നഷ്ടപ്പെട്ടുപോയെ ചാന്ദ്രശില അമേരിക്കൻ സംസ്ഥാനമായ ലൂയിസിയാനയ്‍ക്ക് തിരികെ ലഭിച്ചു. 1972 ലെ അപ്പോളോ മിഷനിൽ കൊണ്ടുവന്ന ശിലയാണ് ലൂയിസിയാന സ്റ്റേറ്റ് മ്യൂസിയത്തിൽ ചൊവ്വാഴ്ച തിരിച്ചെത്തിയത്. അവസാന ചാന്ദ്ര യാത്രാ പദ്ധതിയുടെ ഓർമയ്‍ക്കായി സംസ്ഥാന ഭരണകൂടങ്ങൾക്ക് സമ്മാനിച്ച ചാന്ദ്രശിലകളിൽ ഒന്നാണിത്.
പഴയ തടി ഉരുപ്പടികൾ പുനഃരുപയോഗം ചെയ്‌യുന്ന ഒരാളിന്റെ കൈയ്‌യിൽ നിന്നാണ് ഇത് കണ്ടെടുത്തത്. ചാന്ദ്രശില ഘടിപ്പിച്ച ഫലകത്തിലെ തടി ഉപയോഗിച്ച് തന്റെ തോക്കിന്റെ കേടുപാട് തീർക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാൾ എന്നാണ് റിപ്പോർട്ടുകൾ.
ഇത്തരത്തിൽ നൂറ് കണക്കിന് ചാന്ദ്രശിലാ ഭാഗങ്ങൾ വിവിധ സംസ്ഥാനങ്ങൾക്കും വിദേശരാജ്യങ്ങൾക്കുമായി 1970 കളിൽ അമേരിക്ക സമ്മാനിച്ചിരുന്നു. 1969 ൽ അപ്പോളോ 11 പദ്ധതിയിൽ ആദ്യമായി ചന്ദ്രനിലിറങ്ങിയ നീൽ ആംസ്ട്രോങ് ശേഖരിച്ച ശിലകളും ഇക്കൂട്ടത്തിൽ പെടുന്നു.
എന്നാൽ അവയിൽ നിരവധിയെണ്ണം കാണാതായി. ലൂയിസിയാന ആർട്ട് ആന്റ് സയൻസ് മ്യൂസിയത്തിലുണ്ടായിരുന്ന ശില എങ്ങനെയാണ് എപ്പോഴാണ് നഷ്ടമായത് എന്ന് വ്യക്തമല്ല.
15 വർഷം മുമ്പാണ് താൻ ഈ ഫലകം വാങ്ങിയത് എന്ന് ശിലാ ഫലകം കൈവശം വെച്ചിരുന്ന ഫ്ളോറിഡ സ്വദേശി പറയുന്നു. തന്റെ തോക്കുകൾ പുതുക്കി പണിയുന്നതിനാണ് ഇയാൾ ഇത്തരം പഴയ മര ഉരുപ്പടികൾ വാങ്ങി സുക്ഷിച്ചിരുന്നത്. അധികൃതർ ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.