വികസിച്ചുകൊണ്ടിരിക്കുന്നൊരു സാങ്കേതിക വിദ്യയാണ് ഓഗ്മെന്റഡ് റിയാലിറ്റി. ഈ സാങ്കേതിക വിദ്യ ഇനിയും അതിന്റെ പൂർണതയിൽ എത്തിയിട്ടില്ലെങ്കിലും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ബഹിരാകാശത്തും ഓഗ്മെന്റഡ് റിയാലിറ്റി സാധ്യതകൾ പരീക്ഷിക്കുകയാണ് സാങ്കേതികരംഗം.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനുമായി എആർ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനാണ് നാസയുടെ ശ്രമം. ഇതുവഴി ബഹിരാകാശഗവേഷകർക്ക് ഗ്രൗണ്ട് കൺട്രോളുമായി നിരന്തരം ബന്ധപ്പെടേണ്ടി വരുന്നത് ഒഴിവാക്കാമെന്നും തങ്ങളുടെ ജോലിയിൽ ശ്രദ്ധിക്കാനാവുമെന്നും നാസ പറയുന്നു.
ഈ രീതിയിലുള്ള സാങ്കേതിക വിദ്യകളുടെ പ്രയോജനം ഏറെയാണ്. പ്രത്യേകിച്ചും ബഹിരാകാശ യാത്രകളിൽ അറ്റകുറ്റപ്പണികളും പരിപാലനവും ഒഴിച്ചുകൂടാനാവത്തതാണ്. പരിമിതമായ വിഭവങ്ങളുടെ പിന്തുണയിലാണ് ബഹിരാകാശ നിലയത്തിൽ യാത്രികർ കഴിയുന്നത്. അതുകൊണ്ടുതന്നെ നിലയത്തിന്റെ പ്രവർത്തനം നിലയ്‍ക്കാതെ നോക്കേണ്ടതുണ്ട്. നിരന്തര അറ്റകുറ്റപ്പണികൾ അനിവാര്യമാണ്.
നാസയുടെ ടി2 ഓഗ്മെന്റഡ് റിയാലിറ്റി പ്രൊജക്‍ടിന്റെഭാഗമായി ബഹിരാകാശ നിലയത്തിലെ ഗവേഷകർക്കെല്ലാം എആർ ഗ്ലാസുകൾ നൽകും. ഈ ഗ്ലാസിലൂടെയാണ് ഇവർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുക. ചെയ്‌യേണ്ട ജോലികളുടെ ക്രമവും, ബ്ലൂ പ്രിന്റുകളും ഈ ഗ്ലാസുകളിലൂടെ ബഹിരാകാശ ഗവേഷകർക്ക് കാണാം.
ഇതുവഴി ഗ്രൗണ്ട് കൺട്രോളുമായി ആശയവിനിമയം നടത്താതെ ഈ പരിപാലന ജോലികളിൽ ഏർപ്പെടുമ്പോൾ ബഹിരാകാശ സഞ്ചാരികൾക്ക് തീരുമാനങ്ങൾ എടുക്കുന്നത് എളുപ്പമാവും.
ഇന്ന് നമ്മൾ സാധാരണമായി ഉപയോഗിക്കുന്ന പല സാങ്കേതിക വിദ്യകളും ആദ്യമായി പ്രയോഗിക്കപ്പെടുന്ന ഇടമാണ് ബഹിരാകാശനിലയം. ഓഗ്മെന്റഡ് റിയാലിറ്റി വെർച്വൽ റിയാലിറ്റി സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താനുള്ള പദ്ധതികളിലാണ് നാസ.