിരീക്ഷണത്തിനുള്ള സാധ്യത
മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കാനുള്ള ഒരു സർവെയ്ലൻസ് ഉപകരണമായി ഈ കണ്ണട മാറില്ല എന്ന് ആര് കണ്ടു? നിങ്ങൾ പുറത്തിറങ്ങി നടക്കുമ്പോൾ ഇന്ന് തന്നെ നിരവധി സി-സി-ടി-വി കണ്ണുകളിൽ നിങ്ങളുടെ മുഖം പതിയുന്നുണ്ട്. അതാകട്ടെ ക്യാമറ കണ്ണുകൾ കണ്ടാലെങ്കിലും നമുക്ക് തിരിച്ചറിയാം. ഫെയ്സ്ബുക്കിന്റെ റേ ബാൻ കണ്ണട ഉപയോഗിച്ച് നിങ്ങളെ നിരീക്ഷിക്കുകയും, നിങ്ങളുടെ ചിത്രങ്ങളും വീഡിയോകളും എടുക്കുകയും ചെയ്താൽ നിങ്ങൾക്കത് മനസ്സിലാക്കാനുള്ള സാധ്യതയും കുറവാണ്.
റേ ബാൻ എന്ന് എഴുതിയ ഒരു കണ്ണടയ്‍ക്ക് വീഡിയോകൾ എടുക്കാനുള്ള കഴിവുണ്ടെന്ന് മറ്റുള്ളവർക്ക് അറിയണം എന്നില്ല. കാണുന്നതെന്തും സ്മാർട്ട് ഫോണോ കാമറയോ പുറത്തെടുക്കാതെ ഒപ്പിയെടുക്കാൻ സഹായിക്കുന്ന ഈ കണ്ണടയും ഭാവിയിൽ വരാനിരിക്കുന്ന സമാന കണ്ണടകളും നമ്മുടെ സാമൂഹിക ഇടപഴകലുകൾ തന്നെ മാറ്റിമറിക്കും. നമ്മൾ ഒരു ചിത്രമെടുക്കുമ്പോൾ, ഒരു വീഡിയോ എടുക്കുമ്പോൾ നമ്മുടെ ശ്രദ്ധ അതെടുക്കുന്ന ഫോണിൽ ആയിരിക്കും. മറ്റുള്ളവരിൽ ചിലരെങ്കിലും കാമറയിലേക്ക് ശ്രദ്ധിച്ചു ഒപ്പിയെടുത്ത സന്ദർഭത്തിലെ നാച്ചുറൽ അവസ്ഥ ഇല്ലാതാകുന്നത് സാധാരണമാണ്. ഫെയ്സ്ബുക്കിന്റെ കണ്ണടയുള്ളപ്പോൾ ആ പേടി വേണ്ട. ചിത്രമെടുക്കുന്നവരും, ചിത്രത്തിൽ പെടുന്നവരും എല്ലാം യാതൊരു അസ്വാഭിവകതയുമില്ലാതെ ഇതിന്റെ ഭാഗമാകുന്നു.
കാണുന്ന കാഴ്ച അതുപോലെ ഒപ്പിയെടുക്കാൻ
ഇപ്പോൾ തന്നെ ഓരോ നിമിഷവും ഫോണിൽ പകർത്തുന്ന നമ്മൾ, ഇടപഴകലുകൾ കുറച്ച് കണ്ണടയിലൂടെ നിമിഷങ്ങൾ ഒപ്പിയെടുക്കാനുള്ള സാധ്യതയുണ്ട്. അതും കണ്ണട ധാരി എങ്ങനെ കാണുന്നുവോ അങ്ങനെ തന്നെ ഒപ്പിയെടുക്കാൻ കഴിയുന്ന കണ്ണട-കാമറയും. കീശയിൽ നിന്ന് ഫോൺ എടുക്കാതെ, അതിവിടെയും വയ്‍ക്കാതെ തന്നെ കാണുന്നതെല്ലാം ഒപ്പിയെടുക്കാൻ സാധിക്കുന്ന, കോളുകൾ എടുക്കാൻ സാധിക്കുന്ന റേ ബാൻ സ്റ്റോറീസ് മൊബൈൽ ഫോണുകളെ തന്നെ ഇല്ലാതാക്കാനുള്ള ഫേസ്ബുക്കിന്റെ ലക്ഷ്യത്തിലേക്കുള്ള ഒരു ചവിട്ടു പടിയാണ്. ഫെയ്സ്ബുക്ക് വ്യൂസ് എന്ന ആപ്പുവഴി കണ്ണട ഒപ്പിയെടുത്ത ദൃശ്യങ്ങൾ ഫെയ്സ്ബുക്ക് അടക്കമുള്ള നിരവധി സമൂഹ മാദ്ധ്യമങ്ങൾ വഴി ലോകത്തോട് പങ്ക് വയ്‍ക്കാവുന്നതാണ്.
