ലോകത്ത് പല ജീവജാലങ്ങളും വംശനാശത്തിന്റെ വക്കിലാണ്. പലതും ഇതിനോടകം ലോകത്തോട് വിടപറഞ്ഞതായി ശാസ്ത്രലോകം തന്നെ അടുത്തിടെ വെളിപ്പെടുത്തുകയുണ്ടായി.
അതേസമയം ഹവായ് ദ്വീപിൽ നിന്ന് കാണപ്പെട്ടിരുന്ന വംശനാശം സംഭവിച്ചുവെന്ന് കരുതിയിരുന്ന പെന്റന്റ് കിഹി ഫേൺ എന്നറിയപ്പെടുന്ന ഒരു തരം പന്നൽ ചെടി (fern)യെ വീണ്ടും കണ്ടെത്തിയിരിക്കുയാണ്. തൊട്ടടുത്തുള്ള കവായ് (Kuai) ദ്വീപിൽ നിന്നാണ് ഇതിനെ കണ്ടെത്തിയത്.
അഡെനോഫോറസ് പെരിയെൻസ് എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. അഗ്നിപർവത ചെരിവുകളിലെ നനവുള്ള കാടുകളിലാണ് ഇവ കണ്ടുവരുന്നത്. മരത്തടികളിലാണ് ഇവ വളരുക. ഈ വർഷം കവായിൽ വെച്ച് ഹവായ് പ്ലാന്റ് എക്സ്റ്റിൻഷൻ പ്രിവൻഷൻ പ്രോഗ്രാം ആണ് ഈ സസ്യത്തെ കണ്ടെത്തുന്നത്.
ഹവായ് ദ്വീപിലുണ്ടായിരുന്ന എഡെനോഫോറസ് പെരിയൻസിന്റെ അവസാന ചെടി 2015 ൽ നശിച്ചിരുന്നു. ഇതോടെ ഈ സസ്യവിഭാഗം അപകടത്തിലാണെന്നും വംശനാശം സംഭവിച്ചിരിക്കാമെന്നും ശാസ്ത്രലോകം വിധിയെഴുതി. എന്നാൽ പുതിയ കണ്ടെത്തൽ വംശനാശം സംഭവിച്ചിരിക്കാനുള്ള സാധ്യത ഇല്ലാതാക്കി.
1994 ൽ ഈ വിഭാഗത്തിൽ പെടുന്ന 1300 ഓളം സസ്യങ്ങൾ ഹവായിൽ ഉണ്ടായിരുന്നു. എന്നാൽ 2012 ഓടെ ഹവായ് ദ്വീപിൽ 10 താഴെയായി കുറഞ്ഞു.
കവായ് ദ്വീപിൽ മൂന്നിടങ്ങളിൽ നിന്നായി അഞ്ച് ചെടികളാണ് ഇപ്പോൾ കണ്ടെത്തിയത്. ഈ ചെടികളിൽ നിന്ന് കൂടുതൽ സസ്യങ്ങൾ വളർത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.