സ്മാർട്ഫോണുകളുടെ സ്ക്രീൻ വലിപ്പം കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സ്ക്രീൻ നോച്ചും, ഇൻവിസിബിൾ ക്യാമറയുമെല്ലാം രംഗപ്രവേശം ചെയ്യുന്നതിന് വഴിവെച്ചത്. നോച്ച് സ്ക്രീൻ സ്മാർട്ഫോൺ ആദ്യമായി അവതരിപ്പിച്ചത് ഐഫോൺ ടെന്നിൽ ആണെങ്കിലും പിന്നീട് മൂന്ന് തലമുറ ഐഫോൺ പരമ്പരകൾ ഇറങ്ങിയിട്ടും അന്ന് അവതരിപ്പിച്ച നോച്ചിൽ നിന്ന് കാര്യമായ മാറ്റം ഇതുവരെ വന്നിട്ടില്ല. എന്നാൽ ആൻഡ്രോയിഡ് ഫോണുകളിൽ വാട്ടർ ഡ്രോപ്പ് നോച്ചും, പഞ്ച് ഹോളും, ഇൻവിസിബിൾ ക്യാമറയും പോപ് അപ്പ് ക്യാമറയുമെല്ലാം അതിവേഗം പരീക്ഷിച്ച് മുന്നേറുകയും ചെയ്തു.
അടുത്തിടെ പുറത്തിറക്കിയ ഐഫോൺ 13 ലെ നോച്ചിലും കാര്യമായ മാറ്റം വരുത്താൻ ആപ്പിൾ തയ്യാറായിട്ടില്ല. എന്നാൽ ഇനി വരാൻ പോവുന്ന ഐഫോൺ 14 ലെ പ്രധാന മാറ്റങ്ങളിലൊന്ന് സ്ക്രീൻ നോച്ച് തന്നെയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.
ഐഫോൺ 14 ൽ നോച്ചിന് പകരം പഞ്ച് ഹോൾ ഡിസ്പ്ലേ ആയിരിക്കുമെന്നും 48 മെഗാപിക്സൽ വൈഡ് ലെൻസ് റിയർ ക്യാമറ സംവിധാനത്തിലുണ്ടാകുമെന്നുമാണ് ആപ്പിൾ അനലിസ്റ്റായ മിങ് ചി കുവോയുടെ അഭിപ്രായപ്പെടുന്നത്.
ഫോണിന്റെ സ്ക്രീനിൽ സെൽഫി ക്യാമറ സ്ഥാപിക്കുന്നതിനായി ചെറിയൊരു വൃത്തം മാത്രം ഒഴിച്ചിടുന്നതിനെയാണ് പഞ്ച് ഹോൾ ഡിസൈൻ എന്ന് പറയുന്നത്. നിലവിൽ ഫോണിന്റെ നോച്ചിൽ നൽകിയിരിക്കുന്ന ഫെയ്സ് ഐഡി സെൻസറുകളും മറ്റും പഞ്ച് ഹോൾ സ്ക്രീനിന്റെ അടിയിലേക്ക് മാറും. സാംസങിന്റെ പല ഫോണുകളിലും ഈ രീതിയിലാണ് സെൽഫി ക്യാമറ സ്ഥാപിക്കുന്നത്.
ഐഫോൺ 13 ൽ 12 മെഗാപിക്സൽ സെൻസറുകളുള്ള ട്രിപ്പിൾ ക്യാമറ മോഡ്യൂൾ ആണുള്ളത്. ഇതിൽ നിന്നും 48 എംപി ക്യാമറയിലേക്ക് അടുത്ത ഫോൺ അപ്ഗ്രേഡ് ചെയ്യുമെന്നും കുവോ നിരീക്ഷിക്കുന്നു.
പതിവുപോലെ അടുത്ത വർഷവും സെപ്റ്റംബർ ഒക്ടോബർ മാസത്തോടെ ആയിരിക്കും ഐഫോൺ 14 സ്മാർട്ഫോണുകൾ പുറത്തിറക്കുക. കൂടാതെ മൂന്നാം തലമുറ ഐഫോൺ എസ്ഇ 5ജിയും അടുത്തവർഷം അവതരിപ്പിക്കുമെന്നും കുവോ പറയുന്നു.