ഇന്ത്യയിലുടനീളമുള്ള ചെറു നഗര പ്രദേശങ്ങളിൽ വിലകൂടിയ ഫോണുകൾക്ക് ആവശ്യക്കാരേറുന്നു. 40000 രൂപയോ അതിന് മുകളിലോ വിലയുള്ള സ്മർട്ഫോണുകളുടെ ആവശ്യക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അടുത്തിടെ പുറത്തിറങ്ങിയ സാംസങ് ഫ്ളിപ് ഫോണും, ആപ്പിളിന്റെ ഐഫോൺ 13 പരമ്പരയുമെല്ലാം ഇക്കൂട്ടത്തിൽപെടും.
കോവിഡ് വ്യാപനത്തിന് മുമ്പ് 2019 ൽ ഉണ്ടായിരുന്നതിനേക്കാൾ ആവശ്യക്കാരുടെ എണ്ണത്തിൽ 50 ശതമാനം വർധനവുണ്ടായിട്ടുണ്ടെന്ന് ഇടി ടെലികോം റിപ്പോർട്ടിൽ പറയുന്നു. ബ്രാന്റുകൾ കൂടുതൽ പരിചിതമായതും, നോ കോസ്റ്റ് ഇഎംഐയുടെ ലഭ്യത, കോവിഡ് കാലത്ത് സ്മാർട്ഫോണുകൾക്ക് ആവശ്യമേറിയതും, വലിയ ഡിസ്പ്ലേയുള്ള സ്ക്രീനുകൾ വാങ്ങാനുള്ള ആഗ്രഹവുമെല്ലാം ഈ വർധനവിന് കാരണമായിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
വിലകൂടിയ ഫോണുകളുടെ ഉപയോഗത്തിൽ മെട്രോ നഗരങ്ങളും ചെറുനഗരങ്ങളും തമ്മിൽ അന്തരം വർഷാവസാനത്തോടെ കുറയുമെന്നാണ് അനലറ്റിക്സ് സ്ഥാപനമായ പ്രെഡ്ക്റ്റിവിയു പറയുന്നത്.സ്മാർട്ഫോൺ വ്യവസായരംഗം അസംസ്കൃത വസ്തുക്കളുടെ ക്ഷാമം നേരിട്ടില്ലായിരുന്നുവെങ്കിൽ ഈ അന്തരം വളരെയേറെ കുറയുമായിരുന്നുവെന്നും അവർ പറയുന്നു.
കേരളം, തമിഴ്നാട്, കർണാടക, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളെ ചെറു നഗരങ്ങളിലെല്ലാം പ്രീമിയം, മിഡ് പ്രീമിയം ഫോണുകളുടെ ജനപ്രീതിയിൽ വർധനവുണ്ടായിട്ടുണ്ട്.