മിൽകി സീ(പാൽക്കടൽ) പ്രതിഭാസത്തെ കുറിച്ച് ചിലപ്പോൾ നിങ്ങൾ കേട്ടിട്ടുണ്ടാവും. രാത്രികളിൽ കടൽ പരപ്പ് പ്രകാശപൂരിതമാകുന്ന പ്രതിഭാസമാണിത്. നൂറ്റാണ്ടുകളായി ഇതിന്റെ രഹസ്യം കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. ലോകം കടൽയാത്രകളെ മുഖ്യമായും ആശ്രയിച്ചിരുന്ന കാലത്ത് തന്നെ ഈ അജ്ഞാത കാഴ്ച നാവികരെ അമ്പരപ്പിച്ചിരുന്നു. പഴയകാല നാവികരുടെ അനുഭവസാക്ഷ്യങ്ങളിലൂടെയാണ് ഈ പ്രതിഭാസത്തെ ലോകം അറിയുന്നത്.
മത്സ്യകന്യക, കടൽ രാക്ഷസൻ പോലെയുള്ള അന്ധവിശ്വാസ കഥകൾ പ്രചാരത്തിലുണ്ടായിരുന്ന കാലത്ത് ഈ പ്രതിഭാസവും അത്തരത്തിലുള്ള ഒന്നായി യാത്രികർ വ്യാഖ്യാനിക്കുകയും വിശ്വസിച്ചുപോരുകയുമായിരുന്നു. അതേസമയം കടലിൽ പാൽ കലങ്ങിയത് പോലെയെന്നും മേഘമാണെന്നും മഞ്ഞാണെന്നുമെല്ലാം പഴയകാല നാവികർ ഈ കാഴ്ചയെ വിശദീകരിച്ചു പോന്നു.
എന്നാൽ ബയോലുമിനന്റ് ബാക്റ്റീരിയയാണ് ഈ പ്രതിഭാസത്തിന് കാരണമാകുന്നത് എന്നാണ് ശാസ്ത്ര വിശദീകരണം. അതായത് സ്വയം തിളങ്ങാൻ കഴിവുള്ള ബാക്ടീരിയകൾ. എന്നാൽ ഇത് നമ്മൾ വിചാരിക്കുന്ന പോലെ ലളിതമായൊരു പ്രക്രിയ അല്ല. ലക്ഷക്കണക്കിന് ഏക്കറുകൾ വരെ വ്യാപിച്ചുകിടക്കുന്ന മിൽകി സീ പ്രതിഭാസമുണ്ടാകാറുണ്ട്. അത് സംഭവിക്കണമെങ്കിൽ എണ്ണമറ്റ അത്രയും ബാക്ടീരിയകളുടെ സാന്നിധ്യം അവിടങ്ങളിൽ ഉണ്ടാവേണ്ടതായുണ്ട്.
അപൂർവ്വമായും അപ്രതീക്ഷിതമായും മാത്രം പ്രത്യക്ഷപ്പെടുന്നതിനാൽ തന്നെ ഈ പ്രതിഭാസത്തെ പിന്തുടർന്ന് പഠിക്കാൻ ശാസ്ത്രലോകത്തിന് സാധിച്ചിരുന്നില്ല. എന്നാൽ മിൽക്കി സീ പ്രതിഭാസത്തെ കണ്ടെത്താൻ ഒരു ഉപഗ്രഹസാങ്കേതിക വിദ്യ കണ്ടെത്തിയിരിക്കുകയാണ് കൊളറാഡോ സ്റ്റേറ്റ് സർവകലാശാലയിലെ സീനിയർ റിസർച്ച് സൈന്റിസ്റ്റായ സ്റ്റീവ് മില്ലറും സംഘവും.
ഉപഗ്രഹങ്ങളുടെ സഹായത്താൽ മിൽകി സീ പ്രതിഭാസം പ്രത്യക്ഷമാകുന്നയിടങ്ങളിലേക്ക് ഗവേഷക സംഘത്തിന്റെ കപ്പലുകളെ അയച്ച് പഠനങ്ങൾ നടത്താനാകുമെന്ന് സ്റ്റീവ് മില്ലർ പറയുന്നു.
1995 ൽ സൊമാലിയൻ തീരത്തുകൂടി പോവുകയായിരുന്ന ലിമ എന്ന കപ്പലിലെ കപ്പിത്താൻ 15 മിനിറ്റ് നേരം നീണ്ടുനിന്ന തിളക്കം കടലിൽ കണ്ടതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അക്കാലത്തെ ഉപഗ്രഹ ചിത്രങ്ങളിൽ മില്ലർ പരിശോധന നടത്തി. ഈ ചിത്രങ്ങളിൽ കടലിൽ ചില പാടുകൾ കണ്ടെത്താൻ അദ്ദേഹത്തിനായി. ആദ്യമായാണ് കടലിലെ ഈ അപൂർവ പ്രതിഭാസം ഔദ്യോഗികമായി രേഖപ്പെടുത്തുന്നത്. 15000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടന്ന മിൽകി സീ പ്രതിഭാസമായിരുന്നു അത്.
കാലങ്ങളോളം ശാസ്ത്രലോകത്തെ അമ്പരപ്പിച്ച ഈ പ്രതിഭാസത്തെ നിരീക്ഷിച്ച് കണ്ടുപിടിക്കാനൊരു വഴി കണ്ടെത്തുക മാത്രമാണ് മില്ലറും സംഘവും ചെയ്തിരിക്കുന്നത്. പ്രതിഭാസത്തിന് കാരണമാകുന്ന ബാക്ടീരിയകൾ എന്തിന് വേണ്ടിയാണ് ഈ രീതിയിൽതിളങ്ങുന്നതെന്നോ, എങ്ങനെയാണ് അത് സംഭവിക്കുന്നതെന്നോ വിശദീകരിക്കാൻ ഇനിയും വിശദപഠനങ്ങൾ നടത്തേണ്ടിയിരിക്കുന്നു.