മനാമ> സ്വകാര്യ മേഖലയില് സ്വദേശികള്ക്ക് കൂടുതല് തൊഴിലവസരം ഉറപ്പാക്കാന് യുഎഇ വിവിധ പദ്ധതികള് പ്രഖ്യാപിച്ചു. അഞ്ച് വര്ഷം കൊണ്ട് 10 ശതമാനം സ്വദേശിവല്ക്കരണം നടപ്പാക്കും. നഴ്സിങ് മേഖലയില് അഞ്ച് വര്ഷത്തിനകം 10,000 സ്വദേശികളെ നിയമിക്കും. സ്വകാര്യ മേഖലയില് 75,000 സ്വദേശികള്ക്കു തൊഴിലവസരം ഉറപ്പാക്കും. ഇതിന് 2400 കോടി ദിര്ഹം അനുവദിച്ചു.
കമ്പനികളുമായി സഹകരിച്ച് സ്വദേശികള്ക്ക് തൊഴില് പരിശീലന പരിപാടി ആരംഭിക്കും. പരിശീലനം നേടുന്നവര്ക്ക് ബോണസ് അനുവദിക്കും. പരിശീലന പരിപാടികള്ക്കായി 125 കോടി ദിര്ഹം വകയിരുത്തി.സ്വദേശിവല്ക്കരണത്തിന് 13 പദ്ധതികള് അടങ്ങിയ നാഫിസ് പ്രോഗ്രാം ആവിഷ്കരിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലേക്ക് സ്വദേശികളെ ആകര്ഷിക്കാന് നിരവധി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. സ്വദേശി ജീവനക്കാരുടെ പെന്ഷന് ഫണ്ട് വിഹിതം 5 വര്ഷത്തേക്ക് സര്ക്കാര് വഹിക്കും, കൂടാതെ ഇവര്ക്ക് ആദ്യ 5 വര്ഷങ്ങളില് റിട്ടയര്മെന്റ് ഫണ്ടിലേക്കുള്ള തൊഴിലുടമയുടെ വിഹിതത്തിലും ഭൂരിഭാഗവും സര്ക്കാര് വഹിക്കും.
നഴ്സിങ്, പ്രോഗ്രാമിങ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളില് ജോലി ചെയ്യുന്ന സ്വദേശികള്ക്ക് 5 വര്ഷത്തേക്കു വേതനത്തിനു പുറമേ പ്രതിമാസം 5,000 ദിര്ഹം (ഏകദേശം ഒരു ലക്ഷം രൂപ) ബോണസ് നല്കും. ജോലിയില് നിന്ന് അവധിയെടുത്ത് സംരംഭങ്ങള് തുടങ്ങാന് വായ്പ അനുവദിക്കും. ജോലി നഷ്ടപ്പെടുന്ന സ്വദേശികള്ക്ക് ആറു മാസംവരെ സാമ്പത്തിക സഹായം നല്കും.
യൂണിവേഴ്സിറ്റി വിദ്യാര്ത്ഥികള്ക്ക് പ്രതിമാസ ശമ്പളമായി 8,000 ദിര്ഹം അനുവദിക്കും.
സ്വദേശികള്ക്ക് ജോലിക്കുശേഷം 5 വര്ഷത്തെ കാലയളവില് പ്രതിമാസം പരമാവധി 5,000 ദിര്ഹം വരെ നല്കും.
2019 സെപ്തംബറിലാണ് യുഎഇ സ്വദേശിവല്ക്കരണം (എമിറേറ്റൈസേഷന്) വര്ധിപ്പിക്കാന് തുടങ്ങിയത്. നഴ്സിങ് രംഗത്തെ സ്വദേശിവല്ക്കരണം മലയാളികളെ സാരമായി ബാധിച്ചേക്കും. സുവര്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് സര്ക്കാര് പുതിയ പദ്ധതികള് പ്രഖ്യാപിച്ചത്.