ഫെയ്സ്ബുക്കിന്റെ ലക്ഷ്യങ്ങൾ
റേ ബാൻ ബ്രാന്റിന്റെ സഹായത്തോടുകൂടി പല ലക്ഷ്യങ്ങളാണ് ഫെയ്സ്ബുക്ക് ഉന്നം വയ്‍ക്കുന്നത്. ഈ കണ്ണടയുടെ പ്രചാരവും വിൽപ്പനയും റേ ബാൻ കണ്ണടയുടെ വിൽപ്പന-വിതരണ ശൃംഖല വഴിയാക്കാനാണ് അവരുടെ ശ്രമം. റേ ബാന്റെ പേരും പ്രശസ്തിയും ഇതിനായി പ്രയോജനപ്പെടുത്താൻ ഫെയ്സ്ബുക്ക് ഉദ്ദേശിക്കുന്നു. ഫെയ്സ്ബുക്ക് കണ്ണട എന്നെഴുതിയിരുന്നെകിൽ കിട്ടുന്ന സ്വീകാര്യതയേക്കാളും കൂടുതൽ സ്വീകാര്യത ഇതുവഴി ലഭിക്കുമെന്ന് അവർ കണക്കുകൂട്ടുന്നു.
ഫെയ്സ്ബുക്ക് റിയാലിറ്റി ലാബിന്റെ ഇതടക്കമുള്ള സാങ്കേതിക വിദ്യ പരീക്ഷിക്കാൻ റേ ബാനുമായുള്ള കൂട്ടുകെട്ട് സ്വപ്നതുല്യമാണെന്നു പറയാതെ വയ്‌യ. സ്മാർട് കഴിവുകൾ വേണ്ടാത്ത സന്ദർഭങ്ങളിൽ ഈ കണ്ണടയെ സാധാരണ സൺ ഗ്ളാസ് ആയി ഉപയോഗിക്കാം എന്നത് ഫെയ്സ്ബുക്കിന്റെ Gear VR പോലെയുള്ള എമണ്ടൻ കണ്ണടകളിൽ നിന്ന് ഇതിന്റെ വിഭിന്നമാക്കുന്നു. ഫാഷനും ഡിജിറ്റൽ സാങ്കേതിക വിദ്യയും സംയോജിക്കുന്ന ഇത്തരം ഒരു ഉപഭോക്തൃ ഉൽപ്പന്നം അടുത്തെങ്ങും വിപണിയിൽ ഇറങ്ങിയിട്ടില്ല.
സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ ന്യൂനതയായ സ്ക്രീനിന്റെ വലുപ്പം എന്ന പ്രശ്നം സ്മാർട്ട് കണ്ണടകൾ പരിഹരിക്കുന്നു. ഓഗ്മെന്റഡ് റിയാലിറ്റിയും വെർച്വൽ റിയാലിറ്റിയും നിങ്ങളുടെ ചുറ്റുമുള്ള ലോകത്തെത്തന്നെ സ്ക്രീനാക്കുന്നു. ഹാർഡ്വെയർ മേഖലയിലും സോഫ്റ്റ്വെയർ മേഖലയിലും ഉണ്ടാകാൻ പോകുന്ന കുതിപ്പുകൾക്കൊപ്പം തന്നെ നിർമ്മിത ബുദ്ധി ഇമേജ് പ്രോസസിങ്ങ് സാങ്കേതിക വിദ്യയെ പരിപോഷിപ്പിക്കും. 5ജി അടക്കമുള്ള ഭാവി സാങ്കേതിക വിദ്യയും സ്മാർട്ട് കണ്ണടയിലൂടെ കാണുന്ന എക്സ്റ്റൻഡ് റിയാലിറ്റിയെ നമ്മളിലേക്ക് അടുപ്പിക്കും എന്നാണ് പ്രവചനങ്ങൾ. സ്മാർട്ട് ഫോണുകൾക്ക് ഇന്നുള്ള പ്രചാരത്തിന്റെ നിലയിലേക്ക് ഇത്തരം കണ്ണടകൾ എത്തുമെന്ന് വിദഗ്ദ്ധർ ആണയിട്ട് പറയുന്നു. Varjo XR-3, Lenovo ThinkReality A3, Snap Spectacles, Rayban Stories ഒക്കെത്തന്നെ നമുക്ക് ചുറ്റും നടന്ന് കൊണ്ടിരിക്കുന്ന ഒരു സാങ്കേതിക വിപ്ലവത്തിന്റെ അമരക്കാരാണ്.
റേ ബാൻ സ്റ്റോറീസ് എന്ന കണ്ണടയുടെ ഭാവി എന്താകുമെന്ന് കണ്ടറിയാം. സ്വകാര്യതയെ ഹനിക്കുന്ന ഒരു ഉൽപ്പന്നമായി ലോകം തിരസ്കരിക്കുമോ അല്ല അഞ്ചു മെഗാ പിക്സൽ കാമറയും, മുപ്പതു സെക്കന്റ് വീഡിയോകളും ഒക്കെ എടുക്കാൻ കഴിയുന്ന ഈ കണ്ണട വിജയത്തിന്റെ വെന്നിക്കൊടി പാറിപ്പിക്കുമോ എന്ന് വരും വർഷങ്ങളിൽ കാണാം.