വീട് മുഴുവൻ സഞ്ചരിക്കാനും ഓരോ മുക്കും മൂലയും പരിശോധിക്കാനും ഉൾപ്പടെ ഒരു സ്മാർട് ഡിസ്പ്ലേയുടെ സകല സൗകര്യങ്ങളും സാധ്യമാകുന്ന കുഞ്ഞൻ റോബോട്ടാണ് ആമസോൺ ആസ്ട്രോ. അടുത്തിടെയാണ് ആമസോൺ ഇത് അവതരിപ്പിച്ചത്.
കാഴ്ചയിൽ കുഞ്ഞനും ക്യൂട്ടുമായ ആമസോൺ ആസ്ട്രോ പക്ഷെ ഒരു പാട് സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തുന്നുണ്ടെന്നാണ് വിദഗ്ദർ പറയുന്നത്. ആസ്ട്രോയുടെ കണ്ണുകൾ നിരന്തരം നിങ്ങളെ കണ്ടുകൊണ്ടിരിക്കുകയാണ് എന്ന് അവർ ഓർമിപ്പിക്കുന്നു.
വലിയ രീതിയിലുള്ള ഒറു ഡാറ്റാ ശേഖരണ പ്രക്രിയയാണ് ഈ സാങ്കേതിക വിദ്യ നടത്തുന്നത്. നിങ്ങളുടെ വീട്ടിലുടനീളം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു റോബോട്ട് എന്തെല്ലാം വിവരങ്ങളാണ് ശേഖരിക്കുന്നത് എന്ന് ആർക്കറിയാം ? ഇലക്‍ട്രോണിക് ഫ്രണ്ടിയർ ഫൗണ്ടേഷനിലെ പോളിസി അനലിസ്റ്റായ മാത്യൂ ഗ്വാരിഗ്ലിയ പറഞ്ഞു.
999.99 ഡോളറാണ് ഇതിന്റെ വില. അമേരിക്കൻ വിപണിയിലാണ് ഇത് അവതരിപ്പിച്ചത്.
വീടിന്റെ സുരക്ഷ, കുട്ടികളുടെ സുരക്ഷ ഉൾപ്പടെ അലെക്സയുടെ സഹായം തേടുന്ന എന്ത് ആവശ്യത്തിനും ആസ്ട്രോ റോബോട്ടിനെ ആശ്രയിക്കാം. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഉപകരണമെന്ന നിലയിൽ ആസ്ട്രോയെ നിയന്ത്രിക്കുന്നത് പ്രത്യേകം തയ്‌യാറാക്കിയ രു ആപ്ലിക്കേഷനാണ്.
ഇന്റർനെറ്റുമായി ബന്ധിപ്പിച്ച് പ്രവർത്തിപ്പിക്കുന്ന ഉപകരണം എന്നനിലയിൽ സൈബർ കുറ്റവാളികൾ ഇതിലേക്ക് കടന്നുകയറാനും നിയന്ത്രണം കൈക്കലാക്കാനും സാധ്യതയുണ്ട്.
നേരത്തെ അലെക്സ എക്കോ സ്പീക്കറുകളും വീട്ടിലുള്ള ശബ്ദങ്ങളെല്ലാം കേൾക്കുന്നുണ്ടെന്നും ഇത് സ്വകാര്യതാലംഘനമാണെന്നുമെല്ലാമുള്ള വിവാദങ്ങളുണ്ടായിരുന്നു. പലതിലും ഇപ്പോഴും അന്വേഷണം നടക്കുന്നുമുണ്ട്.
അതേസമയം ഉപഭോക്താക്കളുടെ സ്വകാര്യത തങ്ങൾക്ക് ഏറെപ്രധാനമാണെന്നാണ് ആമസോൺ പറയുന്നത്. ആസ്ട്രോ അതിലെ വിവരങ്ങൾ ശേഖരിക്കുന്നതും കൈകാര്യം ചെയ്‌യുന്നതും അതിനുള്ളിൽ തന്നെയാണ്. മാത്രവുമല്ല വീട്ടിൽ ആസ്ട്രോ കടന്നുചെല്ലാൻ പാടില്ലാത്ത സ്ഥലങ്ങൾ നിശ്ചയിക്കാൻ ഉപഭോക്താവിന് സാധിക്കും. ക്യാമറയും മൈക്രോഫോണുകളും ഓഫ് ചെയ്‌യാനും സാധിക്കും.
ശബ്ദവും, ദൃശ്യങ്ങളും ക്ലൗഡിലേക്ക് സ്ട്രീം ചെയ്‌യുമ്പോൾ ഒരു ലൈറ്റ് ഇൻഡിക്കേറ്റർ പ്രവർത്തിക്കും. ആമസോൺ അക്കൗണ്ട് ഉപയോഗിച്ച് മൊബൈൽഫോണുമായി ബന്ധിപ്പിച്ചാൽ മാത്രമേ റോബോട്ടിൽനിന്നുള്ള ലൈവ് ക്യാമറാ ദൃശ്യങ്ങൾ ദൂരെ നിന്ന് കാണുകയുള്ളൂ എന്നുമെല്ലാം ആമസോൺ വ്യക്തമാക്കുന്നുണ്ട്.